ഒരു ചായക്കാരന്റെ വക ചായ മറ്റൊരു ചായക്കാരന്; അഖില്‍ പട്ടേലിന്റെ തഗ് ഡയലോഗിന് മോദിയുടെ പൊട്ടിച്ചിരി; ഇന്ത്യയുടെ രുചിയറിയൂ എന്ന് സ്റ്റാര്‍മറോട് കളിയും കാര്യവും; ഇരു പ്രധാനമന്ത്രിമാര്‍ക്കും ലഭിച്ച മസാല ചായയിലെ ഏലക്കയും ഇഞ്ചിയും കേരളത്തില്‍ നിന്നും; മിഹിറിന്റെ വീഡിയോ പറന്നത് 20 മില്യണ്‍ ആളുകളിലേക്ക്
ഒരു ചായക്കാരന്റെ വക ചായ മറ്റൊരു ചായക്കാരന്
ലണ്ടന്‍: ഇന്നലെ മുഴുവന്‍ ഇന്ത്യന്‍ വംശജരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മുഴുവന്‍ ആസ്വദിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും തമ്മിലുള്ള ഒരു ചായ കുടിയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം സ്‌കൂള്‍ കുട്ടികളുടെ ക്രിക്കറ്റ് ടീം അടക്കം നിരവധി പൊതുപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഇത്തരം ഒരു ചടങ്ങിനിടെ ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് അമല ചായ എന്ന താത്കാലിക ഷാമിയാനയില്‍ ചായ വിതരണം നടക്കുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍ ഒരു ചായ കുടിയാകട്ടെ എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ ഇരുവരെയും ഷാമിയാനയിലേക്ക് ക്ഷണിച്ചതോടെയാണ് രസകരമായ ഒരു സംഭാഷണം പിറക്കുന്നതും ഇപ്പോള്‍ അത് വൈറലായി ലോകമെങ്ങും പറക്കുന്നതും. ഈ സംഭാഷണത്തില്‍ കേരളവും കടന്നു കൂടി എന്നത് മലയാളികള്‍ക്കും ആവേശമായി മാറിയിട്ടുണ്ട്.
ഒരു ചായക്കാരന്‍ മറ്റൊരു ചായക്കാരന് ചായ കൊടുത്തപ്പോള്‍
ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് കൗതുകം നിറഞ്ഞ വേദികള്‍ ലഭിക്കുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ പ്രോട്ടോക്കോളിന്റെ അങ്ങേയറ്റത്തു നില്‍ക്കുന്ന ഇത്തരം ചടങ്ങുകളില്‍ ട്രോളിനു സമാനമായ തമാശ പിറക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം ആയിരിക്കും. എന്നാല്‍ മോദിക്കും സ്റ്റാര്‍മര്‍ക്കും ചായ നല്‍കാന്‍ നിയോഗിക്കപ്പെട്ട അഖില്‍ പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ യുവാവ് ആദ്യം സ്റ്റാര്‍മര്‍ക്ക് ചായ നല്‍കിയ ശേഷം മോദിക്ക് ചായ നല്‍കുമ്പോള്‍ പിറന്ന സ്വാഭാവിക തഗ് ഡയലോഗാണ് ഇപ്പോള്‍ ലോകം ആഘോഷിക്കുന്നത്. മോദിയും ചെറുപ്പകാലത്തു ചായ വിറ്റിരുന്ന ആളാണ് എന്നത് ലോകമെങ്ങും അറിയാവുന്ന കാര്യം ആയതിനാല്‍ അഖില്‍ പട്ടേല്‍ ഒരു ചായക്കാരന്‍ മറ്റൊരു ചായക്കാരനു നല്‍കുന്നു എന്നാണു തമാശയായി പറഞ്ഞത്.
ഇതാകട്ടെ പൊട്ടിച്ചിരിയോടെയാണ് മോദി സ്വീകരിച്ചത്. അഖിലും ഇന്ത്യന്‍ വംശജന്‍ ആയതിനാല്‍ അതൊരു കുടുംബകാര്യം പോലെയാണ് കേട്ടവര്‍ക്കും ഫീല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലും കടക്ക് പുറത്തു എന്ന് ഭരണാധികാരികളില്‍ നിന്നും കേട്ടിട്ടുള്ള മലയാളികള്‍ക്ക് ഈ തമാശ പോലും അത്ഭുതവും ആശ്ചര്യവും ആയി തോന്നിയിരിക്കണം. പ്രധാനമന്ത്രിയെ പോലെ ഒരാള്‍ ഒരു സാധാരണക്കാരന്റെ അല്‍പം കളിയാക്കല്‍ നിറഞ്ഞ തമാശയെ അതേ സെന്‍സില്‍ ഏറ്റെടുത്തു എന്നതാണ് ഈ വീഡിയോക്ക് ലഭിച്ച സ്വീകാര്യത തെളിയിക്കുന്നത്.
