വിധി രാഷ്ട്രീയ അജന്‍ഡകള്‍ക്കു മേലുള്ള ഭരണഘടനയുടെ വിജയം; വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തിന്റെ 363-ാം ദിവസത്തില്‍ നീതിയെത്തി; ആശങ്കകള്‍ നീങ്ങുന്നു; ഇനി നടപടി എടുക്കേണ്ടത് സര്‍ക്കാര്‍; മുനമ്പത്തെ ജനതയുടെ കണ്ണീരൊപ്പി ഡിവിഷന്‍ ബെഞ്ച്; 610 കുടുംബങ്ങളുടെ സഹന സമയം വിജയമാകുമ്പോള്‍
കൊച്ചി: മുനമ്പം വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. മറുനാടന്‍ മലയാളി അടക്കം ഉയര്‍ത്തിയ വാദങ്ങളാണ് ഹൈക്കോടതിയും ശരിവയ്ക്കുന്നത്. ഇതോടെ സമരത്തിന്റെ സത്യസന്ധതയും തെളിഞ്ഞു. 610 കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ തയാറായ ഹൈക്കോടതി വിധി അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി മുനമ്പത്തെ ജനങ്ങള്‍ നടത്തുന്ന സഹനസമരത്തിന്റെ വിജയമാണ് ഈ വിധി. വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തിന്റെ 363-ാം ദിവസത്തിലാണു കോടതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടായത്. സമരസമിതി അംഗങ്ങളും പ്രദേശവാസികളും മധുരം പങ്കിട്ട് ആഹ്ലാദം പങ്കുവച്ചു.
മുനമ്പത്തെ ഭൂമി വഖഫല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ സ്വാഗതംചെയ്യുന്നതായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പ്രതികരിച്ചു. ഒരു വര്‍ഷമായി മുനമ്പം ജനത നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ദൈവം നല്‍കിയ സമ്മാനമാണ് ഈ വിധി. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനങ്ങള്‍ക്ക് ഈ വിധി പ്രത്യാശ നല്‍കുന്നു. പൊതുജനത്തിനു നീതിപീഠത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധി. മുനമ്പം ജനതയുടെ റവന്യു അവകാശം സംരക്ഷിക്കാനും അവര്‍ക്കു നീതി ലഭ്യമാക്കാനും സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ നിയമനം ചോദ്യംചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിച്ച് മുനമ്പം ജനത ആഗ്രഹിച്ച ന്യായമായ വിധി സമ്പാദിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്ത അവസരോചിതമായ നടപടികളെ ബിഷപ് അഭിനന്ദിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ 610 കുടുംബങ്ങളുടെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനും വിലകൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമസ്ഥതയും അതിന്‍മേലുള്ള റവന്യു അവകാശങ്ങളും തിരികെനല്‍കാനും സംസ്ഥാനസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു ബിഷപ് ആവശ്യപ്പെട്ടു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷണവും മുനമ്പം വിഷയത്തില്‍ കമ്മീഷനെ നിയോഗിക്കാനും അന്വേഷണത്തിനും സര്‍ക്കാരിന് അധികാരമുണ്ടെന്ന കോടതി ഉത്തരവും സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ. മാണിയും പ്രതികരിച്ചു. 2019ല്‍ മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് ഉത്തരവ് നിയമപരമായി തെറ്റാണെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് മുനമ്പം നിവാസികളുടെ ആശങ്കകള്‍ അകറ്റുന്ന സുപ്രധാനമായ നിരീക്ഷണമാണെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷമായി മുനമ്പത്തെ ജനങ്ങള്‍ നടത്തുന്ന സഹനസമരത്തിന്റെ വിജയം കൂടിയാണ് ഇന്നലത്തെ ഹൈക്കോടതി വിധിയെന്നു ആക്്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യനും പ്രതികരിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനന്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട മുനന്പം ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി അവരുടെ ഭൂമിയുടെ മേലുള്ള റവന്യൂ അധികാരങ്ങള്‍ തിരിച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും തയ്യാറാവണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഹൈക്കോടതി നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ മുനമ്പം നിവാസികളുടെ കൈവശാവകാശമുള്ള ഭൂമിയിന്മേല്‍ സര്‍ക്കാര്‍ അടിയന്തരമായി റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍ കണമെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ ടോം ഓലിക്കരോട്ട്. മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കമ്മീഷനെ വയ്ക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിനൊപ്പം ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം സ്വാഗതാര്‍ഹമാണ്.
മുനമ്പം വിഷയത്തില്‍ നീതി ഉറപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പായി മാത്രമേ ഈ കോടതി വിധിയെയും നിരീക്ഷണത്തെയും കാണാനാവൂ. വിലകൊടുത്തു വാങ്ങിയ ഭൂമിയും അതിന്മേലുള്ള ക്രയവിക്രയ അവകാശവും നിലനിര്‍ത്താനുള്ള മുനമ്പം ജനതയുടെ പോരാട്ടത്തിനൊപ്പം സീറോമലബാര്‍ സഭ എന്നുമുണ്ടാകുമെന്നും ഫാ. ടോം ഓലിക്കരോട്ട് കൂട്ടിച്ചേര്‍ത്തു. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേപറ്റൂ എന്നുമുള്ള ഹൈക്കോടതി സിംഗിള്‍ബെഞ്ച് നിലപാട് ചോദ്യം ചെയ്തുകൊണ്ട് അപ്പീല്‍ സമര്‍പ്പിച്ച കേരളസര്‍ക്കാരിന്റെ നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. എന്നാല്‍, മുനമ്പം ജനതയ്ക്കു നീതി ഉറപ്പാക്കണമെങ്കില്‍ അവരുടെ കൈവശഭൂമിയിന്മേലുള്ള റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ സഭാവക്താവ് ആവശ്യപ്പെട്ടു.
മുനമ്പം വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ചതിനെതിരേയുള്ള പരാതിയില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ വിധി രാഷ്ട്രീയ അജന്‍ഡകള്‍ക്കു മേലുള്ള ഭരണഘടനയുടെ വിജയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വിലയിരുത്തുന്നു. മുനമ്പത്തെ ഭൂമി കൈമാറ്റം വഖഫ് കൈമാറ്റമല്ല എന്ന കണ്ടെത്തലും ഭൂമി വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിച്ച ഉത്തരവ് തെറ്റാണെന്നുമുള്ള കോടതി നിരീക്ഷണം നീതിയുടെ വിജയമാണ്. കോടതിവിധി വഖഫ് വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യങ്ങളുടെ അംഗീകാരംകൂടിയാണ്. മുനമ്പത്തെ ജനതയുടെ റവന്യു അവകാശം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയാറാകണം. വഖഫ് ബോര്‍ഡിന്റെ അനിയന്ത്രിതമായ അധികാരം വെട്ടിക്കുറയ്ക്കണം. വഖഫ് അവകാശത്തിന് കാലപരിധി നിശ്ചയിക്കണം. വഖഫ് ബോര്‍ഡിന്റെ അധികാരത്തിന് കോടതി നിയന്ത്രണം വേണം. ഇനിയെങ്കിലും മുനമ്പം ജനതയ്ക്ക് ഒപ്പം നില്‍ക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു .