സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമം ആയതിനാല്‍ ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി; ഭൂമി കുലുക്കം പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണം; മുരളീ തുമ്മാരുകുടി പറയുന്നു..
ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണം; മുരളീ തുമ്മാരുകുടി പറയുന്നു..
തിരുവനന്തപുരം: ഭൂമി കുലുക്കം പൊതുവില്‍ പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണമെന്ന് മുരളീ തുമ്മാരുകുടി. റഷ്യയിലെ ഭൂമികുലുക്കത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഭൂമികുലുക്കത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ചിനും ആറിനും ഇടക്ക് തീവ്രതയുള്ള അനവധി ഭൂമികുലുക്കങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നതാണെന്നും തുമ്മാരുകുടി പറഞ്ഞു.
അതേസമയം സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ കൃത്യവും പ്രവര്‍ത്തനക്ഷമവും ആയതിനാല്‍ ഏറെ ദൂരെ കിടക്കുന്ന ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി. ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തിടത്താണ് പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
തുമ്മാരുകുടി എഴുതുന്നത് ഇങ്ങനെ:
റഷ്യയിലെ ഭൂമികുലുക്കവും ജപ്പാനിലെ സുനാമിയും
ഇന്നലെ രാത്രി റഷ്യയില്‍ ഒരു വമ്പന്‍ ഭൂകമ്പം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടു കാണുമല്ലോ. മൊമന്റ് സ്‌കെയിലില്‍ 8.8 ആണ് ഇതിന്റെ തീവ്രത. ഭൂമികുലുക്കത്തിന്റെ സ്‌കെയിലില്‍ ഏഴും എട്ടും തമ്മിലുള്ള വ്യത്യാസം ഏതാണ്ട് മുപ്പത് ഇരട്ടിയാണ്. അതുകൊണ്ട് തന്നെ നമ്മള്‍ നമ്മള്‍ അടുത്തകാലത്തൊന്നും കേട്ടിട്ടില്ലാത്ത തീവ്രതയില്‍ ഉള്ള ഒന്നാണിത്. ഈ നൂറ്റാണ്ടില്‍ രണ്ടായിരത്തി നാലിലെ ഇന്‍ഡോനേഷ്യന്‍ ഭൂമികുലുക്കവും പതിനൊന്നിലെ ജപ്പാന്‍ ഭൂമികുലുക്കവും മാത്രമാണ് ഇതില്‍ വലുതായിട്ടുള്ളത്. ഇത് ആ രണ്ടിലും പതിനായിരങ്ങള്‍ മരിച്ച ഓര്‍മ്മയുണ്ടല്ലോ.
നഗരങ്ങളിലോ ഏറെ ആള്‍ പാര്‍പ്പുള്ള പ്രദേശങ്ങളിലോ അല്ല ഇത് സംഭവിച്ചത്, അതുകൊണ്ട് തന്നെ ഭൂകമ്പത്തിലെ കെട്ടിടങ്ങള്‍ തകര്‍ന്നുള്ള മരണം ഭൂകമ്പത്തിന്റെ തീവ്രത അനുസരിച്ച് നോക്കുമ്പോള്‍ അത്ര വലുതായിരിക്കില്ല. നല്ല കാര്യം. പക്ഷെ ഇത് ഉയര്‍ത്തി വിടുന്ന സുനാമി അടുത്ത മണിക്കൂറുകളില്‍ പസിഫിക്കില്‍ ആകെ പടരും. ഇപ്പോള്‍ തന്നെ ജപ്പാന്റെ വടക്കു ഭാഗത്ത് എത്തിക്കഴിഞ്ഞു.
പക്ഷെ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ കൃത്യവും പ്രവര്‍ത്തനക്ഷമവും ആയതിനാല്‍ ഏറെ ദൂരെ കിടക്കുന്ന ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി. ആളുകള്‍ ഉയരങ്ങളിലേക്ക് മാറുന്നു. മുന്നറിയിപ്പ് ലഭിച്ചുള്ളവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുന്നതിനാല്‍ ഈ ഭൂമികുലുക്കത്തില്‍ വലിയ ആള്‍നാശം ഉണ്ടാകില്ല എന്ന് കരുതാം. വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്ത ദ്വീപുകളില്‍ ആണ് അപായ സാധ്യത കൂടുതല്‍.
ഈ ഭൂമികുലുക്കത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ചിനും ആറിനും ഇടക്ക് തീവ്രതയുള്ള അനവധി ഭൂമികുലുക്കങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നതാണ്. ഭൂമി കുലുക്കം പൊതുവില്‍ പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണം.
സുനാമിത്തിരകള്‍ റഷ്യയും ജപ്പാനിലുമെത്തി
റഷ്യയിലെ കിഴക്കന്‍ മേഖലയിലെ കാംചത്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചനത്തെ തുടര്‍ന്ന് ജപ്പാനിലും റഷ്യയിലും സൂനാമിത്തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് കയറുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലുണ്ടായത്. മനുഷ്യചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആറാമത്തെ വലിയ ഭൂചലനമാണിത്. ശാന്തസമുദ്രത്തില്‍ പെട്രോപാവ്ലോവ്സ്‌ക് - കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സൂനാമി തിരകള്‍ എത്തിയിട്ടുണ്ട്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. അലാസ്‌കയിലും ഹവായിയിലും യു.എസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് ഒഴിപ്പിക്കല്‍ നടപടികളും ആരംഭിച്ചു. ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ട്.
ജപ്പാനില്‍ ഒമ്പത് അടിവരെ ഉയരത്തിലുള്ള ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ഇതെന്ന് കംചട്ക ഗവര്‍ണര്‍ വ്‌ലാദിമര്‍ സോളോഡോവ് പറഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സൂനാമി ഭീഷണി കണക്കിലെടുത്ത് സഖാലിന്‍ ദ്വീപില്‍നിന്ന് ആളുകളെ മാറ്റി.
ജൂലൈ 20ന് റഷ്യയില്‍ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനമാണ് ഉണ്ടായത്. തുടര്‍ ചലനങ്ങളെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 6.7 മുതല്‍ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 1900 മുതല്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂചലനങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ല്‍ ഒമ്പത് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.