റാണി ലക്ഷ്മി ബായിക്കൊപ്പം യുദ്ധത്തിനിറങ്ങിയ മുതുമുത്തശ്ശി, മുത്തശ്ശനും ആര്‍മിയില്‍; സോഫിയാ ഖുറേഷിയുടെ കുടുംബം യോദ്ധാക്കളുടെ വീര്യം സിരകളില്‍ ഉള്ളവര്‍; 'മകളെപ്പറ്റി അഭിമാനം, ദേശസ്‌നേഹം ഞങ്ങളുടെ ചോരയിലുണ്ടെ'ന്ന് പിതാവ് താജ് മുഹമ്മദ് ഖുറേഷി; 'ഓപ്പറേഷന്‍ സിന്ദൂര്‍' വന്‍ വിജയമാകുമ്പോള്‍ അഭിമാനത്തോടെ ഖുറേഷി കുടുംബം

റാണി ലക്ഷ്മി ബായിക്കൊപ്പം യുദ്ധത്തിനിറങ്ങിയ മുതുമുത്തശ്ശി

Update: 2025-05-08 06:54 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആക്രമണം ലോക രാജ്യങ്ങള്‍ക്ക് പോലും അമ്പരപ്പിച്ചു. ഈ ദൗത്യം നടത്തിയത് എങ്ങനെയാണെന്ന് വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയാണ്. ഇതോടെ ഖുറേഷി കുടുംബം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ വന്നു. ഖുറേഷി കുടുംബത്തെ കുറിച്ചുള്ള സെര്‍ച്ചുകള്‍ ഓണ്‍ലൈനില്‍ നിറഞ്ഞപ്പോള്‍ പരമ്പരാഗതമായി യോദ്ധാക്കളുടെ കുടുംബമാണ് ഇവരെന്നാണ് വ്യക്തമായ കാര്യം. റാണി ലക്ഷ്മി ബായിക്കൊപ്പം പോലും പോരിനിറങ്ങിയ മുതുമുത്തശ്ശിയുടെ പിന്തുടര്‍ച്ചക്കാരിയാണ് സോഫിയ ഖുറേഷി.

പട്ടാളക്കാരുടെ ഈ കുടുംബം രാജ്യത്തിന്റെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ്. സോഫിയയുടെ പിതാവ് താജ് മുഹമ്മദ് ഖുറേഷിയും ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ അഴമഴിഞ്ഞ് പിന്തുണക്കുകയാണ്. ഞങ്ങള്‍ ആദ്യം ഇന്ത്യക്കാരാണ്. മുസ്ലിമെന്നത് പിന്നീടേ വരുന്നുള്ളു. ഞങ്ങള്‍ക്ക് രാജ്യമാണ് പ്രധാനം'' വഡോദരയില്‍ തന്തലജയിലെ വസതിയിലിരുന്ന് കേണല്‍ സോഫിയാ ഖുറേഷിയുടെ പിതാവ്  ഖുറേഷി പറഞ്ഞത് ഇങ്ങനെയാണ്.

'മകളെപ്പറ്റി അഭിമാനമുണ്ട്. ദേശസ്നേഹം ഞങ്ങളുടെ ചോരയിലുണ്ട്. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വഴിയാണ് സൈന്യത്തിലേക്ക് നിയമനം കിട്ടിയത്. മറ്റെല്ലാം ഉപേക്ഷിച്ച് സോഫിയ സൈനികസേവനം തിരഞ്ഞെടുത്തു. ഇളയമകളും സൈന്യത്തില്‍ ചേരണമെന്ന് നിശ്ചയിച്ചിരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു. സോഫിയയെ അഭിനന്ദിച്ച് ഗുജറാത്ത് സര്‍ക്കാരും പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പട്ടാള കുടുംബത്തില്‍ ജനിച്ച സോഫിയ കുടുംബത്തെ കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആര്‍മി കിഡ് എന്ന നിലയില്‍ എനിക്ക് സൈനിക അന്തരീക്ഷവുമായി പരിചയം ഉണ്ടായിരുന്നു എന്നാണ് സോഫിയ പറഞ്ഞത്. എന്റെ അച്ഛന്‍ ആര്‍മിയിലായിരുന്നു, എന്റെ മുത്തച്ഛന്‍ ആര്‍മിയിലായിരുന്നു, എന്റെ മുതുമുത്തശ്ശി റാണി ലക്ഷ്മി ബായിയോടൊപ്പമായിരുന്നു. അവര്‍ ഒരു പൂര്‍ണ്ണ യോദ്ധാവായിരുന്നു. ഞങ്ങളില്‍ ആരെങ്കിലും ആര്‍മിയില്‍ ചേരണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചു. രാജ്യത്തെ പ്രതിരോധിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് എന്റെ മുത്തച്ഛന്‍ പറയാറുണ്ടായിരുന്നു,- എന്നാണ് സോഫിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്.


