തങ്കച്ചനെ കുടുക്കാന്‍ തെറ്റായ വിവരം ജോസിന് നല്‍കി 'ഗ്രൂപ്പ് ചതി'; ആദ്യ പേരുകാരനെ അന്വേഷണം കൂടാതെ അറസ്റ്റു ചെയ്ത് ജയിലിലിട്ട പോലീസ് നാണക്കേട് മാറ്റാന്‍ വിവരം കൈമാറിയ നേതാവിനെ കുടുക്കാന്‍ ശ്രമിച്ചു; നാണക്കേടില്‍ മനംനൊന്ത് ജീവനൊടുക്കിയ ജോസ് നെല്ലേടം; മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; പോലീസിന് 'ഇരട്ട വീഴ്ച'!

Update: 2025-09-13 06:13 GMT

വയനാട്: കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ സഹികെട്ട് വയനാട്ടില്‍ ജീവനൊടുക്കിയ മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗവുമായ ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്തു വരുമ്പോള്‍ നിറയുന്നത് പോലീസിന്റെ വമ്പന്‍ വീഴ്ചയും. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചരണം തന്റെ ചോരയ്ക്ക് വേണ്ടിയാണെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും ജോസ് നെല്ലേടത്ത് വീഡിയോയില്‍ പറയുന്നു. കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ വയനാട് ജില്ലയില്‍ മാത്രം പൊലിഞ്ഞ അഞ്ചാമത്തെ ജീവനാണിത്. നേതാക്കളുടെ നിയമനക്കോഴയില്‍ കുരുങ്ങി കഴിഞ്ഞ ഡിസംബറിലാണ് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയത്.

കോണ്‍ഗ്രസിന്റെ അടിയുറച്ച മണ്ണാണ് മുള്ളന്‍കൊല്ലി. ജില്ലയിലെ കോണ്‍ഗ്രസിലെ പ്രധാനനേതാക്കള്‍ പലരും മുള്ളന്‍കൊല്ലിയില്‍നിന്നാണ്. ഇവിടെയാണ് തങ്കച്ചന്റെപേരിലുള്ള കള്ളക്കേസിലേക്കും പിന്നീട് ജോസ് നെല്ലേടത്തിന്റെ മരണത്തിലേക്കുംവരെ കാര്യങ്ങളെത്തിയത്. രണ്ടിടത്തും പോലീസിന് വീഴ്ച വന്നു. തങ്കച്ചനെ ജയിലില്‍ ഇട്ടു. പരാതിയിലെ വസ്തുത പരിശോധിക്കാതെയായിരുന്നു ഇത്. തങ്കച്ചന്‍ തെറ്റുകാരനല്ലെന്ന് കണ്ടതോടെ മറു ഗ്രൂപ്പിനെ കേസില്‍ പെടുത്താന്‍ ഇറങ്ങി. തങ്കച്ചനെ കുടുക്കിയതില്‍ ജോസിന് പങ്കുണ്ടോ എന്ന അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യയുണ്ടായത്. മുതിര്‍ന്നനേതാക്കള്‍ പലരും പ്രതീക്ഷിച്ചിരുന്ന മണ്ഡലംപ്രസിഡന്റ് സ്ഥാനത്തേക്ക് യുവനേതാവായ ഷിനോ കടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനെതിരേ പലകോണില്‍നിന്നും വിമര്‍ശനമുയര്‍ന്നു. പരസ്യമായും രഹസ്യമായും വിഭാഗീയപ്രവര്‍ത്തനങ്ങളുണ്ടായി. ഇതു പരിഹരിക്കുംമുന്‍പ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കും ഇദ്ദേഹംതന്നെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പരസ്യമായ ചേരിതിരിവായി. ഇതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകയെ ജാതീയമായി അപമാനിച്ചുവെന്ന് മണ്ഡലം പ്രസിഡന്റിനുനേരേ ആരോപണം ഉയരുകയും പാര്‍ട്ടി അന്വേഷണകമ്മിഷനെവെച്ച് അന്വേഷണം നടക്കുകയും ചെയ്തു. :ജൂണില്‍ വികസന സെമിനാറില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനുനേരേ കൈയേറ്റവും അന്നുവൈകീട്ടുതന്നെ ടൗണില്‍വെച്ച് തിരിച്ചടിയുമുണ്ടായി. പരസ്യ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടു.

