ഇനി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന വാദം സര്‍ക്കാരിനും സിപിഎമ്മിനും ഇനി ഉയര്‍ത്താനാകില്ല; അന്വേഷണത്തിന് കോടതി പറഞ്ഞാല്‍ സമ്മതമെന്ന് സിബിഐ; അന്വേഷണം കൈമാറില്ലെന്ന് പിണറായി സര്‍ക്കാരും; എഡിഎമ്മിന്റെ ഭാര്യയുടെ ആവശ്യങ്ങളില്‍ ഇനി വിശദ വാദം; നിര്‍ണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതിയും; 12ന് വിശദ വാദം കേള്‍ക്കല്‍

Update: 2024-12-06 06:01 GMT

കൊച്ചി: നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ വാക്കുകള്‍ പച്ചക്കള്ളമെന്ന് തെളിഞ്ഞു. കണ്ണൂരിലെ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഉറച്ച നിലപാട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അതിനിടെ കോടതി നിര്‍ദ്ദേശിച്ചാല്‍ കേസെടുക്കാമെന്ന് സിബിഐയും നിലപാട് എടുത്തു. കേസ് 12ന് ഇനി വീണ്ടും പരിഗണിക്കും. അന്ന് വിശദ വാദം കേള്‍ക്കും. നവീന്‍ ബാബുവിന്റേത് കൊലപതാകമാകാം എന്ന സംശയമാണ് കുടുംബത്തിനുള്ളത്. വാദത്തില്‍ ഇതിന് ബലമേകുന്ന കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടി വരും. സര്‍ക്കാര്‍ സമ്മതിച്ചിരുന്നുവെങ്കില്‍ കോടതിക്ക് വാദം കൂടാതെ തീരുമാനത്തിലെത്താന്‍ കഴിയുമായിരുന്നു. ഇതിനുള്ള സാഹചര്യമാണ് സര്‍ക്കാരിന്റെ നിലപാട് കാരണം അകന്നു പോകുന്നത്.

സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് ഇനി പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. പൊളിറ്റിക്കല്‍ ഇന്‍ഫ്‌ലുവന്‍സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാന്‍ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ അറിയിച്ചു. എന്നാല്‍ അന്വേഷണം കൈമാറാന്‍ തയാറല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 12ലേക്ക് മാറ്റി. സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദ മറുപടി 12ന് നല്‍കും. ഇതിനൊപ്പം അന്ന് വിശദ വാദവും നവീന്‍ ബാബുവിന്റെ കുടുംബം അവതരിപ്പിക്കും.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പോലീസ് അന്വേഷണത്തില്‍ വീഴ്ചകളൊന്നുമില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതിനാലാണ് സി.ബി.ഐ. അന്വേഷണത്തിനുള്ള സാഹചര്യമില്ലെന്ന് കോടതിയെ അറിയിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. മരണം കൊലപാതകമാണെന്ന ആരോപണവും പോലീസ് പരിശോധിക്കും.

നേരത്തെ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യത്തെ സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും തള്ളിയിരുന്നു. കെ നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

Tags:    

Similar News