പല്ലശനയിലെ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍; സത്യ സായി സേവാ സമിതിയില്‍ നിന്നും മാറി ആള്‍ ദൈവമായി; നുള്ള് ഭസ്മം കാലത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിച്ചാല്‍ എയ്ഡ്‌സ് മാറുമെന്ന് പറഞ്ഞ വിരുതന്‍; വാരിയര്‍ ഫൗണ്ടേഷന് 25 കോടി പുരസ്‌കാരം കൊടുത്ത് അഞ്ചു കോടി നേടി! മോദിയും അമിത് ഷായും കൊടിയേരിയും സ്റ്റാലിനും വരെ ചിത്രങ്ങളില്‍; പത്രക്കാരുടെ പ്രിയങ്കരന്‍; ഒടുവില്‍ മുതലമട സുനില്‍ സ്വാമി അകത്തായി; ഇത് ആത്മീയ തട്ടിപ്പോ?
കോഴിക്കോട്: മഴവെള്ള സംരക്ഷണത്തിന് ശക്തമായ നടപടി വേണം എന്നു ഒരു പൊതു ചടങ്ങില്‍ ഐഎസ്ആര്‍ഓ മുന്‍ തലവന്‍ ജി മാധവന്‍ നായര്‍ പറഞ്ഞാല്‍ അതൊരു വലിയ വാര്‍ത്തയാണോ? ഒരു പത്രത്തില്‍ ഈ വാര്‍ത്ത ശ്രദ്ധ നേടിയത് അതുകൊണ്ടൊന്നുമല്ല. മാധവന്‍നായരുടെ വാര്‍ത്തയുടെ തലക്കെട്ടിനൊപ്പം ബ്രാക്കെറ്റില്‍ ഒരു കുറിപ്പ് കൂടി പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്. ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു - പരസ്യ താല്പര്യം, കോഴിക്കോട് ബാക്ക് പേജ് മസ്റ്റ്,ആള്‍ എഡിഷന്‍ മസ്റ്റ്.- ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ മാത്രമാണ്. പ്രിന്റഡ് പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ആക്കാന്‍ ചുമതലപ്പെടുത്തിയ സബ് എഡിറ്റര്‍ ഒന്നു വായിച്ച് പോലും നോക്കാതെ കയറ്റിയതാണ് എന്നു വ്യക്തം. തെറ്റ് തിരിച്ചറിഞ്ഞ് പിന്നീട് ഈ ഹെഡ് ലൈന്‍ മാറ്റുകയും ചെയ്തു. മഴവെള്ള സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടി ഉണ്ടാവണമെന്ന് ഡോ.ജി.മാധവന്‍ നായര്‍ പറഞ്ഞത് മുതലമട സ്റ്റേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്വാമി സുനില്‍ദാസ് ജലയജ്ഞ ഉദ്ഘാടനച്ചടങ്ങിലായിരുന്നു. സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സുനില്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ജലം സംഭരിക്കുന്നതിനും പരിമിതമായി ഉപയോഗിക്കുന്നതിനും മലയാളികള്‍ ശീലിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സുനില്‍ സ്വാമി അഥവാ സുനില്‍ദാസിന്റെ പ്രചരണാര്‍ത്ഥം മാത്രമുള്ള ചടങ്ങായിരുന്നു. ഇത്. സര്‍ക്കാരിനും മുകളില്‍ സ്വാമിയെ പ്രതിഷ്ഠിക്കാനുള്ള നീക്കം. അതുകൊണ്ട് കൂടിയാണ് ഈ വാര്‍ത്ത കേരളത്തിലുടനീളം ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചതും. അത് വ്യക്തമാക്കി കേരള കൗമുദിയുടെ റിപ്പോര്‍ട്ടര്‍ തലക്കെട്ടിനൊപ്പം കുറിപ്പെഴുതിയും. ചിത്രം സഹിതമാണ് വാര്‍ത്ത അടിച്ചുവന്നതും. ഈ വാര്‍ത്ത മതി സുനില്‍ സ്വാമിയുടെ സ്വാധീനത്തിന് തെളിവായി. 2016ലാണ് ഈ വാര്‍ത്ത എത്തിയത്. അതു കഴിഞ്ഞ് 9 വര്‍ഷം കഴിയുമ്പോള്‍ സ്വാമി അറസ്റ്റിലാകുന്നു. പ്രധാനമന്ത്രി മോദിയെ വരെ മുതലമട സ്വാമിയുടെ പരിപാടികളില്‍ കാണാം. ഇത്തരം വിഐപി ചിത്രങ്ങളെല്ലാം കാട്ടിയായിരുന്നു സുനില്‍ സ്വാമിയുടെ മുമ്പോട്ട് പോക്ക്. സിനിമാക്കാരും രാഷ്ട്രീയക്കാരുമെല്ലാം സുനില്‍ സ്വാമിയ്ക്ക് അതിവിശ്വസ്ത സുഹൃത്തുക്കളായുണ്ടെന്നതാണ് വസ്തുത. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും അന്തരിച്ച നേതാവുമായ കോടിയേരി ബാലകൃഷ്ണന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവരെല്ലാം മുതലമട സ്വാമിയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
കേരളത്തിലെ അറിയപ്പെടുന്ന ആള്‍ദൈവങ്ങളില്‍ ഒരാളാണ് സുനില്‍ സ്വാമി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വാമിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ അതൊന്നും പത്രങ്ങളില്‍ വാര്‍ത്തയാകാറില്ല. പരസ്യ താല്‍പ്പര്യമാണ് ഇതും മുക്കപ്പെടുന്നതെന്ന് വാര്‍ത്തയോടെ വ്യക്തമാവുകയും ചെയ്തു. സുശക്തമായ മാര്‍ക്കറ്റിങ് സംവിധാനമാണ് ഇതിനായുള്ളത്.