ജൂലായ് 17-ന് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി മരവിപ്പിക്കുകയും നാലുപേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ ചുമതല ഡിസിസി ജനറല്‍സെക്രട്ടറി കെ. രാജേഷ് കുമാറിന് നല്‍കി. പ്രശ്‌ന പരിഹാരത്തിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. കാനാട്ടുമലയില്‍ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയതോടെ പ്രശ്‌നം പുതിയ തലത്തിലെത്തി. അദ്ദേഹം ജയില്‍മോചിതനായി ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ ആരോപണം ഉന്നയിക്കുകയും ആരോപണവിധേയരില്‍ ഒരാളായ ജോസ് നെല്ലേടം ആത്മഹത്യചെയ്യുകയും ചെയ്തതോടെ ഇതുവരെക്കാണാത്ത പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെത്തുന്നത്. ജോസ് നല്ലടമാണ് തങ്കച്ചനെ അറസ്റ്റു ചെയ്യുന്നതിലെ കാരണം പോലീസിനെ അറിയിച്ചത്.

എന്നാല്‍ തനിക്ക് കിട്ടിയ തെറ്റായ വിവരം പോലീസിന് നല്‍കിയെന്ന് ജോസ് സമ്മതിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളില്ലെങ്കിലും ശക്തനായ നേതാവിന്റെ പിന്തുണയിലാണ് കള്ളക്കേസ് ഉണ്ടാക്കിയെടുത്തതെന്നാണ് ഉയരുന്ന ആരോപണം. ജോസ് നെല്ലേടംപോലും ഇതില്‍ അറിയാതെ പങ്കാളിയായി എന്നതാണ് വസ്തുത. ഇതും ഗ്രൂപ്പ് പോരിന്റെ ഭാഗമായിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ. ഇതോടെ മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലായി. ജോസിന്റെ അവസാന സന്ദേശത്തില്‍ തന്റെ നിരപരാധിത്വം വ്യക്തമായി പറയുന്നുണ്ട്.

'ജനജാഗ്രതാ സമിതിയുടെ ഭാഗമായി പൊലീസിന് നേരത്തെയും വിവരം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയില്ല. താന്‍ അഴിമതിക്കാരനാണെന്ന് പ്രചാരണം നടക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങളില്‍ അസൂയയുള്ള ആളുകളാണ് ഇതിന് പിന്നില്‍. അനര്‍ഹമായ ഒന്നും കൈപ്പറ്റാതെ ആണ് ഇതുവരെ പൊതുപ്രവര്‍ത്തനം നടത്തിയത്. വ്യക്തിയെന്ന നിലയില്‍ താങ്ങാന്‍ കഴിയുന്ന കാര്യങ്ങളല്ല നടക്കുന്നത്. മുന്നിലെത്തിയ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. വലിയ അഴിമതിക്കാരനായി മുദ്രകുത്തുന്നു. 50 ലക്ഷത്തിലധികം സാമ്പത്തിക ബാധ്യതയുണ്ട്' വീഡിയോ സന്ദേശം.

അതിനിടെ ജോസിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്നും ഇതിന് പിന്നില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളാണെന്നും കുടുംബം ആരോപിച്ചു. ജോസിന്റെ വളര്‍ച്ച പാര്‍ടിയിലെ ചിലര്‍ക്ക് അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. ജോസിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ജോസിന്റെ വീട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്നും അതിനാലാണ് ജീവനൊടുക്കിയതെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതില്‍ മൂന്നു നേതാക്കളുടെ പേരും പറയുന്നുണ്ട്. വീട്ടിലെ മുറിയില്‍ മേശയില്‍ മടക്കിവച്ച നിലയിലായിരുന്നു കത്ത്. മക്കളെക്കുറിച്ചുള്ള ആകുലതകളുമുണ്ട്. കത്ത് പൊലീസ് ഫോറന്‍സിക്കിന് കൈമാറും.

Tags:    

Similar News