'എന്തുകൊണ്ട് തോറ്റെന്ന് കോണ്‍ഗ്രസ് പരിശോധിക്കണം; വിജയത്തിന് തുരങ്കം വെച്ചവരെ കണ്ടെത്തണം; സീറ്റ് വിതരണം പ്രശ്‌നം'; തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ പരസ്യപ്പോര്; ഹൂഡയ്ക്കെതിരേ വിമര്‍ശനവുമായി കുമാരി സെല്‍ജ

തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ പരസ്യപ്പോര്

Update: 2024-10-08 16:38 GMT

ഛണ്ഡീഗഢ്: ഹരിയാനയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന് എതിരെ കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി അധ്യക്ഷയും നിലവിലെ എംപിയുമായി കുമാരി സെല്‍ജ. തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമാണെന്നും തോല്‍വിക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് കൃത്യമായി വിലയിരുത്തണമെന്നും സെല്‍ജ ആവശ്യപ്പെട്ടു. ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം ഉള്ളപ്പോഴും കോണ്‍ഗ്രസിന്റെ പരിതാപകരമായ സ്ഥിതിയില്‍ കൃത്യമായ വിശകലനം വേണമെന്നും സെല്‍ജ കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാശ കണ്ട് ഏറെ വിഷമം തോന്നുന്നു. പരാജയത്തിന്റെ കാരണം എന്താണെന്ന് ഹൈക്കമാന്‍ഡ് കണ്ടെത്തുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.' പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നും സെല്‍ജ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായാണ് കുമാരി സെല്‍ജ രംഗത്ത് വന്നത്. പരാജയത്തിന് ഉത്തരവാദിയായവരെ കണ്ടെത്തണമെന്നും പാര്‍ട്ടിയുടെ പുനഃരുജ്ജീവനത്തിനായി ശക്തമായ പദ്ധതികള്‍ ഹൈക്കമാന്റ് ആവിഷ്‌കരിക്കണമെന്നും സെല്‍ജ പറഞ്ഞു.

'കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാശകണ്ട് ഏറെ വിഷമം തോന്നുന്നു. പരാജയത്തിന്റെ കാരണം എന്തെന്ന് ഹൈക്കമാന്റ് കണ്ടെത്തുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കാന്‍ നടപടിയെടുക്കുന്നതിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും വേണം',സെല്‍ജ പറഞ്ഞു. ഹരിയാനയില്‍ ഇനി കാര്യങ്ങള്‍ പഴയപടിയാകില്ലെന്നും 10 വര്‍ഷത്തിന് ശേഷം അധികാരം നേടാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് ആരെന്ന് കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന മോശം ഇമേജുള്ള ബി.ജെ.പിയും വിശ്വാസ്യയോഗ്യമായ കോണ്‍ഗ്രസും എന്ന രണ്ട് ഘടങ്ങളും തെറ്റായിരുന്നു. ഈ രണ്ടു ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ സെല്‍ജ ഭൂപീന്ദ്ര ഹൂഡയ്‌ക്കെതിരേ ഒളിയമ്പെയ്യാനും മറന്നില്ല. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിതരണം ഒരു പ്രശ്‌നമാണെന്ന് പറഞ്ഞ സെല്‍ജ ഇപ്പോള്‍ എങ്ങനെയാണ് അതിനെക്കുറിച്ച് പറയുകയെന്നും ചോദിച്ചു. ഇതുപോലെയായിരിക്കില്ല ഭാവിയിലെന്നും പത്ത് വര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെച്ചതാരെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിയുമെന്നും ഉറപ്പുണ്ട്- സെല്‍ജ പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാന നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണി നടത്താന്‍ ദേശീയ നേതൃത്വം തയാറാകാണമെന്നുമാണ് കുമാരി സെല്‍ജ ആവശ്യപ്പെട്ടത്.

അനുകൂല സാഹചര്യമുണ്ടായിട്ടു പോലം കനത്ത തോല്‍വിയിലേക്കു വീഴാന്‍ ഇടയാക്കിയ സാഹചര്യമെന്തെന്നും തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്തം അന്വേഷിക്കണമെന്നും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ പരസ്യമായി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് നടത്തിയ കഠിന പരിശ്രമങ്ങള്‍ക്ക് തുരങ്കം വച്ചത് ആരെന്നത് ദേശീയ നേതൃത്വം അന്വേഷിച്ചു ചൂണ്ടിക്കാട്ടണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.

ഇന്നു പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊടുവില്‍ 90 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടി ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയും ഭരണം ഉറപ്പിച്ചിരിക്കുകയാണ്. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അധികാരം തിരിച്ചുപിടിക്കുമെന്നു കരുതിയ കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി. കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുടനീളം അലയടിച്ചിട്ടും അതു മുതലാക്കാനാകാതെ പോയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സംസ്ഥാന തലത്തില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹരിയാന കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായിരുന്നു. നിരവധി തവണ ഹൂഡയ്ക്കെതിരേ വിമര്‍ശനവുമായി കുമാരി സെല്‍ജ രംഗത്തു വന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഹൂഡയെ നിയോഗിച്ചതിലും കുമാരി സെല്‍ജ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

''ഭരണത്തില്‍ ഇരുന്നുകൊണ്ടു തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയെ നയിക്കാം. എന്നാല്‍ പ്രതിപക്ഷത്തിരുന്നു തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ ആരെയും ഉയര്‍ത്തിക്കാട്ടുന്ന സംവിധാനം ഇതുവരെ കോണ്‍ഗ്രസില്‍ ഇല്ല''- എന്നായിരുന്നു ഇക്കാര്യത്തില്‍ കുമാരി സെല്‍ജയുടെ പ്രതികരണം. കുമാരി സെല്‍ജ-ഹൂഡ ക്യാമ്പുകള്‍ ഇനി പരസ്യപ്പോരിലേക്കു നീങ്ങുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News