കോഴിക്കോട്ട് ഡോക്ടര്‍മാരുണ്ടെങ്കിലും എംടിക്ക് സമാധാനം വടകരയില്‍ പോയി പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കാണുന്നത്; വിശേഷിപ്പിച്ചിരുന്നത് കൊട്ടാരം വൈദ്യനെന്ന്; പുനത്തിലിനാകട്ടെ എംടി ഗുരുവും; മെഡിക്കല്‍ ഷോപ്പും പുസ്തക കടയും തുടങ്ങാന്‍ എംടിയെ പിരികേറ്റിയതും ശിഷ്യന്‍ തന്നെ

പുനത്തിലിന്റെ ഗുരു, എംടിയുടെ ശിഷ്യന്‍

Update: 2024-12-25 17:39 GMT

കോഴിക്കോട്: എംടിയോട് ഏറ്റവും അടുത്തുപെരുമാറിയ എഴുത്തുകാരനും സുഹൃത്തും ശിഷ്യനുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. എം ടി തനിക്ക് ഗുരുതുല്യന്‍ എന്നാണ് എല്ലായ്പ്പോഴും കുഞ്ഞിക്ക വിശേഷിപ്പിച്ചിട്ടുള്ളത്. 'എന്റെ ഒരേയൊരു ഗുരു, എഴുത്തിലും ജീവിതത്തിലും എം.ടി.യാണ്' എന്ന് പുനത്തില്‍ പറയുമായിരുന്നു.

പുനത്തില്‍ എഴുതിയ 'കല്യാണരാത്രി' എന്ന ആദ്യകഥ മാതൃഭൂമി ബാലപംക്തിക്കയച്ചപ്പോള്‍, എം.ടി. വാസുദേവന്‍ നായരായിരുന്നു ബാലപംക്തിയും കൈകാര്യം ചെയ്തിരുന്നത്. പുനത്തിലിനെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുതിര്‍ന്നവരുടെ പംക്തിയില്‍ അച്ചടിച്ചുവന്നു.

ഇടക്കാലത്ത് എം ടി രോഗാതുരനായപ്പോള്‍ ചികിത്സാകാര്യങ്ങളില്‍ മുന്‍കൈയെടുത്തതും പുനത്തിലായിരുന്നു. തന്റെ കൊട്ടാരം വൈദ്യനായിരുന്നു പുനത്തില്‍ എന്നാണ് എംടി എഴുതിയത്. 'പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി' എന്ന പുസ്തകത്തിന് എം.ടി എഴുതിയ അവതാരികയില്‍ പറയുന്നത് ഇങ്ങനെ:

'പുനത്തില്‍ കുഞ്ഞബ്ദുള്ള എന്റെ കൊട്ടാരംവൈദ്യനായിരുന്നു. ഞാനത് കുഞ്ഞബ്ദുള്ളയോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കോഴിക്കോട്ട് ഞാനറിയുന്ന പല ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വടകരയില്‍ പോയി കുഞ്ഞബ്ദുള്ളയെ കണ്ടാല്‍ എല്ലാം ശരിയാവും എന്ന വിശ്വാസമായിരുന്നു എനിക്ക്. എനിക്കെന്തെങ്കിലും ചില്ലറ അസുഖങ്ങള്‍ ഉണ്ടെന്നു തോന്നുമ്പോള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കുഞ്ഞബ്ദുള്ളയെ യായിരുന്നു. അതിനായി ഞാന്‍ കുഞ്ഞബ്ദുള്ളയുടെ വടകരയിലെ വീട്ടില്‍ പോയി പലതവണ താമസിച്ചിട്ടുണ്ട്. ഒരാഴ്ചവരെയൊക്കെ ഇങ്ങനെ തങ്ങുമായിരുന്നു. അതിനിടയ്ക്ക് ചില മരുന്നൊക്കെ തരും.

