നിലയ്ക്കലില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വച്ച എം എസ് പി ബറ്റാലിയനിലെ എസ്ഐയ്ക്കെതിരേ നടപടി വന്നേക്കും; ഹോട്ടലിലെത്തി വിളിച്ചത് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം; ഇത് ഇയാളുടെ പതിവ് പരിപാടിയെന്ന് സഹപ്രവര്‍ത്തകര്‍; പാര്‍ട്ടി തണലില്‍ വിലസുന്നുവെന്നും ആക്ഷേപം

Update: 2024-12-14 05:27 GMT

പത്തനംതിട്ട: നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ മദ്യപിച്ച് ലക്കുകെട്ട് സഹപ്രവര്‍ത്തകരെയും തീര്‍ഥാടകരെയും അസഭ്യം പറഞ്ഞു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. തുടര്‍ന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഇയാള്‍ക്കെതിരേ നടപടിയുണ്ടാകും.

മലപ്പുറം എം.എസ്.പിയിലെ എസ്.ഐയാണ് ഇന്നലെ രാത്രി 11 മണിയോടെ നിലയ്ക്കലിലെ ഹോട്ടലില്‍ മദ്യപിച്ച നിലയില്‍ എത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും തീര്‍ഥാടകരെയും സഹപ്രവര്‍ത്തകരെയും കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഡിവൈ.എസ്.പി സ്ഥലത്ത് ചെന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് പരിശോധിക്കുകയായിരുന്നു.

ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ച് ബഹളം കൂട്ടിയതിനും മേലുദ്യോഗസ്ഥരെ അസഭ്യം വിളിച്ചതിനും ഇയാള്‍ക്കെതിരേ 2021 ല്‍ അടക്കം അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്. ചില സി.പി.എം നേതാക്കളുടെ തണലിലാണ് ഇയാള്‍ വിലസുന്നതെന്ന് പറയുന്നു. ഇതു കാരണം പലപ്പോഴും വകുപ്പു തല അന്വേഷണം പ്രഹസനമാവുകയാണ് പതിവ്. ഇന്നലെ നടന്ന സംഭവം മൂടിവയ്ക്കാനും ശ്രമം നടക്കുന്നുണ്ട്.

മദ്യനിരോധനം നിലനില്‍ക്കുന്ന സ്ഥലമാണ് നിലയ്ക്കല്‍. ഇവിടെ മദ്യവുമായി വരുന്നവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്നു ലിറ്റര്‍ മദ്യവുമായി തമിഴ്നാട് സ്വദേശിയെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, മദ്യപിച്ച് വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരേ ഉദാര സമീപനമാണ് പോലീസ് കൈക്കൊള്ളുന്നത്. കഴിഞ്ഞയാഴ്ച നിലയ്ക്കലില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് തീര്‍ഥാടകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ക്കെതിരേ നടപടി എടുത്തതായി അറിവില്ല.

Tags:    

Similar News