ജീവകാരുണ്യ മറവില്‍ തട്ടിപ്പുകള്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോടി കണക്കിന് രൂപയുടെ ഭൂമി വാങ്ങി കൂട്ടുകയാണ് മുതലമട സ്വാമി എന്നറിയപ്പെടുന്ന പാലക്കാട്ടെ സ്നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടി ആയ സുനില്‍ ദാസ് എന്ന ആരോപമണമെല്ലാം അന്വേഷിക്കപ്പെടാതെ പോകുന്നതും ഈ ഇടപെടലിന്റെ ഫലമാണ്. എയിഡ്സ് രോഗികളുടെയും കുഷ്ഠ രോഗികളുടെയും പുനരധിവാസത്തിന് സമാഹരിച്ച പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങി കൂട്ടുന്നത് എന്ന് നേരത്തെ പലരും ആരോപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ആരും വാര്‍ത്തയാക്കിയില്ല. പല്ലശനയിലെ ഒരു സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന സുനില്‍ ദാസാണ് പിന്നീട് സുനില്‍ ജി യും സുനില്‍ സ്വാമിയുമൊക്കെയായി മാറിയത്. സത്യ സായി സേവാ സമിതി അംഗം ആയിരുന്ന ഇയാള്‍ അവിടെ നിന്ന് പിന്മാറി മുതലമടയിലുള്ള സ്വന്തം വീട് സ്നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റാക്കി മാറ്റുകയായിരുന്നു. എയിഡ്സ് രോഗികളുടെയും കുഷ്ഠ രോഗ്ഗികളുടെയും പുനരധിവാസം, പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ, എല്ലാ ദിവസവും അന്ന ദാനം എന്നിവയാണ് ട്രസ്റ്റിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായി എടുത്ത് കാണിക്കപ്പെടുന്നത്. സമൂഹത്തിലെ ഉന്നതരായ പല വ്യക്തികളേയും ഈ സംരംഭങ്ങളില്‍ പങ്കാളികളാക്കാനും സുനില്‍ ദാസിന് കഴിഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരുടെ കയ്യില്‍ നിന്നും വന്‍ തോതില്‍ സംഭാവനയും സ്വീകരിച്ചു തുടങ്ങി. വേണ്ട പോലെ പണം വേണ്ട കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നില്ല എന്ന് പരാതി സജീവമാണ്. മുതലമട സ്വാമി എന്നറിയപ്പെടുന്ന സുനില്‍ ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വരെ വിവിധ സംഘടനകള്‍ പരാതി അയച്ചിരുന്നു. ജന ജാഗ്രത, പാലക്കാട് മുന്നോട്ട്, പി. യു. സി. എല്‍. എന്നിവരാണ് പരാതി അയച്ചത്. ഇതിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സ്വാമിയെയാണ് കോയമ്പത്തൂരില്‍ തമിഴ്‌നാട് പോലീസ് കേസില്‍ പിടിച്ച് ജയിലിലാക്കുന്നത്.
മുതലമട സ്വാമി എന്നറിയപ്പെടുന്ന പാലക്കാട്ടെ സ്നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ ദാസ് എയിഡ്സ് രോഗികള്‍ക്ക് മരുന്നായി നല്‍കുന്നത് ഭസ്മമാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഒരു നുള്ള് ഭസ്മം കാലത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിക്കുക എന്നതായിരുന്നു ചികിത്സ. ഇത് കഴിച്ചാല്‍ എയിഡ്സ് ഉള്‍പ്പടെ എന്ത് അസുഖങ്ങള്‍ ഉണ്ടെങ്കിലും മാറും എന്ന് ഇയാള്‍ പറഞ്ഞിരുന്നുവത്രെ. എയിഡ്സ് രോഗികള്‍ക്ക് വില കൂടിയ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നാണ് സുനില്‍ ദാസ് നേരത്തെ വ്യക്തമാകിയിരുന്നത്. ഇതിനെതിരെ ഉയര്‍ന്ന ആരോപണം പോലും ആരും ചര്‍ച്ചയായില്ല. ഇത്തരത്തില്‍ പലതരം ആരോപണങ്ങള്‍ക്ക് വിധേയനായ സ്വാമിയാണ് അഴിക്കുള്ളിലായത്. ഈ മാസം ആദ്യം അറസ്റ്റു നടന്നുവെന്ന് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ വാര്‍ത്തയായത് ദിവസങ്ങള്‍ക്ക് ശേഷവും. മധുരയില്‍ നിന്നും കോയമ്പത്തൂര്‍ കേസില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ച് പിടിച്ചത് ആരും അറിയില്ലെന്ന് കരുതി ജയിലില്‍ സ്വാമി സമാധാനത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ് വിവരം പുറത്തെത്തിയത്.
