തനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയോ? സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥന്‍ ആര്? അതില്‍ കൃത്രിമമില്ലെന്ന് ഉറപ്പിച്ചോ? ചീഫ് സെക്രട്ടറിയോട് പ്രശാന്ത് ചോദിക്കുന്നത് ഏഴ് ചോദ്യങ്ങള്‍; ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കണമെങ്കില്‍ വിശദീകരണം വേണമെന്ന് ആവശ്യം; അസാധാരണ നീക്കവുമായി പ്രശാന്ത്; ഐഎഎസ് പോര് പുതിയ തലത്തില്‍
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യ വിമര്‍ശമുന്നയിച്ചതിന് നടപടി നേരിട്ട എന്‍ പ്രശാന്ത് ഐ എസ് എസ് മറ്റൊരു അസാധാരണ നീക്കവുമായി രംഗത്ത്. തനിക്ക് നല്‍കിയ ചാര്‍ജ് മെമ്മോയ്ക്ക് വിശദീകരണം നല്‍കാത്ത പ്രശാന്ത് തിരിച്ച് ചീഫ് സെക്രട്ടറിയോട് ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയാല്‍ ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കാമെന്നാണ് അതില്‍ പറയുന്നത്. ഏഴു കാര്യങ്ങളിലാണ് ചീഫ് സെക്രട്ടറിയില്‍ നിന്നും ഉത്തരം തേടുന്നത്. പ്രശാന്തിന്റെ നടപടിയില്‍ സര്‍ക്കാര്‍ കടുത്ത അതൃപ്തിയിലാണ്. ഐഎഎസ് തലത്തിലെ പോരിനെ പുതിയ തലത്തിലെത്തിക്കുന്നതാണ് ഈ അസാധാരണ നീക്കം. മറുപടി പറയാന്‍ അസാധ്യമായ കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയോട് പ്രശാന്ത് ചോദിക്കുന്നതെന്നതും പ്രധാനമാണ്. 16നാണ് വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറിയുടെ ചാര്‍ജ്ജ് മെമ്മോയ്ക്ക് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരണം ചോദിക്കുന്നതും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.
തനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയോ എന്നതാണ് ചീഫ് സെക്രട്ടറിയോടുള്ള പ്രധാന ചോദ്യം. എന്തുകൊണ്ട് സര്‍ക്കാര്‍ സ്വന്തം നിലയില്‍ വിശദീകരണം തേടിയെന്നും ചോദിക്കുന്നു. ഇതിനൊപ്പം നടപടിക്ക് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തതിനേയും കുറ്റപ്പെടുത്തുന്നു. തന്റെ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്തത് ആരെന്നും ഏത് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണ് അത് ശേഖരിച്ചതെന്നും പ്രശാന്ത് അന്വേഷിക്കുന്നു. ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ കൃത്രിമം അല്ലെന്ന് ഉറപ്പിച്ചോ എന്ന ചോദ്യവുമുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മാത്രമേ ചാര്‍ജ് മെമ്മോയ്ക്ക് വിശദീകരണമുള്ളൂവെന്നാണ് പ്രശാന്ത് പറയുന്നത്. പത്തു ദിവസത്തില്‍ അധികമായിട്ടും ഇതിനോട് ചീഫ് സെക്രട്ടറി പ്രതികരിച്ചിട്ടില്ല. സര്‍ക്കാരിന്റെ കൂടി അഭിപ്രായം മാനിച്ചാണ് ഈ മൗനം. പ്രശാന്തിനെതിരെ സര്‍ക്കാര്‍ വ്യക്തമായ നിയമോപദേശം തേടുന്നുണ്ടെന്നും സൂചനകളുണ്ട്.
വിവിധ കുറ്റങ്ങള്‍ ആരോപിച്ച ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു നേരത്തെ പ്രശാന്ത് ഐ എ എസ്. ആദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് , കെ ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. നടപടി എടുക്കാത്തപക്ഷം കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയതിലക് ഐ.എ.എസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സാമൂഹിക മാധ്യമത്തീലൂടെ വിമര്‍ശിച്ചതിന് സസ്പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു എന്‍ പ്രശാന്ത് ഐഎഎസ്.അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്. എ ജയതിലക് ഐഎഎസിന്റെ ചിത്രം സഹിതമാണ് എന്‍ പ്രശാന്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാര്‍മശം നടത്തിയത്. തനിക്കെതിരെ പത്ര ത്തിന് വാര്‍ത്ത നല്‍കുന്നത് എ ജയതിലകാണെന്ന് എന്‍ പ്രശാന്ത് ആരോപിച്ചിരുന്നു. 'ഓണക്കിറ്റില്‍ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയര്‍ തീര്‍ക്കാന്‍ മാത്രം ആരും കേരളത്തിലില്ലെന്നും എന്‍ പ്രശാന്ത് ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു. ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമര്‍ശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്ന കമന്റിനുള്ള മറുപടിയായാണ് എന്‍ പ്രശാന്ത് ഇക്കാര്യം കുറിച്ചത്.
'ജനിച്ച് വീണതേ ഐ എ എസ് ആവും എന്ന് കരുതിയിട്ടല്ല. പഠിച്ചതാകട്ടെ നിയമമാണ്. ഓണക്കിറ്റില്‍ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്. ജോലിയും കരിയറും തീര്‍ക്കാന്‍ മാത്രം ആരും കേരളത്തില്‍ ഇല്ല എന്നാണെന്റെ ഒരിത്' - ഇങ്ങനെയായിരുന്നു പ്രശാന്ത് നല്‍കിയ ഒരു മറുപടി.'നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ നല്ലോണം ആലോചിച്ചു ചെയ്യൂ.. ജോലിയും കരിയറും ഒക്കെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു വിഭാഗം തലക്കുമുകളില്‍ ഉണ്ടെന്നു മറന്നു പോകരുത്. സമാധാനമായി ചിന്തിച്ചു പക്വതയോടെ വേണ്ടത് ചെയ്യൂ' എന്ന കമന്റിനുള്ള മറുപടിയായാണ് എന്‍ പ്രശാന്ത് ഇങ്ങനെ കുറിച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ ചിത്രം സഹിതമുള്ള കുറിപ്പില്‍ നേരത്തെ എന്‍ പ്രശാന്ത് അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാര്‍ത്ത നല്‍കുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, 'സ്‌പെഷല്‍ റിപ്പോര്‍ട്ടര്‍' എന്നാണ് ജയതിലകിനെ പരിഹസിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് വിമര്‍ശിച്ചിരുന്നു. ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും എന്നാല്‍ തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്‍മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എന്‍. പ്രശാന്ത് ചൂണ്ടിക്കാട്ടുന്നുണ്ട്.
മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ് വിവാദവുമായി ബന്ധപ്പെട്ടാണ് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെതിരെ വക്കീല്‍ നോട്ടീസ് പ്രശാന്ത് അയച്ചത്. ഈ വിഷയത്തില്‍ ഗോപാലകൃഷ്ണനെതിരെ ഇനിയും പോലീസ് നടപടി എടുത്തിട്ടില്ല.