ചികിത്സയ്ക്കു മാത്രമല്ല അവിടെ പോവുന്നത്. പല വര്‍ത്തമാനങ്ങളും പറയാം. ആ വീട്ടിലെ ഭക്ഷണം കഴിക്കാം. അങ്ങനെയായിരുന്നു. കുഞ്ഞബ്ദുള്ള മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയായ കാലംമുതല്‍ എനിക്കറിയാം. അന്ന് മാതൃഭൂമി ഓഫീസില്‍ എന്നെ വന്നു കണ്ട് കഥകള്‍ തന്നിട്ടുണ്ട്. ബാലപംക്തിയിലേക്ക് തന്ന കഥ മുതിര്‍ന്നവരുടെ കൂട്ടത്തില്‍ പ്രസിദ്ധീകരിച്ചു. പിന്നെ കുഞ്ഞബ്ദുള്ള എം.ബി.ബി.എസ്. പഠിക്കാന്‍ അലിഗഢിലേക്കു പോയി. അക്കാലത്തൊരിക്കല്‍ ഞാന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ അലിഗഢ് സര്‍വകലാശാലയില്‍ പ്രസംഗിക്കണമെന്നു പറഞ്ഞ് കുഞ്ഞബ്ദുള്ള എന്നെ ക്ഷണിച്ചു. അന്ന് ഡല്‍ഹിയില്‍ മുകുന്ദനും സേതുവും ഉണ്ടായിരുന്നു. ഞാന്‍ ഡല്‍ഹിയിലെ കാര്യങ്ങള്‍ കഴിഞ്ഞ് അലിഗഢില്‍ പോയി പ്രസംഗിച്ചു. അന്ന് അവരുടെലൈബ്രറി കാണിക്കാന്‍ കുഞ്ഞബ്ദുള്ള എന്നെ കൊണ്ടുപോയി.

ഒരിക്കല്‍ കുഞ്ഞബ്ദുള്ള എന്നെ വന്നുകണ്ട് പറഞ്ഞു, രണ്ടാഴ്ചയായി ഒന്നും എഴുതാന്‍ കഴിയുന്നില്ല. മനസ്സിന് ആകപ്പാടെ ഒരസ്വസ്ഥത എന്ന്. ഞാനതിന്റെ പിറ്റേന്ന് മദ്രാസില്‍ പോകാനിരിക്കുകയായിരുന്നു. എന്റെ കൂടെ മദ്രാസിലേക്ക് വന്നോളൂ, നമുക്കവിടെയൊക്കെ ഒന്നു കണ്ടുവരുമ്പോള്‍ മനസ്സ് ശരിയാവും എന്നു പറഞ്ഞപ്പോള്‍ കൂടെ വന്നു. ഞാന്‍ താമസിച്ച ഹോട്ടലില്‍ എന്റെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ കുഞ്ഞബ്ദുള്ളയെയും താമസിപ്പിച്ചു. പകല്‍ എനിക്കവിടെ ഓരോ കാര്യങ്ങളുണ്ടാവും. ഇതിനിടയ്ക്ക് എന്നെ കാണാന്‍ വരുന്ന സുഹൃത്തുക്കളെ കുഞ്ഞബ്ദുള്ളയ്ക്കും പരിചയപ്പെടുത്തും. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്നോട് കുഞ്ഞബ്ദുള്ള പറഞ്ഞു. ഞാനിതിനിടയ്ക്ക് ഹോട്ടലില്‍ ഇരുന്ന് ഒരു കഥയെഴുതി. ഇപ്പോള്‍ മനസ്സിന് നല്ല സമാധാനം. ആ പഴയ മൗഢ്യമൊക്കെ പോയി. ഉന്മേഷം തോന്നുന്നു എന്ന്.

മദ്രാസില്‍ ചലച്ചിത്രരംഗത്തെ ഒരു സുഹൃത്ത് എന്നെ താജ് ഹോട്ടലില്‍ അത്താഴവിരുന്നിനു ക്ഷണിച്ചു. ബുഫേ ഡിന്നര്‍ ആയിരുന്നു അത്. ഞാന്‍ സുഹൃത്തിനോടു പറഞ്ഞു, ബുഫേ ആവുമ്പോള്‍ എത്രവേണമെങ്കിലും കഴിക്കാമെന്നാണല്ലോ. നന്നായി ഭക്ഷണം കഴിക്കുന്നവര്‍ വന്നാലേ കാര്യമുള്ളൂ. കുഞ്ഞബ്ദുള്ള നല്ല ഭക്ഷണപ്രിയനായതിനാല്‍ അദ്ദേഹത്തെയും കൂട്ടാമെന്ന്. അങ്ങനെ ഞങ്ങളൊന്നിച്ചു പോയി. കുഞ്ഞബ്ദുള്ള അന്നേ വളരെ നല്ല ഫാഷനില്‍ വസ്ത്രം ധരിക്കുകയും തലമുടിയുടെ സ്‌റ്റൈലിലൊക്കെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. താജ് ഹോട്ടലിലെ സലൂണില്‍ അന്ന് നല്ല ഫാഷനില്‍ തലമുടി വെട്ടുമെന്നറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതുപ്രകാരം കുഞ്ഞബ്ദുള്ള അവിടെ പോയി തലമുടി വെട്ടി. അന്ന് നാല്പതുരൂപയോ മറ്റോ ആയിരുന്നു അതിന് ചാര്‍ജ്. അങ്ങനെ രണ്ടാഴ്ച മദ്രാസില്‍ താമസിച്ചിട്ട് ഞങ്ങളൊന്നിച്ചാണ് തിരിച്ചുപോന്നതും. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിനെക്കുറിച്ച് ഒരിക്കല്‍ എന്നോടു പറഞ്ഞു. ആ അനുഭവങ്ങളൊക്കെ പിന്നീട് ഒരു പുസ്തകമായി എഴുതാമെന്ന് ഉദ്ദേശിച്ചിരുന്നു എന്ന്.

