ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയവര്‍ കാത്തിരിക്കണം! 2025 രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; ഇത്തവണ പുരസ്‌കാരം മെറ്റല്‍ - ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിന്; രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണത്തിന് മൂന്ന് ഗവേഷകര്‍ക്ക് പുരസ്‌കാരം
രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണത്തിന് മൂന്ന് ഗവേഷകര്‍ക്ക് പുരസ്‌കാരം
സ്റ്റോക്കോം: 2025 ലെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് ഗവേഷകര്‍ക്കാണ് നൊബേല്‍ ലഭിച്ചത്. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഘി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ മൂന്ന് ജേതാക്കളും ഒരു പുതിയ തരം തന്മാത്രാ ഘടന വികസിപ്പിച്ചെടുത്തുവെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പറഞ്ഞു.
'അവര്‍ നിര്‍മിച്ച ഈ ഘടനകളില്‍ (മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകള്‍) തന്മാത്രകള്‍ക്ക് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാന്‍ കഴിയുന്ന വലിയ അറകളുണ്ട്. മരുഭൂമിയിലെ വായുവില്‍ നിന്ന് ജലം ശേഖരിക്കാനും, വെള്ളത്തില്‍ നിന്ന് മലിനീകാരികളെ വേര്‍തിരിച്ചെടുക്കാനും, കാര്‍ബണ്‍ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാനും, ഹൈഡ്രജന്‍ സംഭരിക്കാനും ഗവേഷകര്‍ ഇവ ഉപയോഗിച്ചിട്ടുണ്ട്,' എന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിലൂടെ, പുരസ്‌കാര ജേതാക്കള്‍ രസതന്ത്രജ്ഞര്‍ക്ക് അവര്‍ നേരിടുന്ന ചില വെല്ലുവിളികള്‍ പരിഹരിക്കാനുള്ള പുതിയ അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത്. സ്വീഡിഷ് രസതന്ത്രജ്ഞനും സംരംഭകനുമായ ആല്‍ഫ്രഡ് നൊബേലാണ് നൊബേല്‍ സമ്മാനം സ്ഥാപിച്ചത്. സാഹിത്യം, വൈദ്യശാസ്ത്രം, സമാധാനം എന്നീ മേഖലകളിലും നൊബേല്‍ സമ്മാനം നല്‍കാറുണ്ട്. 1968-ല്‍ ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനും ഒരു നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തി.
2025 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണ്ണലിംഗും ഇലക്ട്രി സെര്‍ക്യൂട്ടിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം.
1984നും 85നും ഇടയില്‍ നടത്തിയ ഗവേഷണത്തിനാണ്പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്കല്‍ പ്രതിഭാസങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥയുടെ പരമാവധി വലിപ്പം എത്രയാകുമെന്നത് ഭൗതിക ശാസ്ത്രത്തിലെ ഒരു പ്രധാന ചോദ്യമാണ്. കൈയ്യിലൊതുങ്ങാവുന്നത്ര വലിപ്പമുള്ള ഒരു വൈദ്യുതി സര്‍ക്യൂട്ടില്‍ ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങും, ക്വാണ്ടൈസ്ഡ് ഊര്‍ജ്ജ നിലകളും സാധ്യമെന്ന് തെളിയിക്കാന്‍ ജോണ്‍ ക്ലാര്‍ക്കിനും സംഘത്തിനുമായി. ക്വാണ്ടം കന്പ്യൂട്ടിങ്ങിന്റെ പുരോഗതിയില്‍ ഈ കണ്ടെത്തല്‍ നിര്‍ണായകമായി.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രതിനിധികളാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇത് വരെ 118 തവണയാണ് ഭൗതിക ശാസ്ത്ര നൊബേല്‍ നല്‍കിയത്. മെഷീന്‍ ലേണിംഗ് രംഗത്തെ രണ്ട് അതികായന്‍മാരായ ജോണ്‍ ജെ. ഹെപ്പ്ഫീല്‍ഡിനും ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു 2024 ലെ ഭൗതിക ശാസ്ത്ര നൊബേല്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍, ജാപ്പനീസ് ഗവേഷകരാണ് പങ്കിട്ടെടുത്തത്.
നാളെയാണ് സാഹിത്യനോബേല്‍ പ്രഖ്യാപനം. സമാധാന നോബേല്‍ ആര്‍ക്കെന്ന് പത്താംതീയതി അറിയാം. ഒക്ടോബര്‍ പതിമൂന്നിനാണ് സാമ്പത്തിക ശാസ്ത്ര നോബേല്‍ പ്രഖ്യാപനം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാതിരിക്കാന്‍ സഹായിക്കുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞ അമേരിക്കന്‍ ഗവേഷകരായ മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ജാപ്പനീസ് ഗവേഷകന്‍ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കായിരുന്നു 2025ലെ വൈദ്യശാസ്ത്ര നൊബേല്‍.