24 മണിക്കൂറിനകം 20 മില്യണിലേറെ ആളുകളിലേക്ക്
അഖില്‍ പട്ടേലിന്റെ ഈ തഗ്ഗ് ഡയലോഗും മോദിയുടെ ചിരിയും മിഹിര്‍ പാണ്ഡ്യ എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സാധാരണയായി മിഹിര്‍ പാണ്ഡ്യ വല്ലപ്പോഴും വീഡിയോ ഷെയര്‍ ചെയ്യുന്ന ആള്‍ ആണെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന് മില്യണ്‍ കാഴ്ചക്കാരെ ലഭിക്കുന്നത്. അതിനു കാരണമായത് ഇതേ വീഡിയോ നരേന്ദ്ര മോദിയും ബിജെപിയും ഷെയര്‍ ചെയ്തതോടെ കാണാത്തവരായി ആരുമില്ലെന്ന നിലയായി. മോദിയും ബിജെപിയും ഒക്കെ എക്‌സിനെ വീഡിയോ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ചപ്പോള്‍ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും അതേറ്റുപിടിച്ചു. ഇതോടെ രസകരമായ ഈ കാഴ്ചകള്‍ കാണാത്തവര്‍ ആരുമില്ലെന്ന നിലയായി. അഖില്‍ പട്ടേലും തൊട്ടരികെ നിന്ന് വീഡിയോ പകര്‍ത്തിയ മിഹിര്‍ പാണ്ഡ്യയും ആകട്ടെ നിന്ന നില്‍പില്‍ താരമാകുകയും ചെയ്തു. മിഹിര്‍ പാണ്ഡ്യ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ലോകമെങ്ങും പറക്കുന്നത്. വാര്‍ത്തകളില്‍ കൂടി വീഡിയോ എത്തിയതോടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആഘോഷമാക്കുകയാണ് അഖില്‍ പട്ടേലിന്റെ ഡയലോഗും മോദിയുടെ ചിരിയും.
ആസാമിലെ ചായ, കേരളത്തിലെ മസാല, യു ഹാവ് ഇന്ത്യന്‍ ടേസ്റ്റ്
മോദിക്കും സ്റ്റാര്‍മര്‍ക്കും ചായ പകര്‍ന്നു നല്‍കുന്നതിനിടയിലാണ് അഖില്‍ പട്ടേല്‍ ചായയെക്കുറിച്ചു വിശദീകരണം നല്‍കിയത്. ഇന്ത്യന്‍ സോസ്, ആസാമിലെ ചായ, കേരളത്തില്‍ നിന്നുള്ള ഏലയ്ക്ക, കുരുമുളക്, ഇഞ്ചി, കറുവപ്പട്ട എന്നിവ ചേര്‍ത്ത ചായയാണ് താങ്കള്‍ക്ക് നല്‍കുന്നത് എന്നാണ് സ്റ്റാര്‍മര്‍ക്ക് ചായ കൈമാറുമ്പോള്‍ അഖില്‍ പട്ടേല്‍ പറയുന്നത്. അപ്പോള്‍ മോദി കൂട്ടിച്ചേര്‍ക്കുന്നത് താങ്കള്‍ക്കിപ്പോള്‍ ഇന്ത്യയുടെ രുചി ആസ്വദിക്കാം എന്നാണ്. ഇതിനു ശേഷമാണു അഖില്‍ മോദിക്ക് ചായ നല്‍കുന്നതും ലോകം ഏറ്റെടുത്ത ഡയലോഗ് പറയുന്നതും.
ചരിത്രപരമെന്നു വിശേഷിപ്പിക്കപ്പെട്ട കരാര്‍ ഒപ്പിട്ട ശേഷമാണ് മോദിയും സ്റ്റാര്‍മറും ചായ്‌പേയ് ചര്‍ച്ചയ്ക്ക് തയ്യാറായത്. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതല്‍ രുചികരമായ ചായ പോലെ സുദൃഢമായി മാറുകയാണ് എന്നും മോദി കൂട്ടിച്ചേര്‍ത്തതും ചായ്പേയ് ചര്‍ച്ചയുടെ ഊഷ്മളതയാണ് വിരല്‍ ചൂണ്ടുന്നത്. ഇടയ്ക്ക് മോദിക്ക് സ്റ്റാര്‍മറുടെ പ്രസംഗം തര്‍ജമ ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരുന്ന ജീവനക്കാരന്‍ പ്രയാസപ്പെടുന്നത് കണ്ടപ്പോള്‍ വിഷമിക്കണ്ട ഇംഗ്ലീഷില്‍ തുടരാമെന്നും മോദി തന്നെ അറിയിക്കുക ആയിരുന്നു. മോദിയും സ്റ്റാര്‍മറും ചായ കുടിക്കാന്‍ എത്തിയ ആംല ടീയുടെ സ്റ്റാളില്‍ അജിത് ഡോവല്‍, എസ് ജയശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ ഒക്കെ എത്തിയിരുന്നു എന്നതും ശ്രദ്ധേയമായി.