ഫൈസി ഒന്ന് തിരിച്ച് ചിന്തിച്ചേ... ഹൈക്കോടതിയില്‍ ഇതേ കേസ് കൊണ്ടു പോയാലോ.... അവിടെയും ലൈവായി കാണാം; സുപ്രീം കോടതിയില്‍ കേസെത്തിയാല്‍ അവിടെയും സുതാര്യമായി ആര്‍ക്കും നടപടികള്‍ കാണാം; എന്റെ ഉള്ളില്‍ പ്രകാശം പരന്നു.; തിരിച്ചറിവ് വന്നു; എസ് സിെയക്കാള്‍ പവര്‍ സിഎസിനാണ്! ചീഫ് സെക്രട്ടറിയെ ട്രോളി വീണ്ടും പ്രശാന്ത്; ഹിയറിംഗിന് പ്രശാന്ത് എത്തുമോ?
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്പെന്‍ഷനിലായ എന്‍ പ്രശാന്ത് ഹിയറിങ്ങിനായി ചീഫ് സെക്രട്ടറിക്ക് മുമ്പാകെ ഇന്ന് ഹാജരാകുന്നതില്‍ അവ്യക്തത തുടരുന്നു. വൈകീട്ട് 4. 30 ന് ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ ഹിയറിങ്ങിന് പ്രശാന്ത് മുന്നോട്ടുവെച്ച ഉപാധികള്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ തള്ളിയിരുന്നു. അതിനിടെ താന്‍ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന സൂചനകളുമായി പ്രശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും എത്തി. ഇതോടെ പ്രശാന്ത് ഹിയറിംഗിന് പോകില്ലെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്.
ഹിയറിങ്ങ് വീഡിയോ റെക്കോര്‍ഡ് ചെയ്യണം, അത് ലൈവ് സ്ട്രീമിങ് ചെയ്യണം എന്നീ ഉപാധികളായിരുന്നു പ്രശാന്ത് മുന്നോട്ടുവെച്ചിരുന്നത്. ഐഎഎസ് ചട്ടത്തില്‍ പറഞ്ഞിട്ടുള്ള കാര്യമല്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഈ ഉപാധികള്‍ തള്ളിയത്. വകുപ്പ് തല നടപടിയുടെ ഭാഗമായി രണ്ടു ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിങ് നടത്തും. ഹിയറിങ്ങിന് ഹാജരായാല്‍ ചട്ട പ്രകാരമുള്ള നടപടി പൂര്‍ത്തീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. ഈ നേരിട്ട് ഹാജരാകലിന് തൊട്ടു മുമ്പും ചീഫ് സെക്രട്ടറിയെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുകയാണ് പ്രശാന്ത്
പ്രശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
അച്ചടക്ക നടപടിയില്‍ എന്റെ ഭാഗം ഒരു തവണയെങ്കിലും കേള്‍ക്കുമാറാകണം എന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുന്നു. ഞാന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാവുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിങ്ങും സ്ട്രീമിങ്ങും ഉള്‍പ്പെടെ സുതാര്യമായ ഹിയറിങ്ങിന് അപേക്ഷിച്ചത്. അതാദ്യം അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ എനിക്ക് ലഭിച്ചു. സാരമില്ല. ആറ് മാസത്തിന് ശേഷമാണെങ്കിലും എന്നെ കേള്‍ക്കാന്‍ സന്മനസ്സുണ്ടായതാണ് വലിയ കാര്യം.
ഫൈസി ഒന്ന് തിരിച്ച് ചിന്തിച്ചേ. ഇതേ വിഷയം ഞാനിനി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ കൊണ്ട് പോയാല്‍ അവിടെ നടപടികള്‍ സുതാര്യമായി കാണാം. Open court ആണ്. ഹൈക്കോടതിയില്‍ ഇതേ കേസ് കൊണ്ടു പോയാലോ, അവിടെയും ലൈവായി കാണാം. സുപ്രീം കോടതിയില്‍ കേസെത്തിയാല്‍ അവിടെയും സുതാര്യമായി ആര്‍ക്കും നടപടികള്‍ കാണാം. എന്റെ ഉള്ളില്‍ പ്രകാശം പരന്നു. തിരിച്ചറിവ് വന്നു. SC യെക്കാള്‍ പവര്‍ CS നാണ്.
ഹിയറിംഗ് വീഡിയോയില്‍ റെക്കോഡ് ചെയ്യണമെന്നും ലൈവ് സ്ട്രീമിംഗ് നടത്തണമെന്നുമുള്ള പ്രശാന്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നത്. ഇതെല്ലാം സമ്മതിച്ച ചീഫ് സെക്രട്ടറി പിന്നീട് പിന്‍മാറിയെന്നും അത് വിചിത്രമായിരിക്കുന്നുവെന്നുമാണ് കഴിഞ്ഞ ദിവസവും സാമൂഹ്യമാദ്ധ്യമത്തില്‍ കുറിച്ചിരുന്നു. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ അപകീര്‍ത്തികരമായ വിമര്‍ശനം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കാതിരുന്നതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ പ്രശാന്തിനെ നേരിട്ട് കേള്‍ക്കാനും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകിട്ട് നാലരയ്ക്ക് ഹിയറിംഗിന് വിളിച്ചിരിക്കുന്നത്. ഏഴു വിചിത്ര രാത്രികള്‍ എന്ന പേരില്‍ പ്രശാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം :
'10.02.2025 ന് നല്‍കിയ കത്തില്‍ ഹിയറിംഗ് റെക്കോര്‍ഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂര്‍ണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിന്‍വലിച്ചു. ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണങ്ങള്‍ ഒന്നും കത്തില്‍ അറിയിച്ചിട്ടില്ല. അതില്‍ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല എന്നാല്‍ കൊട്ടാരം ലേഖകര്‍ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത് ആര്‍ക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ? എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് അറിയുന്നത്. സ്ട്രീമിങ് അനുവദിച്ച ആദ്യ ഉത്തരവ് കാണാത്ത മട്ടില്‍ ചില ചാനല്‍ തൊഴിലാളികള്‍ തകര്‍ത്ത് അഭിനയിക്കുന്നതും കണ്ടു. നിരന്തരം നിര്‍ഭയം, ഉറവിടമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നതും, രേഖകള്‍ തമസ്‌കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.