മുഖ്യമന്ത്രിയെ ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ആവേശം കയറി മുട്ടന്നൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റ്; ഫര്‍സീന്‍ മജീദിന്റെ ഒരുവര്‍ഷത്തെ ശമ്പള വര്‍ദ്ധന തടഞ്ഞു; പിരിച്ചുവിടാന്‍ നീക്കവുമായി വിദ്യാഭ്യാസ വകുപ്പും; അപ്പണി നടപ്പില്ലെന്ന ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഫര്‍സീന്‍ മജീദിന്റെ ഒരുവര്‍ഷത്തെ ശമ്പള വര്‍ദ്ധന തടഞ്ഞു

Update: 2025-07-24 18:27 GMT

മട്ടന്നൂര്‍ : ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദിനെതിരെയുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയില്‍ വിവാദം ശക്തമാകുന്നു. അധ്യാപകനായ ഫര്‍സീന്റെ ഒരുവര്‍ഷത്തെ ശമ്പള വര്‍ധന തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്.

ചാലോട് മുട്ടന്നൂര്‍ യുപി സ്‌കൂള്‍ മാനേജ്മെന്റാണ് നടപടിയെടുത്തത്. സ്ഥാപന മേധാവിയെ അറിയിക്കാതെ യാത്ര ചെയ്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മുഖ്യമന്ത്രിക്കെതിരെ ആക്രമണത്തിന് ശ്രമിച്ചെന്നും അധ്യാപക പദവിക്കുതന്നെ കളങ്കം വരുത്തിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പതിനാല് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ ഉത്തരവ് അന്തിമമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരെയുള്ളത് രാഷ്ട്രീയ പ്രേരിതമായ പ്രതികാര നടപടിയാണെന്നാണ് ഫര്‍സീന്റെ ആരോപണം. 'ഇത് തികച്ചും പ്രതികാര നടപടിയാണെന്നത് നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് ബോധ്യമുണ്ട്. പ്രതികാര നടപടിയെ നിയമപരമായി നേരിടും. കേസില്‍ മൂന്നുവര്‍ഷമായി കുറ്റപത്രം കൊടുക്കാന്‍ പോലും പൊലീസിന് പറ്റിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുപോലും ഒന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ കുറ്റക്കാരനാണെങ്കില്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഞങ്ങള്‍ കൊടുത്തിരിക്കുന്ന കേസിലെ പ്രതിയാണ്. എല്‍ഡിഎഫ് മുന്‍ കണ്‍വീനറായിരുന്ന ഇപി ജയരാജന്‍ പ്രതിയാണ്. മുഖ്യമന്ത്രിയുടെ പിഎ ഈ കേസില്‍ പ്രതിയാണ്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയാണ് കേസെടുത്തത്. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് താന്‍ തയ്യാറല്ല. ആദ്യം കരിങ്കൊടി കാണിച്ചതായിരുന്നു പ്രശ്നം. ഇപ്പോള്‍ വിദ്യാലയത്തില്‍ നിന്നും സ്ഥാപന മേധാവിയുടെ ഉത്തരവില്ലാതെ യാത്ര ചെയ്തു എന്നതിനാണ് നടപടി'യെന്നുംഫര്‍സീന്‍ മജീദ് പറഞ്ഞു.

2022 ജൂണ്‍ പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

ഇതിനു ശേഷം ഫര്‍സീനിനെതിരെ സി.പിഎം പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി ഉയര്‍ന്ന തിനാല്‍ പൊലിസ് സംരക്ഷണമേര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മറ്റി വൈസ് പ്രസിഡണ്ടും അധ്യാപകനുമായ ഫര്‍സിന്‍ മജീദിനെ സര്‍ക്കാര്‍ വേട്ടയാടുന്നത് അനുവദിക്കാനാവില്ലെന്നും ഫര്‍സിനെ യൂത്ത് കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് യുത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് വിജില്‍ മോഹനന്‍ മുന്നറിയിപ്പ് നല്‍കി.പ്രതിഷേധിക്കുന്നവരുടെ വായടപ്പിക്കുന്ന രാഷ്ട്രീയം കണ്ണൂരില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ജൂണ്‍ 13 നാണ് ഫര്‍സീന്‍ മജീദ് ഉള്‍പ്പെടെ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇതിനെ വധശ്രമം, ഗൂഡാലോചന തുടങ്ങി ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പോലീസ് നിരന്തരം വേട്ടയാടുകയാണ്. മൂന്ന് വര്‍ഷമായി ഇന്‍ക്രിമെന്റ്, പ്രമോഷന്‍ അടക്കമുള്ള എല്ലാ അവകാശങ്ങളും തടഞ്ഞിരിക്കുന്നത് ജീവനക്കാരനോട് വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന അവകാശ ലംഘനമാണ്. നിലവില്‍ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനായി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്നും വിജിന്‍ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

ഫര്‍സീന്‍ മജീദിനെതിരായ വേട്ടയാടല്‍ അവസാനിപ്പിക്കണം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചുവെന്നതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെതിരെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന രാഷ്ട്രീയ പ്രേരിത നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കള്ളക്കേസില്‍ ഫര്‍സീനെ പ്രതി ചേര്‍ത്തുവെന്നല്ലാതെ കുറ്റം തെളിയിക്കപ്പെടുകയോ കോടതി ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. മുട്ടന്നൂര്‍ യു.പി. സ്‌കൂളില്‍ അധ്യാപകനായ ഫര്‍സീനെതിരെ ഇതുവരെ സ്വീകരിച്ച നടപടി പോരെന്നും കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നോട്ടീസയച്ചത് ഭരണകക്ഷി നേതാക്കളുടെ ഉന്നത ഇടപെടലിലും സമ്മര്‍ദ്ദത്തിലുമാണെന്ന് വ്യക്തമാണ്. ഫര്‍സീന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ അച്ചടക്ക വിരുദ്ധമായി പെരുമാറുകയോ ചെയ്യുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായിരുന്നു.

ഫര്‍സീന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി മുമ്പാകെ അത് തെളിയിച്ച് ശിക്ഷ വിധിച്ചാല്‍ നടപടി സ്വീകരിക്കുന്നതിന്നു പകരം യാതൊരടിസ്ഥാനവുമില്ലാതെ അദ്ദേഹത്തിന്റെ ജോലിയെ ബാധിക്കുന്ന തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ്. ജനാധിപത്യ വ്യവസ്ഥിതിക്കു നിരക്കാത്ത ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നാണ് പറയാനുള്ളത്. നീതിന്യായ സംവിധാനങ്ങള്‍ക്കു മുകളില്‍ തീര്‍പ്പു കല്‍പ്പിക്കാനും ശിക്ഷവിധിക്കാനുമുള്ള അധികാരം സി പി എമ്മിന്റെ ചൊല്പടിക്കു വഴങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കില്ലെന്ന് മനസിലാക്കണം. ഫര്‍സീനെതിരായ നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്നും നിയമപരമായി വേണ്ട പിന്തുണ നല്‍കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി.


Tags:    

Similar News