ബാബുവും മാങ്കൂട്ടവും പുറത്ത്; ഐസിയ്ക്കും എല്‍ദോസിനും കാത്തിരിക്കണം; ബാക്കി എല്ലാ സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും; ഇതിനൊപ്പം 19 മണ്ഡലങ്ങളിലെ പേരുകാരിലും ധാരണ; ഈ സീറ്റുകളില്‍ എല്ലാം വിജയം ഉറപ്പിക്കും; ആദ്യ ഘട്ട പട്ടികയിലൂടെ യുഡിഎഫ് കേവല ഭൂരിപക്ഷ മാര്‍ക്ക് കടക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി കോണ്‍ഗ്രസ്. സിറ്റിങ് എംഎല്‍എമാര്‍ക്കു പുറമേ 19 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ധാരണയായി.
സിറ്റിങ് എംഎല്‍എമാരായ കെ. ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഐ.സി. ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), എല്‍ദോസ് കുന്നപ്പിള്ളി (പെരുമ്പാവൂര്‍) എന്നിവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലോ മാനന്തവാടിയിലോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണന്‍ മത്സരിച്ചാല്‍ ഉഷ മാനന്തവാടിയിലേക്കു മാറും. അല്ലാത്തപക്ഷം ബത്തേരിയില്‍ ഉഷ സ്ഥാനാര്‍ഥിയാകും.
പ്രമുഖ നേതാക്കളുടെ പട്ടികയില്‍ കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ ജനവിധി തേടും. ബിന്ദു കൃഷ്ണ (കൊല്ലം), ജ്യോതികുമാര്‍ ചാമക്കാല (പത്തനാപുരം), രമ്യാ ഹരിദാസ് (അടൂര്‍), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), വി.ടി. ബല്‍റാം (തൃത്താല) എന്നിവരുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. നടന്‍ രമേഷ് പിഷാരടി പാലക്കാട് സ്ഥാനാര്‍ഥിയായേക്കും. കണ്ണൂരില്‍ അമൃതാ രാമകൃഷ്ണനും കൊയിലാണ്ടിയില്‍ കെ. പ്രവീണ്‍കുമാറും നാദാപുരത്ത് കെ.എം. അഭിജിത്തും മത്സരിക്കും. ചെങ്ങന്നൂരില്‍ മറിയം ഉമ്മന്‍ ചാണ്ടി, ബിനു ചുള്ളിയില്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
മുസ്ലിം ലീഗുമായുള്ള സീറ്റ് കൈമാറ്റ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. തിരുവമ്പാടി-പട്ടാമ്പി, കളമശ്ശേരി-കൊച്ചി സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായാല്‍ ഇവിടങ്ങളിലെ പട്ടികയും പൂര്‍ത്തിയാകും. തൃശൂരില്‍ ബിജെപിക്കായി പത്മജ വേണുഗോപാല്‍ വന്നാല്‍ ടി.വി. ചന്ദ്രമോഹനെ കോണ്‍ഗ്രസ് ഇറക്കും. പത്മജയല്ലെങ്കില്‍ ജോസഫ് ടാജറ്റിനാകും നറുക്കുവീഴുക. ഒബിസി വിഭാഗം ചെയര്‍മാനായി യുവ നേതാവ് രാജേഷ് സഹദേവനെ നിയമിച്ചതും പിന്നാക്ക വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ്.
നിലവിലെ ധാരണ പ്രകാരമുള്ള സീറ്റുകളില്‍ വിജയിക്കാനായാല്‍ കേവല ഭൂരിപക്ഷമായ 71 കടന്ന് അധികാരം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ധാരണയായ പേരുകള്‍
കെ. മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), അയിഷ പോറ്റി (കൊട്ടാരക്കര), ബിന്ദു കൃഷ്ണ (കൊല്ലം), ജ്യോതികുമാര്‍ ചാമക്കാല (പത്തനാപുരം), രമ്യാ ഹരിദാസ് (അടൂര്‍), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), ടി.എന്‍. പ്രതാപന്‍ (മണലൂര്‍), ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂര്‍), രമേഷ് പിഷാരടി (പാലക്കാട്), തുളസി (കോങ്ങാട്), വി.ടി. ബല്‍റാം (തൃത്താല), സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), കെ. പ്രവീണ്‍കുമാര്‍ (കൊയിലാണ്ടി), കെ.ജയന്ത്(കോഴിക്കോട് നോര്‍ത്ത്) കെ.എം. അഭിജിത് (നാദാപുരം), വിദ്യാ ബാലകൃഷ്ണന്‍ (എലത്തൂര്‍), ഷാജി കോടങ്കണ്ടത്ത് (ഒല്ലൂര്‍), കെ.നീലകണ്ഠന്‍ (ഉദുമ).
