മറ്റൊരു പരിപാടിയിലായതിനാല്‍ വൈകിയാലും ചടങ്ങിനെത്തുമെന്ന് 3.13-ന് കളക്ടറെ ദിവ്യ വിളിച്ചറിയിച്ചു; അപ്പോഴവരെ താന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കളക്ടറുടെ മൊഴി; പിപി ദിവ്യയുടെ ഗൂഡാലോചനയ്ക്കുള്ള തെളിവിന് ഈ മൊഴി മാത്രം മതി; കളക്ടറും ദിവ്യയെ ചതിച്ചു! നവീന്‍ ബാബുവിനെ തീര്‍ത്തത് ആസൂത്രിതമായി തന്നെ

Update: 2025-03-09 02:24 GMT

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ബാബുവിന്റെ യാത്രയയപ്പിനുതൊട്ടുമുമ്പ് മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ ഫോണില്‍നിന്ന് നാലുതവണ കളക്ടറെ വിളിച്ചിട്ടുണ്ടെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തുമ്പോള്‍ തെളിയുന്നത് ഗൂഡാലോചന. ചടങ്ങ് തുടങ്ങിയോയെന്നറിയാന്‍ ദിവ്യയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കളക്ടറുടെ സി.എ.യെ വിളിച്ചെന്നാണ് റിപ്പോര്‍ട്ട്. കളക്ടറും ദിവ്യയെ കൈവിട്ടുവെന്നതാണ് റിപ്പോര്‍ട്ടിലെ യാഥാര്‍ത്ഥ്യം. എല്ലാ പ്രശ്‌നത്തിനും ഉത്തരവാദി ദിവ്യയാണെന്ന് കളക്ടര്‍ മൊഴി നല്‍കി. 'മറ്റൊരു പരിപാടിയിലായതിനാല്‍ വൈകിയാലും ചടങ്ങിനെത്തുമെന്ന് 3.13-ന് ദിവ്യ, കളക്ടറെ വിളിച്ചറിയിച്ചു. അപ്പോഴവരെ താന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കളക്ടറുടെ മൊഴി' -റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതായത് എല്ലാം മനസ്സില്‍ ഉറപ്പിച്ചാണ് ദിവ്യ എത്തിയതെന്ന് വ്യക്തം. തല്‍കാലം ഈ റിപ്പോര്‍ട്ടില്‍ ദിവ്യ പ്രതികരണം നടത്തില്ല. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയെന്ന് പോലീസ് പറയുന്നു. കൊലപാതകമെന്ന് വിശ്വസിക്കുകയാണ് കുടുംബം. ഏതായാലും നവീന്‍ ബാബുവെന്ന പച്ചയായ മനുഷ്യനെ മരണത്തിന് എറിഞ്ഞു കൊടുത്തത് ആസൂത്രിത നീക്കത്തിന്റെ ഫലമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.

വഴിയേ പോകുന്നതിനിടെയാണ് യാത്രയയപ്പ് നടക്കുന്നുണ്ടെന്ന് മനസ്സിലായതെന്നുപറഞ്ഞായിരുന്നു ചടങ്ങില്‍ ദിവ്യയുടെ പ്രസംഗം. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കളക്ടറോ കളക്ടറേറ്റിലെ ഏതെങ്കിലും ജീവനക്കാരനോ ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചതിനും തെളിവൊന്നുമില്ല. യാത്രയയപ്പ് അനൗദ്യോഗിക ചടങ്ങായതിനാല്‍ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അറിയിപ്പിട്ടെന്നുമാത്രമാണ് സ്റ്റാഫ് സെക്രട്ടറിയുടെ മൊഴി. ഇതും ദിവ്യയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതാണ്. അതായത് നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള ബോധപൂര്‍വ്വ ശ്രമം ചിലരുടെ ഭാഗത്തുണ്ടായി എന്നാണ് സൂചന. കളക്ടറും നവീന്‍ ബാബുവുമായി നല്ല ബന്ധത്തിലായിരുന്നില്ല. അവധി നല്‍കുന്നതില്‍ അടക്കം പ്രശ്‌നമുണ്ടായി. ഇത് എഡിഎമ്മിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മൊഴിയായി നല്‍കി. പത്തനംതിട്ടയിലെ സ്ഥലം മാറ്റം വൈകിപ്പിക്കാനും ശ്രമമുണ്ടായി എന്ന ്‌സിഎ പറയുന്നു.

