കേരളത്തിന്റെ കാത്തിരിപ്പ് വെറുതേയായി! സംസ്ഥാനത്തിന് അതിവേഗ റെയില്‍ ഇടനാഴി ഇല്ല; പുതുതായി ഏഴ് അതിവേഗ ഇടനാഴി പ്രഖ്യാപിച്ചു നിര്‍മ്മല സീതാരാമന്‍; 'കേരളം, കേരളം' എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍; ബജറ്റില്‍ കേരളത്തെ ചേര്‍ത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു;. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതിയെന്ന് ധനമന്ത്രി
കേരളത്തിന്റെ കാത്തിരിപ്പ് വെറുതേയായി! സംസ്ഥാനത്തിന് അതിവേഗ റെയില്‍ ഇടനാഴി ഇല്ല;
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളം കാത്തിരുന്ന പദ്ധതിയില്ല. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച് ഏഴ് അതിവേഗ ഇടനാഴിയിലാണ് കേരളം ഉള്‍പ്പെടാതിരുന്നത്. ഇതോടെ കേരള എംപിമാര്‍ 'കേരളം, കേരളം' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
തമിഴ്‌നാട്,കര്‍ണാടക ,ബംഗാള്‍ സംസ്ഥാനങ്ങളിലാണ് പുതിയ അതിവേഗ ഇടനാഴികള്‍ കേന്ദ്രം പ്രഖ്യാപിച്ചത്. മുംബൈ - പുണെ, പുണെ -ഹൈദരാബാദ്, ഹൈദരാബാദ് -ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ -ബെംഗളൂരു, ഡല്‍ഹി - വാരാണസി, വാരാണസി - സിലിഗുരി എന്നീ ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി പഖ്യാപിച്ചിത്.
അടുത്ത അഞ്ചു വര്‍ഷത്തില്‍ 20 പുതിയ ജലപാതകളെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വാരണാസിയെയും പറ്റ്‌നയെയും ബന്ധിപ്പിച്ച് ജലപാത നിര്‍മിക്കും. നഗര വികസനത്തിന് 5000 കോടിയും അനുവദിച്ചു. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണല്‍ ഹാന്‍ഡി ക്രാഫ്റ്റ് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി അനുവദിച്ചു. സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്.
അതേസമയം ബജറ്റില്‍ കേരളത്തെ ചേര്‍ത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേര്‍ത്ത് റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അപൂര്‍വ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണിത്. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്കായി ചൈനയെ ആണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്.
നേരത്തെ സംസ്ഥാന ബജറ്റിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വിഴിഞ്ഞം- ചവറ- കൊച്ചി അപൂര്‍വ ധാതു ഇടനാഴിക്കായി 42,000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചത്. 50,000 തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇന്ത്യയുടെ സെമികണ്ടക്ടര്‍ പദ്ധതികളുടെ വികസനത്തിനായി 40,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റില്‍ 'ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0' പ്രഖ്യാപിച്ചു. സെമികണ്ടക്ടര്‍ വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണം, പരിശീലനം എന്നിവയ്ക്കാവും മുന്‍തൂക്കം നല്‍കുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. ആഗോള സെമികണ്ടക്ടര്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനമാണ് ബജറ്റില്‍ ധനമന്ത്രി നടത്തിയിരിക്കുന്നത്.
കര്‍ത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ത്തവ്യങ്ങള്‍ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങള്‍, സൗകര്യങ്ങള്‍, അവസരങ്ങള്‍ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കര്‍ത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു.
