'100 കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്ന ഡാന്‍സ് ടീച്ചര്‍മാരെ ഒറിജിനല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റിനൊപ്പം ടൈറ്റില്‍ അവാര്‍ഡും ഗോള്‍ഡ് കോയിനും നല്‍കി ആദരിക്കും': കൊച്ചിയിലെ മൃദംഗ നാദം പരിപാടിയില്‍ കുട്ടികളെ ചാക്കിട്ട് പിടിക്കാന്‍ ഡാന്‍സ് ടീച്ചര്‍മാരുടെ വാശി കൂട്ടിയത് മോഹനവാഗ്ദാനം; സംഘാടകര്‍ പദ്ധതിയിട്ടത് വലിയ ബിസിനസ്
മൃദംഗ നാദം പരിപാടിയില്‍ കുട്ടികളെ ചാക്കിട്ട് പിടിക്കാന്‍ ഡാന്‍സ് ടീച്ചര്‍മാരുടെ വാശി കൂട്ടിയത് മോഹനവാഗ്ദാനം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരിക്കുകയാണ്. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. അതേസമയം, സംഘാടകരായ മൃദംഗ വിഷന്‍, ഓസ്‌കാര്‍ ഇവന്റ്സ് ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
അതിനിടെ, മൃദംഗനാദത്തില്‍ കുട്ടികളെ കൊണ്ടുവരാന്‍ ഡാന്‍സ് ടീച്ചര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയതായി വ്യക്തമായി. നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാന്‍സ് ടീച്ചര്‍മാര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം നല്‍കുമെന്നായിരുന്നു സംഘാടകരുടെ വാഗ്ദാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡാന്‍സ് ടീച്ചര്‍മാരാണ് കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ഇതിനായി ഓരോ കുട്ടിയില്‍ നിന്നും 7000 മുതല്‍ 8000 രൂപ വരെ വാങ്ങുകയും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പണം നല്‍കിയവരുടെയും നല്‍കാത്ത കുട്ടികളുടെയും പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ബാക്കി പണം നിര്‍ബന്ധമായി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. 1600 രൂപയാണ് രണ്ടാം ഗഡുവായി കുട്ടികളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഇത് നവംബര്‍ രണ്ടാം തീയതിക്കുള്ളില്‍ നിര്‍ബന്ധമായും അടയ്ക്കണമെന്നും ഈ പണം തന്നാല്‍ മാത്രമേ പരിപാടിക്കുള്ള കോസ്റ്റ്യൂം ലഭിക്കുകയുളളൂവെന്നും ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
100 കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്ന ഡാന്‍സ് ടീച്ചര്‍മാരെ ഒറിജിനല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റിനൊപ്പം ടൈറ്റില്‍ അവാര്‍ഡും ഗോള്‍ഡ് കോയിനും നല്‍കി ആദരിക്കും എന്നായിരുന്നു മൃദംഗനാദം ടീമിന്റെ അറിയിപ്പ്. 50 പേരെയും, 25 പേരെയും ചേര്‍ക്കുന്നവര്‍ക്കും സമാന രീതിയില്‍ വാഗ്ദാനമുണ്ടായിരുന്നു.
അതേ സമയം മൃദംഗമിഷന്റെ മെഗാ നൃത്ത പരിപാടിയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി കല്ല്യാണ്‍ സില്‍ക്സ് രംഗത്തെത്തി. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്സ് ആവശ്യപ്പെട്ടു. കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കല്യാണ്‍ സില്‍ക്സ്, സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാര്‍ത്തക്കുറിപ്പ് ഇറക്കി പ്രതികരണം അറിയിച്ചത്.
മൃദംഗനാദം സംഘാടകര്‍ 12,500 സാരിക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്നും പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാണ്‍ സില്‍ക്സ് സാരി നിര്‍മിച്ച് നല്‍കുകയായിരുന്നുവെന്നും കല്യാണ്‍ സില്‍ക്സ് പറയുന്നു. ഇതിനായി ഈടാക്കിയത് 390 രൂപയാണ്. എന്നാല്‍ പിന്നീടാണ് ഈ സാരിക്ക് സംഘാടകര്‍ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ഡിസംബര്‍ 29 വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നത്.