 



ഗുജറാത്തിലെ വഡോദര സ്വദേശിയാണ് കേണല്‍ സോഫിയ ഖുറേഷി. രാജ്യത്തെ സംബന്ധിച്ച സുപ്രധാന നിമിഷത്തെ കുറിച്ചുള്ള വിശദീകരണത്തിലും രാജ്യത്തിന്റെ അഭിമാനനിമിഷത്തിലും കേണല്‍ സോഫിയ ഖുറേഷിയും ഭാഗമായതില്‍ അഭിമാനിക്കുകയാണ് ധീരസൈനികയുടെ കുടുംബം.

അധ്യാപികയാകാനുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്ന കേണല്‍ സോഫിയ ഗവേഷണപഠനം ഉപേക്ഷിച്ചാണ് സൈന്യത്തില്‍ ചേര്‍ന്നത്. കേണല്‍ സോഫിയയുടെ മാതാപിതാക്കളും സഹോദരന്‍ മുഹമ്മദ് സഞ്ജയും വഡോദരയിലാണ് താമസിക്കുന്നത്. പിഎച്ച്ഡി ഏകദേശം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അധ്യാപികയാകണമെന്ന മോഹമുപേക്ഷിച്ച് രാജ്യത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിലേക്ക് കേണല്‍ സോഫിയ എത്തിയതെന്ന് സഹോദരന്‍ സഞ്ജയ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന മുത്തച്ഛന്റേയും പിതാവിന്റേയും പാതയാണ് സഹോദരി തിരഞ്ഞെടുത്തതെന്ന് സഞ്ജയ് പറഞ്ഞു.

'ഞങ്ങളുടെ സിരകളില്‍ ദേശസ്നേഹമാണ് ഒഴുകുന്നതെന്ന് പറയാം. സ്‌കൂള്‍ പഠനത്തിനുശേഷം ബിഎസ് എസിയും ബയോകെമിസ്ട്രിയില്‍ ബുരുദാനന്തര ബിരുദവും നേടിയ സോഫിയയുടെ ആഗ്രഹം ഒരു കോളേജ് അധ്യാപികയാകണമെന്നായിരുന്നു. വഡോദര എംഎസ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് ലക്ചററായി ചേര്‍ന്നു. അതിനോടൊപ്പം ഗവേഷണവും തുടര്‍ന്നു. ആ സമയത്താണ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലൂടെ സോഫിയ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ സൈന്യത്തിന്റെ ഭാഗമാകാനായി ചെറുപ്പകാലം മുതലുള്ള ആഗ്രഹം ഉപേക്ഷിച്ചു; ഒപ്പം ഗവേഷണപഠനവും.' സഞ്ജയ് പറഞ്ഞു.



