നെഞ്ചിന്റെ മര്‍മ്മഭാഗത്ത് അതിശക്തമായി ഇടിച്ചാല്‍ അടിവസ്ത്രത്തില്‍ രക്തക്കറ എത്തും; ഈ സാധ്യത പരിശോധിച്ചില്ല; മുനീശ്വരം കോവിലിലെ സിസിടിവില്‍ തെളിഞ്ഞത് അഴിക്കോട്ടെ പ്രശാന്തന്‍; പ്ലാസ്റ്റിക് കയറിലും ആത്മഹത്യാ തെളിവോ? നവീന്‍ ബാബുവിന് നീതി നല്‍കാതെ കുറ്റപത്രം; കുടുംബം വീണ്ടും കോടതിയിലേക്ക്
കണ്ണൂര്‍: നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ വെറും സാങ്കേതികത്വത്തില്‍ തള്ളുകയാണ് കേരളാ പോലീസ്. മരിച്ച നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് തെളിയിക്കാനുള്ള വൃഗ്രത കുറ്റപത്രത്തിലുണ്ട്. അതിനിടെ അഴിക്കോട്ടെ പ്രശാന്തന്‍ ആരെന്ന ചര്‍ച്ചയും കുറ്റപത്രം ഉയര്‍ത്തുന്നു. കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബു ഒരാളെ മാത്രമാണ് കണ്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വൈകിട്ട് എഴോടെ അഴീക്കോട്ടെ പ്രശാന്തനെയാണ് കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപത്ത് കണ്ടത്. അദ്ദേഹത്തെയും പോലീസ് വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നുവെന്ന് കുറ്റപത്രം പറയുന്നു. അതിനിടെ കുറ്റപത്രത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചേക്കും. തങ്ങളുടെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് അറിയിക്കും. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയ പ്രശാന്തനെ പ്രതിയാക്കാത്ത സാഹചര്യവും ചര്‍ച്ചയാക്കും. പ്രശാന്തന്റെ ഇടപെടലാണ് പിപി ദിവ്യയുടെ ഭീഷണിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വ്യക്തം. എന്നിട്ടും ഇത് കുറ്റപത്രത്തിലേക്ക് വരുന്നില്ലെന്നതാണ് അത്ഭുതകരമാകുന്നത്.
മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ മാത്രമെന്ന് കുറ്റപത്രം പറയുന്നത്. ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളടക്കം ഉള്‍പ്പെടുത്തിയ കുറ്റപത്രം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ചു. ഡിഐജിയുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബാംഗങ്ങള്‍ അടക്കം 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
നവീന്‍ ബാബു തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പ്ലാസ്റ്റിക് കയറിന്റെയും അടിവസ്ത്രത്തില്‍ കാണപ്പെട്ട കറയുടെയും വസ്ത്രങ്ങളുടെയും ശാസ്ത്രീയപരിശോധനാഫലങ്ങള്‍ ആത്മഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് കയര്‍ ഉത്തരത്തില്‍ കെട്ടുമ്പോള്‍ കൈവിരലിലെ നഖങ്ങള്‍ക്കിടയിലും കയറിന്റെ അംശങ്ങള്‍ കണ്ടെടുത്തു. അടിവസ്ത്രത്തില്‍ കണ്ട കറ തൂങ്ങിനില്‍ക്കുമ്പോള്‍ സംഭവിച്ച ഭയത്തില്‍നിന്നോ മറ്റോ ആയിരിക്കുമെന്നാണ് പറയുന്നത്. ഇന്‍ക്വസ്റ്റിലെ ഈ കറ നിരവധി സംശയങ്ങളുണ്ടാക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം ഏകപക്ഷീയമായി തള്ളുകയാണ് കുറ്റപത്രം. നെഞ്ചില്‍ അതിശക്തിയായി ആരോ ഇടിച്ചതിന്റെ ഫലമാണ് മരണമെന്ന ആക്ഷേപം സജീവമായിരുന്നു. ഇതിനുള്ള സാധ്യതകള്‍ തള്ളാന്‍ വേണ്ടിയാണ് ഭയത്തിന്റെ സാധ്യത ചര്‍ച്ചയാക്കി പോലീസ് പഴുതടയ്ക്കുന്നത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ടി.എം.പ്രജിത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അതില്‍ തൂങ്ങിമരണമെന്നാണ് കണ്ടെത്തിയത്. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നുമില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയം ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റിലും അത്തരം സംശയത്തിന് കാരണമായ തെളിവുകള്‍ കിട്ടിയിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുന്‍പ് പുലര്‍ച്ച 4.56-ന് ഭാര്യ മഞ്ജുഷയുെടയും സഹോദരന്‍ പ്രവീണ്‍ ബാബുവിന്റെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹപ്രവര്‍ത്തകന് സന്ദേശമായി അയച്ചുകൊടുത്തത് മരണവിവരം അറിയിക്കാനാണെന്ന് തെളിവായി കുറ്റപത്രത്തിലുണ്ട്. എന്നാല്‍ നവീന്‍ ബാബുവിന്റെ ഫോണില്‍ നിന്നും മറ്റൊരാള്‍ അയച്ചതാകാനുള്ള സാധ്യതയിലേക്ക് പോലീസ് അന്വേഷണം പോയില്ല.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ക്കും കുറ്റപത്രത്തില്‍ മറുപടി പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ രണ്ട് ഫോണുകളിലും ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നില്ല. പോലീസ് സംഘം മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാക്കുറിപ്പ് ലഭിച്ചില്ല. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വേണം ഇന്‍ക്വസ്റ്റ് തയ്യാറാക്കേണ്ടത് എന്നത് നിര്‍ബന്ധമല്ല. മരണം നടന്ന് നാലുമണിക്കൂറിനുള്ളില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് സര്‍ക്കുലറുണ്ടെന്നും വിശദീകരിക്കുന്നു.
പത്തനംതിട്ടയില്‍ നിന്ന് 12 മണിക്കൂറോളം യാത്രയുള്ളതിനാല്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ കളക്ടറേറ്റ് ഉദ്യോഗസ്ഥരോട് ഫോണില്‍ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ 15-ന് രാവിലെ 10.45-നും 11.45-നും ഇടയിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. 15-ന് രാത്രി 11-ഓടെയാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയത്. പത്തനംതിട്ടയില്‍നിന്ന് ബന്ധുക്കള്‍ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കളക്ടറേറ്റ് ഉദ്യോഗസ്ഥരോട് ഇന്‍ക്വസ്റ്റ് നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് സഹോദരന്‍ പലവട്ടം പറഞ്ഞതാണ്. ഇത് പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.
2024 ഒക്ടോബര്‍ 14നാണ് എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. തൊട്ടടുത്ത ദിവസം ക്വാര്‍ട്ടേഴ്‌സിലെ ഉത്തരത്തില്‍ നവീന്‍ ബാബു തൂങ്ങിമരിച്ചെന്നാണ് കേസ്. തുടക്കത്തില്‍ അസ്വാഭാവിക മരണമായിരുന്നെങ്കില്‍ വൈകാതെ പി.പി.ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണത്തിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി ചുമതലകളില്‍നിന്നും സിപിഎം ദിവ്യയെ ഒഴിവാക്കുകയും ചെയ്തു.