പ്രമോഷന്‍ ഉടനടി നല്‍കണം; പ്രഹസനം അവസാനിപ്പിക്കണം; ജയതിലകിനെതിരെ കേസെടുക്കണം; ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല; സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല! വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്; 'കളക്ടര്‍ ബ്രോ'യെ ഉടന്‍ തിരിച്ചെടുക്കുമോ?

Update: 2025-04-17 00:58 GMT

തിരുവനന്തപുരം; ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്ന ഡോ ജയതിലകിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഓഫീസര്‍ എന്‍ പ്രശാന്ത് വീണ്ടും രംഗത്ത്. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് 'ന്നാ താന്‍ പോയി കേസ് കൊട്' എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്ന് പ്രശാന്ത് പറയുന്നു. ഞാനിതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ക്കുന്നു.

സസ്പെന്‍ഷന്‍ നേരിടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ എന്‍. പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദ മുരളീധരനു മുന്നില്‍ ഹിയറിങ്ങിനു ഹാജരായിരുന്നു. ചീഫ് സെക്രട്ടറിയുടെ ചേംബറിലായിരുന്നു ഹിയറിങ്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെ സാമൂഹിക മാധ്യമംവഴി നിരന്തരം വിമര്‍ശിച്ചതിനാണ് കൃഷിവകുപ്പു സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ നിലപാട് ഹിയറിങ്ങിലും ആവര്‍ത്തിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു പ്രശാന്തിനോടു നേരിട്ടു വിശദീകരണം തേടാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഹിയറിങ് ലൈവായി നടത്തണമെന്ന പ്രശാന്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി തള്ളിയിരുന്നു.

എന്നാല്‍, ചീഫ് സെക്രട്ടറി തന്റെ ആവശ്യം ആദ്യം സമ്മതിച്ചിരുന്നെന്നും പിന്നീടു പിന്മാറിയതാണെന്നും ആരോപിച്ചു പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതോടെ പ്രശാന്ത് ഹിയറിങ്ങിന് എത്തുമോയെന്നു സംശയമുയര്‍ന്നു. പക്ഷേ, കൃത്യസമയത്തുതന്നെ പ്രശാന്ത് ചീഫ് സെക്രട്ടറിക്കു മുമ്പിലെത്തി. വിശദമായി നിലപാട് അവതരിപ്പിച്ചു. അതേസമയം, താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന പ്രചാരണം പ്രശാന്ത് നിഷേധിച്ചിട്ടുണ്ട്. പിന്നാലെയാണ് പുതിയ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ നിലപാട് ആവര്‍ത്തിക്കുന്നത്. പ്രശാന്തിനെ ഉടന്‍ തിരിച്ചെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

കളക്ടര്‍ ബ്രോ എന്നാണ് പൊതു സമൂഹം പ്രശാന്തിനെ വിളിക്കാറുള്ളത്. കോഴിക്കോട് കളക്ടറായിരിക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ കാരണമാണ് ഇത്. എന്നാല്‍ കരുതലോടെ മാത്രം പ്രശാന്തിനെ തിരിച്ചെടുക്കുന്നതിനോടാണ് സര്‍ക്കാരിന് താല്‍പ്പര്യം. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇതിന്റെ സൂചനകളാണ് തന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ഹയിറിംഗിന്റെ സാരാംശത്തിലെ പ്രശാന്തിന്റെ പോസ്റ്റും ചര്‍ച്ചയാകുന്നത്.

അഡിഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ സമൂഹ്യമാധ്യമത്തിലൂടെ ആക്ഷേപം ഉന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐ.എ.എസ്.ഓഫീസര്‍ എന്‍. പ്രശാന്ത് ഇന്നലെ ചീഫ് സെക്രട്ടറി ശാരദാമുരളീധരന് മുമ്പാകെ ഹിയറിംഗിന് ഹാജരായി തെളിവുകളുമായാണ്. വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഹിയറിംഗ് രണ്ടുമണിക്കൂര്‍ നീണ്ടു.അച്ചടക്കനടപടി സംബന്ധിച്ച് പ്രശാന്തിന്റെ ഭാഗം വിശദീകരിക്കാനായിരുന്നു ഹിയറിംഗ്. പ്രശാന്ത് ചട്ടലംഘന ആരോപണം പൂര്‍ണ്ണമായി നിഷേധിച്ചതായാണ് അറിയുന്നത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടത്. കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.ഉടന്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചു തിരിച്ചു കയറി എനിക്കവിടെ ഒന്നും മറിക്കാനില്ല എന്നാണ് ഹിയറിംഗിനുശേഷമുള്ള പ്രശാന്തിന്റെ പ്രതികരണം.

തനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്നും തെളിവ് നശിപ്പിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.ജയതിലക് ഐ.എ.എസിനെ വിമര്‍ശിക്കുന്നത് ചട്ടലംഘനമല്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍ പ്രശാന്ത് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍ ആണെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്നലെ ഹിയറിംഗിന് ഹാജരാകുന്നതിന് മുമ്പും പ്രശാന്ത് ചീഫ് സെക്രട്ടറിയെ പരിഹസിച്ച് സമൂഹമാദ്ധ്യമത്തില്‍ കുറിപ്പിട്ടു.സുപ്രീംകോടതിയെക്കാള്‍ പവറാണ് ചീഫ് സെക്രട്ടറിക്കെന്നായിരുന്നു പരിഹാസം.നടപടിയുണ്ടായാല്‍ ട്രൈബൂണലിനെ സമീപിക്കും എന്നും കുറിപ്പില്‍ സൂചനയുണ്ട്. ഇത് തന്നെയാണ് പുതിയ കുറിപ്പിലും പങ്കുവയ്ക്കുന്ന സൂചന.

പ്രശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങള്‍ ചോദിച്ച് വന്ന അനവധി മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി ഇടാന്‍ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാന്‍ ശ്രമിക്കാം. ഹിയറിങ്ങില്‍ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:

1. ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തി വെച്ച്, അതിന്റെ പേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷന്‍ ഉടനടി നല്‍കണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.

2. ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ വീണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.

3. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണം.

4. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് 'ന്നാ താന്‍ പോയി കേസ് കൊട്' എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്.

5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)

Tags:    

Similar News