കൃത്രിമത്വം തീരേയില്ലാത്ത രചനാശൈലിയായിരുന്നു കുഞ്ഞബ്ദുള്ളയുടേത്. ലാളിത്യമുള്ള ഭാഷ. അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നതുതന്നെ നര്‍മത്തോടെയായിരുന്നു. കുഞ്ഞബ്ദുള്ള എഴുതാനുള്ളത് മുഴുവന്‍ എഴുതിക്കഴിഞ്ഞിട്ടല്ല പോയത്.'

എം ടി മെഡിക്കല്‍ ഷോപ്പ് തുടങ്ങാന്‍ പിരി കേറ്റിയതും പുനത്തില്‍

എം.ടി. വാസുദേവന്‍ നായര്‍ കുറച്ചു കാലം ഒരു മെഡിക്കല്‍ ഷോപ്പ് നടത്തിയിരുന്നു. നല്ല ബിസിനസാണെന്നു പറഞ്ഞു ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയും മറ്റു ചില ഡോക്ടര്‍ സുഹൃത്തുക്കളും പിരികേറ്റി തുടങ്ങിയതെന്നാണ് കഥ. കുടുംബ പേര് ചേര്‍ത്ത് 'തെക്കേപ്പാട്ട് മെഡിക്കല്‍സ്' എന്നുതന്നെ പേരിട്ടു.

പിന്നീട് എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസാധനശാലയുടെ പേര് ക്ലാസിക് പബ്ലിഷിങ് കമ്പനി എന്നായിരുന്നു. സുകുമാര്‍ അഴീക്കോട്, ഡോ. എം.എം. ബഷീര്‍, പുനത്തില്‍ തുടങ്ങിയവരൊക്കെ ഷെയറെടുത്തു. ഒരു പുസ്തകം കൊണ്ടുതന്നെ പ്രസാധകശാല പ്രശസ്തമായി. അഴീക്കോടിന്റെ തത്ത്വമസി ആയിരുന്നു ക്ലാസിക്സിന്റെ ആദ്യ പുസ്തകമെന്നു പലരും എഴുതിയിട്ടുണ്ട്. എന്നാല്‍, തന്റെ 'അനുരാഗത്തിന്റെ ദിനങ്ങള്‍' ആണ് ക്ലാസിക്സിന്റെ ആദ്യ പുസ്തകമെന്നു ബഷീര്‍ എഴുതുന്നു. പ്രസിദ്ധീകരണത്തിന് 50 വര്‍ഷം മുന്‍പു 'കാമുകന്റെ ഡയറി' എന്ന പേരില്‍ ബഷീര്‍ എഴുതിവച്ചിരുന്നതാണിത്. ''പ്രസിദ്ധപ്പെടുത്താന്‍ എഴുതിയതല്ല. കുറെ കൊല്ലങ്ങള്‍ക്കു മുന്‍പ് കത്തിച്ചു ചാമ്പലാക്കാന്‍ എന്റെ ഭാര്യ, ഫാബി ബഷീറിന്റെ കയ്യില്‍ ഒരു വലിയ കടലാസുകെട്ട് കൊടുത്തിരുന്നു. ഭാര്യ അതു കത്തിച്ചില്ല. 'അനുരാഗത്തിന്റെ ദിനങ്ങള്‍' എന്നു പേരിട്ടത് എംടിയാണ്.

എംടിയുടെ 'ക്ലാസിക്' പുസ്തകക്കട നടത്താന്‍ രാമന്‍ എന്നൊരാളുണ്ടായിരുന്നു. ''രാമന്‍ എംടിക്കും ഞങ്ങള്‍ക്കും രാവിലെയും വൈകുന്നേരവും ചായയും പരിപ്പുവടയും കൊണ്ടുവരുന്ന പണിയാണ് കൂടുതലുമെടുത്തത്'' എന്നു പുനത്തില്‍ എഴുതിയിരുന്നു. രാമനുണ്ടല്ലോ എന്ന ധൈര്യത്തില്‍ എംടി കടയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വാങ്ങി വച്ചു. 'ഒരു പത്തായത്തിന്റെ വലുപ്പമുള്ള' എന്നു പുനത്തില്‍ വിശേഷിപ്പിക്കുന്ന ആ മുതുമുത്തച്ഛന്‍ എന്നും കേടാവും. പിന്നെ അതായി എംടിയുടെ തലവേദന.

Tags:    

Similar News