എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ ആലോചന സജീവം; പിണറായിയ്ക്ക് താല്‍പ്പര്യം മുന്‍ ചീഫ് സെക്രട്ടറി വേണുവിനെ ഓഫീസില്‍ എത്തിക്കാന്‍; സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പോലീസ് കംപ്ലയിന്റെ അഥോറിട്ടിയില്‍ അംഗമാക്കും; ചീഫ് സെക്രട്ടറിയാകന്‍ കൂടുതല്‍ സാധ്യത ജയതിലകിനും; സെക്രട്ടറിയേറ്റിലെ താക്കോല്‍ സ്ഥാനത്ത് ആരെല്ലാമെത്തും?

Update: 2025-04-16 02:54 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായതോടെ പകരം ആരാകം മുഖ്യമന്ത്രിയുടെ ഓഫീസില്‍ താക്കോല്‍ സ്ഥാനത്ത് എത്തുകയെന്ന ചര്‍ച്ച സജീവം. പഴയ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ വീണ്ടും പദവിയിലെത്തുമെന്ന് കരുതുന്നവരുണ്ട്. രണ്ടാം പിണറായിസര്‍ക്കാര്‍ വന്നപ്പോള്‍ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് സിപിഎം പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ രാഷ്ട്രീയനിയമനമായിരിക്കണമെന്ന് തീരുമാനിച്ചു. അതുകൊണ്ട് തന്നെ സിപിഎം നേതാവ് എത്താനാണ് സാധ്യത. എന്നാല്‍ മുഖ്യമന്ത്രി പിണറായിയുടെ മനസ്സാകും നിര്‍ണ്ണായകം. പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളെ പൊതുവേ മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിക്കാറില്ല. എം.വി. ജയരാജന്‍ നേരത്തേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതും. അതുകൊണ്ട് ജയരാജനെ തിരികെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചേക്കും. അതിനിടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിക്കുതന്നെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലനല്‍കുക എന്ന ആലോചനയുമുണ്ട്.

ഭരണപരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നതെങ്കില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. വേണുവിന്റെ പേരിനാണ് മുന്‍തൂക്കം. ചീഫ് സെക്രട്ടറിസ്ഥാനത്തിരുന്ന ഒരാള്‍ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടുമെത്തുമോ എന്ന ചര്‍ച്ച സജീവമാണ്. വേണുവില്ലെങ്കില്‍ പഴയ പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹനന്‍ വീണ്ടുമെത്തിയേക്കാം. മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം കാബിനറ്റ് പദവിയോടെ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന തസ്തികയില്‍ പ്രത്യേക ചുമതല വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വേണുവിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദിത്തത്തില്‍ താല്‍പ്പര്യമില്ലെന്നാണ് സൂചന. വേണുവിന്റെ ഭാര്യ കൂടിയായ ശാരദാ മുരളീധരന്‍ ഈ മാസം അവസാനം വിരമിക്കും. ശാരദാ മുരളീധരന് പോലീസ് കംപ്ലയിന്റ് അഥോറിട്ടിയില്‍ അംഗമായി നിയമനം വീണ്ടും നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ വേണു പുതിയ പദവി ഏറ്റെടുക്കാന്‍ വിസമ്മതിക്കുമെന്നും സൂചനകളുണ്ട്. അതിനിടെ പുതിയ ചീഫ് സെക്രട്ടറിയായി എസ് ജയതിലക് എത്തുമെന്നാണ് വിലയിരുത്തല്‍. മന്ത്രിസഭാ യോഗം ഇക്കാര്യത്തിലും തീരുമാനം എടുക്കും.

ശാരദ മുരളീധരന്‍ ഏപ്രില്‍ 30ന് വിരമിക്കും. ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാനാണ് സാദ്ധ്യത.കേരള കേഡര്‍ ഐ.എ.എസുകാരില്‍ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയര്‍. 1989 ബാച്ചുകാരനായ മനോജ് ജോഷിക്ക് പക്ഷേ ഡെപ്യൂട്ടേഷനില്‍ നിന്ന് മടങ്ങിവരാന്‍ താത്പര്യമില്ലെന്നാണ് അറിയുന്നത്. രാജസ്ഥാന്‍ സ്വദേശിയായ മനോജ് നേരത്തെ രണ്ടു തവണ ചീഫ്‌സെക്രട്ടറിയാകാനുള്ള അവസരം നിരാകരിച്ചിരുന്നു.ഡോ. ജയതിലക്, പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് പിന്നെയുള്ള സീനിയര്‍ ഐ.എ.എസുകാര്‍. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചനാ ഷായും മടങ്ങിവരാനിടയില്ല. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി ഈ മാസം 31ന് വിരമിക്കും.

അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണസ്വാമിക്ക് സാദ്ധ്യത കുറവാണ്. ഇതോടെയാണ് 1991 ബാച്ചിലെ ജയതിലകിന് ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതയേറിയത്. ജയതിലകിന് 2026 ജൂണ്‍ വരെ കാലാവധിയുണ്ട്.മുതിര്‍ന്ന ഐ.എ.എസുകാരില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് മേയ് 31നും വിരമിക്കും.

Tags:    

Similar News