വാരിയര്‍ ട്രസ്റ്റിനെ 25 കോടി പുരസ്‌കാരം നല്‍കി പറ്റിച്ച വിരുതന്‍
പാലക്കാട് ആസ്ഥാനമായുള്ള മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റിലെ ചെയര്‍മാന്‍ സ്വാമി സുനില്‍ ദാസിനെ കോയമ്പത്തൂര്‍ സിറ്റി പോലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. റിയല്‍ എസ്റ്റേറ്റുകാരനില്‍ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്തതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോയമ്പത്തൂരിലെ പീലമേട്ടില്‍ നിന്നുള്ള 55 വയസ്സുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ 63 വയസ്സുള്ള സുനില്‍ ദാസ് കണ്ടുമുട്ടിയതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ട്രസ്റ്റിന് 3,000 കോടി രൂപയില്‍ കൂടുതല്‍ അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി 3 കോടി രൂപ നല്‍കേണ്ടതുണ്ടെന്നും പറഞ്ഞതായും പോലീസ് പറഞ്ഞു. ആര്‍ബിഐയില്‍ നിന്ന് പണം ലഭിക്കുമ്പോള്‍ തുക തിരികെ നല്‍കുമെന്ന് സുനില്‍ ദാസ് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ബാങ്ക് ഇടപാട് വഴി സുനില്‍ ദാസിന് 1,56,85,000 രൂപയും പണമായി 1,43,15,000 രൂപയും കൈമാറിയതായി പോലീസ് പറഞ്ഞു. 2022 ഫെബ്രുവരി 19 മുതലാണ് ഇടപാടുകള്‍ നടന്നത്. സുനില്‍ ദാസ് മൂന്ന് കോടി രൂപ തിരിച്ചടയ്ക്കാത്തതിനാല്‍, വ്യവസായി നാല് മാസം മുമ്പ് പരാതിയുമായി സിസിബിയെ സമീപിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയും സുനില്‍ ദാസിനായി സിസിബി തിരച്ചില്‍ നടത്തുകയും ചെയ്തു. ഈ മാസം ആദ്യം മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജുഡീഷ്യല്‍ റിമാന്‍ഡില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് സിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാരിയര്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എഎസ് മാധവനെ മുമ്പ് പറ്റിച്ച കേസും ചര്‍ച്ചഖളിലെത്തിയിരുന്നു. ടിഎന്‍ ശേഷന്റെ പേരിലുള്ള അവാര്‍ഡ് നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇത്. പ്രളയ സമയത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതിനുള്ള അംഗീകാരമെന്നും പറഞ്ഞു. ഐഎസ് ആര്‍ഒയുടെ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായരെ കൊണ്ട് പുരസ്‌കാരവും നല്‍കി. 25 കോടിയുടെ ചെക്കും കൊടുത്തു. എന്നാല്‍ ചെക്കില്‍ തീയതി വച്ചിട്ടില്ലായിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ ബാങ്കില്‍ നല്‍കരുതെന്നും കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് ശേഷം ഫണ്ട് മാറി കിട്ടാന്‍ 1.5 കോടി അടയ്‌ക്കേണ്ടതുണ്ടെന്നും വിശ്വസിക്കും വിധം പറഞ്ഞു. അങ്ങനെ മാധവനില്‍ നിന്നും ആ തുക വാങ്ങി. അതിന് ശേഷം മറ്റൊരു വായ്പ അടയ്ക്കാന്‍ നാലു കോടിയും ചോദിച്ചു. പിന്നീട് 25 കോടിയുടെ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ പണമില്ലെന്ന് പറഞ്ഞു മടക്കി. ഇതോടെയാണ് വാരിയര്‍ ഫൗണ്ടേഷനിലെ പ്രധാനി തട്ടിപ്പ് മനസ്സിലാക്കിയത്. മഹാരാഷ്ട്ര പോലീസിലാണ് അന്ന് പരാതി നല്‍കിയത്. കേസെടുത്തുവെങ്കിലും വലിയ നടപടികളൊന്നും അന്നുണ്ടായില്ല. ഇതിന് സമാനമായ തട്ടിപ്പാണ് ഇപ്പോഴും നടത്തിയതെന്നാണ് സൂചന.