പെട്രോള്‍ പമ്പ് ഇടപാടില്‍ പ്രശ്‌നമുണ്ടെന്ന് തന്നോട് പറഞ്ഞു വന്ന് കളക്ടര്‍ മൊഴി നല്‍കി. തെറ്റു പറ്റിയെന്ന് പറഞ്ഞുവെന്ന് വിശദീകരണ കുറിപ്പിലും പറയുന്നു. എന്നാല്‍ ഇതിനൊന്നും തെളിവില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ അഴിമതിക്ക് തെളിവില്ലെന്ന് പറയുന്നുമുണ്ട്. അതായത് നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ വിശദീകരിക്കുന്നതും പച്ചക്കള്ളം. ഇവിടെ ദിവ്യയെ രക്ഷിച്ചെടുക്കാനുള്ള കളക്ടറുടെ ശ്രമവും തെളിയുന്നു. യാത്രയയപ്പുദിവസം രാവിലെ പത്തേമുക്കാലോടെ, ജില്ലാആസൂത്രണ ഓഫീസില്‍ നടന്ന ഐക്യദാര്‍ഢ്യ പക്ഷാചരണച്ചടങ്ങില്‍ കളക്ടറും ദിവ്യയും പങ്കെടുത്തിരുന്നു. പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സി. നവീന്‍ബാബു ബോധപൂര്‍വം വൈകിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കളക്ടറോട് ദിവ്യ പറഞ്ഞു. രേഖാമൂലം പരാതിയോ തെളിവോ ഉണ്ടെങ്കില്‍ നല്‍കാന്‍ കളക്ടര്‍ പറഞ്ഞു. കൈവശം തെളിവില്ലെന്നും പരാതിക്കാരനോട് ചോദിക്കട്ടെയെന്നും ദിവ്യയും പറഞ്ഞു.

ചടങ്ങിനെത്തിയ ദിവ്യ ആദ്യം സംസാരിക്കാന്‍ വിസമ്മതിച്ചു. പിന്നീട് ഉപഹാരസമര്‍പ്പണത്തിന് തൊട്ടുമുമ്പ് മൈക്ക് ഓണാക്കി പ്രസംഗിച്ചു. അതിനുശേഷം ഉടന്‍ സ്ഥലം വിട്ടു. അവരുടെ വാക്കുകള്‍ കേട്ട് നവീന്‍ബാബു വിഷണ്ണനായി കാണപ്പെട്ടു. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് സ്വകാര്യചാനല്‍ പ്രതിനിധികളുടെ മൊഴി. നവീന്‍ബാബുവിന്റെ മരണം അന്വേഷിച്ച പോലീസ് സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. സംഭവത്തെക്കുറിച്ചു പരിശോധിക്കാന്‍ നിയോഗിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ദിവ്യയ്ക്കു അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയായാണ്്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ച ദിവ്യ യാത്രയയപ്പ് ചടങ്ങിനു ക്ഷണമില്ലാതെ എത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടില്‍ ദിവ്യക്കെതിരേയുള്ള മൊഴികളടക്കം പരാമര്‍ശിക്കുന്നുണ്ട്.

യാത്രയയപ്പ് ചടങ്ങിലേക്കു യാദൃച്ഛികമായി ദിവ്യ വന്നതാണെന്ന വാദം തള്ളുന്നതാണ് ഈ മൊഴികള്‍. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ല. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതായി കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനു മുന്‍കൈയെടുത്തത് ദിവ്യയാണെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ചടങ്ങിനു മുമ്പു ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയാണെന്നും കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ മൊഴിനല്‍കിയിട്ടുണ്ട്. വീഡിയോ പകര്‍ത്തിയ ആളുമായി യോഗത്തിനുശേഷം ദിവ്യ സംസാരിച്ചെന്നും ഇവര്‍ മൊഴി നല്‍കി.

ദിവ്യയെ യാത്രയയപ്പ് യോഗത്തിനു ക്ഷണിച്ചതിനു തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് അടിവരയിടുന്നു. ദൃശ്യങ്ങളില്‍നിന്നു നവീന്‍ ബാബുവിനു മാനസിക ബുദ്ധിമുട്ടുണ്ടാകുന്നുവെന്നു വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News