ഇറാന്‍ തുറമുഖത്ത് വന്‍ സ്‌ഫോടനം; ബന്ദര്‍ അബ്ബാസില്‍ നടന്നത് എന്ത്? റെവല്യൂഷണറി ഗാര്‍ഡ് നേവി കമാന്‍ഡറെ വധിക്കാന്‍ നീക്കമെന്ന് അഭ്യൂഹം; പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയ ഇറാനെ പൂട്ടാന്‍ ട്രംപിന്റെ പടക്കപ്പലുകള്‍; ഇസ്രായേലും യൂറോപ്പും ചേര്‍ന്ന് ചതിച്ചെന്ന് പസെഷ്‌കിയാന്‍
ഇറാന്‍ തുറമുഖത്ത് വന്‍ സ്‌ഫോടനം;
ടെഹ്‌റാന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ഹോര്‍മുസ് കടലിടുക്കില്‍ വന്‍ സ്‌ഫോടനം. ഇറാന്‍ തുറമുഖത്ത് നടന്നത് എന്ത് എന്ന കാര്യത്തില്‍ അവ്യക്തത. ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലാണ് ശനിയാഴ്ച ശക്തമായ സ്‌ഫോടനം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
റെവല്യൂഷണറി ഗാര്‍ഡ് നേവി കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഇറാനിലെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം അറിയിച്ചു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയ പശ്ചാത്തലത്തിലും, ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കകള്‍ക്കിടയിലുമാണ് ഈ സ്‌ഫോടനം ഉണ്ടായത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ 500 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5,000-ത്തോളം പേര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇറാനിലേക്ക് ഒരു കപ്പല്‍പ്പട (armada) നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ട്രംപിന്റെ പരിഗണനയിലാണെന്ന് സൂചനയുണ്ട്. ഇറാന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ ചൂഷണം ചെയ്ത് രാജ്യത്ത് കലാപം അഴിച്ചുവിടാന്‍ അമേരിക്കയും ഇസ്രായേലും യൂറോപ്യന്‍ നേതാക്കളും ശ്രമിക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പസെഷ്‌കിയാന്‍ ശനിയാഴ്ച ആരോപിച്ചു.