പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടുപിന്നില്‍ തന്നെ പടക്കം പൊട്ടിക്കാന്‍ തീരുമാനിച്ചത് എന്തിന്? ദൂരപരിധി പാലിക്കുകയോ കുറഞ്ഞ സുരക്ഷ പോലും ഒരുക്കുകയോ ചെയ്തില്ല; നീലേശ്വരം വെടിക്കെട്ട് അപകടം പ്രത്യേക സംഘം അന്വേഷിക്കും; കേസെടുത്തത് 8 പേര്‍ക്കെതിരെ
നീലേശ്വരം വെടിക്കെട്ട് അപകടം പ്രത്യേക സംഘം അന്വേഷിക്കും
കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടം പ്രത്യേക സംഘം അന്വേഷിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ അഅറിയിച്ചു.
കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടു പിന്നില്‍ തന്നെ പടക്കം പൊട്ടിക്കാന്‍ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്നാണ് പൊലീസ് നിഗമനം.
ദൂരപരിധി ഉള്‍പ്പെടെ പാലിക്കാതെയാണ് പടക്കം പൊട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ ഏഴു പേരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. പടക്കം പൊട്ടിക്കാന്‍ കരാറെടുത്ത രാജേഷ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറിയെയും പ്രസിഡന്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. ചെറിയ തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.
പടക്കങ്ങള്‍ സൂക്ഷിച്ച ക്ഷേത്രത്തിന് സമീപത്തെ കലവറയില്‍ നിന്ന് തന്നെയാണ് പടക്കങ്ങള്‍ പൊട്ടിച്ചതും. പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വെച്ച് തന്നെ പടക്കങ്ങള്‍ പൊട്ടിച്ചതാണ് അപകട കാരണം. ഇവിടെ നിന്ന് ആളുകളെ മാറ്റിനിര്‍ത്തിയില്ല. പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പാലിക്കേണ്ട കുറഞ്ഞ സുരക്ഷ പോലും ഒരുക്കിയിരുന്നില്ല.
അപകടത്തില്‍ 154പേര്‍ക്കാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെയുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയിലേക്ക് വീണ് ഉഗ്രസ്‌ഫോടനം ഉണ്ടാവുകയായിരുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ള 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. അഞ്ചുപേരും വെറ്റിലേറ്ററിലാണ്. അപകട സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.