 

സഹോദരിയെ കുറിച്ച് ഏറെ അഭിമാനിക്കുന്നതായി പറഞ്ഞ സഞ്ജയ് തന്റെ കൗമാരപ്രായക്കാരിയായ മകള്‍ സാറയ്ക്ക് ഇന്ത്യന്‍ സേനയില്‍ ചേരാനാണ് ആഗ്രഹമെന്നും അതിന് പ്രചോദനമായത് സഹോദരിയാണെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കുറിച്ചാണ് തങ്ങള്‍ ആശങ്കപ്പെടുന്നതെന്നാണ് കേണല്‍ സോഫിയയുടെ പിതാവ് താജുദ്ദീന്‍ ഖുറേഷിയുടെ പ്രതികരണം. മകളെ കുറിച്ച് അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ മനസ്സില്‍ ഇന്ത്യക്കാരാണെന്ന യാഥാര്‍ഥ്യമാണ് ആദ്യം ഉണരുന്നതെന്നും മുസ്ലിമെന്നുള്ള ചിന്തയൊക്കെ അതിനുശേഷമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് 1999-ല്‍ ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ ചേരുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ഓഫീസറായ കേണല്‍ സോഫിയ ഖുറേഷി നിരവധി നേട്ടങ്ങളിലൂടെ സൈനിക ചരിത്രത്തില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ആസിയാന്‍ അന്താരാഷ്ട്ര സൈനിക അഭ്യാസ ക്യാമ്പില്‍ ഇന്ത്യന്‍ സേനയെ നയിച്ച ആദ്യ വനിത ഓഫീസര്‍ ആണ് സോഫിയ. 2016-ല്‍ പൂണെയില്‍ വെച്ച് നടന്ന 17 രാജ്യങ്ങള്‍ പങ്കെടുത്ത ആസിയാന്‍ സൈനിക ക്യാമ്പില്‍ നാല്പത് അംഗ ഇന്ത്യന്‍ സേനാവിഭാഗത്തെ നയിച്ചത് സോഫിയ ആയിരുന്നു.

18 രാജ്യങ്ങളില്‍ നിന്നുള്ള ലീഡിങ് കമാന്‍ഡര്‍മാരിലെ ഏക വനിതയായിരുന്നു അവര്‍. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ മിലിട്ടറി ഡ്രില്ലായിരുന്നു ഇത്. അന്ന് 35 വയസ്സായിരുന്നു സോഫിയയ്ക്ക്. യുഎന്‍ സമാധാനസേനയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയവും സോഫിയയ്ക്കുണ്ട്. 2006-ല്‍ കോംഗോയിലെ യു.എന്‍ പീസ് മിഷന്റെ ഭാഗമായിരുന്നു. കേണല്‍ സോഫിയ ഖുറേഷിയുടെ ഭര്‍ത്താവ് മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രിയിലെ ഉദ്യോഗസ്ഥനാണ്.


 



ഇന്ത്യന്‍ ആര്‍മിയില്‍ ജനറലായി വിരമിച്ച ബിപിന്‍ റാവത്ത് ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ അദ്ദേഹം സോഫിയ ഖുറേഷിയുടെ ധീരത ദൂരെ നിന്നേ ശ്രദ്ധിച്ചിട്ടുള്ളവ്യക്തിയാണ്. അദ്ദേഹം സോഫിയ ഖുറേഷിയെ അഭിനന്ദിച്ചിട്ടുമുണ്ട്. ബിപിന്‍ റാവത്തിന്റെ ആ വാക്കുകള്‍ പൊന്നായി. നേതൃശേഷിയും നിര്‍ഭയത്വവും ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലെ കിറുകൃത്യത- ഇതെല്ലാമാണ് സോഫിയ ഖുറേഷിയെ പടിപടിയായി ഉയര്‍ത്തി കേണല്‍ പദവിയിലേക്ക് എത്തിച്ചത്. സോഫിയയുടെ വനിത എന്നുള്ള പരിഗണനയല്ല, അവരുടെ നേതൃശേഷിയും കഴിവുമാണ് അവരെ തെരഞ്ഞെടുത്തതിന് പിന്നിലെന്ന് അന്ന് സതേണ്‍ കമാന്‍ഡിന്റെ സൈനിക കമാന്‍ഡറായ ബിപിന്‍ റാവത്ത് അന്ന് പറഞ്ഞ വാക്കുകള്‍ ഓപ്പറേഷന്‍ സിന്ദുര്‍ എന്ന ദൗത്യത്തിലെ കിറുകൃത്യത കാണുമ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു.



Tags:    

Similar News