ലോകത്തെ ഏറ്റവും ശക്തമായ അഞ്ച് കറന്‍സികളുടെ ലിസ്റ്റ് പുറത്ത്; ഏറ്റവും മുന്നിലുള്ളത് അമേരിക്കന്‍ ഡോളറോ ബ്രിട്ടീഷ് പൗണ്ടോ അല്ല; അഞ്ച് പ്രബല കറന്‍സികള്‍ ഇവയൊക്കെ
ലോകത്തെ ഏറ്റവും ശക്തമായ അഞ്ച് കറന്‍സികള്‍
ലണ്ടന്‍: ആഗോള സമ്പദ്ഘടനയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കറന്‍സികള്‍. പലപ്പോഴും വ്യാപാര കരാറുകള്‍ രൂപപ്പെടുന്നതില്‍ നിര്‍ണ്ണായക പങ്ക് കറന്‍സികള്‍ വഹിക്കാറുണ്ട്. നിയമപരമെന്ന് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള 180 കറന്‍സികളാണ് നിലവില്‍ ലോകത്തുള്ളത്. അവയുടെ ശക്തിയും ദൗര്‍ബല്യവുമെല്ലാം വ്യത്യസ്തമാണെന്ന് മാത്രം. ഏറ്റവും ശക്തമായ കറന്‍സി എന്നത് ഒരു കറന്‍സിയുടെ ആഗോളാടിസ്ഥാനത്തിലുള്ള സ്വീകാര്യതയേയും ഉപയോഗത്തെയും ആശ്രയിച്ചല്ല കണക്കാക്കുന്നത്, മറിച്ച് അതിനുള്ള വാങ്ങല്‍ ശേഷിയെ അടിസ്ഥാനമാക്കിയാണ്.
ബ്രിട്ടനിലെ ഡെയ്ലി എക്സ്പ്രസ്സ്, 2024 ല്‍ ലോകത്തെ ഏറ്റവും ശക്തമായ അഞ്ച് കറന്‍സികള്‍ ഏതൊക്കെയെന്ന്, വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയപ്പോള്‍ അതില്‍ ബ്രിട്ടന്റെ പൗണ്ടോ, ലോക കറന്‍സി എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ ഡോളറോ ഒന്നാം സ്ഥനത്തില്ല എന്നതാണ് ഏറെ കൗതുകകരം. ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സികളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്രിട്ടീഷ് പൗണ്ട് ഉള്ളത്. 1400 ല്‍ പുറത്തിറക്കിയ ഈ കറന്‍സിക്കൊപ്പം ഇതിന്റെ പകര്‍പ്പ് എന്നറിയപ്പെടുന്ന 1920 കളില്‍ പുറത്തിറക്കിയ ജിബ്രാള്‍ട്ടര്‍ പൗണ്ടും അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.
ഒരു പൗണ്ടിന്, 0.94 മൂല്യമുള്ള ജോര്‍ഡാനിയന്‍ ദിനാര്‍ ആണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. 1950 കളിലായിരുന്നു ദിനാര്‍ ജോര്‍ഡാന്‍ വിപണിയില്‍ എത്തിയത്. പ്രധാനമായും എണ്ണയേയും പ്രകൃതി വാതകത്തെയും ആശ്രയിക്കുന്ന ഈ മധ്യപൂര്‍വ്വ ദേശത്തിന്റെ സമ്പദ്ഘടനയില്‍ അടുത്ത കാലത്തായി വിനോദസഞ്ചാരം, ബാങ്കിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ട്. 1 പൗണ്ടിന് 0.51 മൂല്യമുള്ള ഒമാനി റിയാല്‍ ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. അറേബ്യന്‍ ഉപദ്വീപിന്റെ തെക്ക് കിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഒമാനില്‍ 1970 കളിലായിരുന്നു റിയാല്‍ ആവിഷ്‌കരിച്ചത്.
മറ്റൊരു മദ്ധ്യപൂര്‍വ്വ രാജ്യമായ ബഹറൈന്‍ ആണ് ശക്തമായ കറന്‍സികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബഹറൈന്റെ വൈവിധ്യമാര്‍ന്ന സാമ്പത്തിക സ്രോതസ്സുകളാണ് ബഹറൈന്‍ ദിനാറിനെ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ കറന്‍സിയാക്കി മാറ്റിയത്. എണ്ണ, പ്രകൃതി വാതക മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമുള്ളപ്പോള്‍ തന്നെ ബഹറൈനിലെ ടൂറിസം, ഫിനാന്‍സ് മേഖലകളും അത്യന്തം ശക്തമാണ്. 1 പൗണ്ടിന് 0.50 മൂല്യമുള്ള ബഹറൈന്‍ ദിനാര്‍ 1965 ല്‍ ആണ് ആദ്യമായി ഇറക്കിയത്.
ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സിയായി കണ്ടെത്തിയത് കുവൈറ്റി ദിനാറിനെയാണ്. 1 പൗണ്ടിന് തുല്യമായ മൂല്യം 0.40 കുവൈറ്റി ദിനാറിനാണ്. 1961 ല്‍ ആയിരുന്നു കുവൈറ്റില്‍ ആദ്യമായി ദിനാര്‍ ഇറക്കിയത്.