ഒടുവിലിനെ രഞ്ജിത്ത് മര്‍ദ്ദിച്ചെന്ന വെളിപ്പെടുത്തല്‍; രഞ്ജിത്ത് ഇടപെട്ടത് അതുസംഭവിച്ചപ്പോള്‍; മോഹന്‍ലാലും ഷാജി കൈലാസും പ്രതികരിക്കാത്ത സംഭവം; ആലപ്പി അഷ്റഫിന്റെത് ചാനലിന്റെ റേറ്റിങ്ങ് കൂട്ടാനുള്ള തന്ത്രമെന്ന് എം പത്മകുമാര്‍
ആലപ്പി അഷ്റഫിന്റെത് ചാനലിന്റെ റേറ്റിങ്ങ് കൂട്ടാനുള്ള തന്ത്രമെന്ന് എം പത്മകുമാര്‍
തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തും അന്തരിച്ച നടന് ഒടുവില്‍ ഉണ്ണികൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തെയും കൈയ്യാങ്കളിയെയും കുറിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് നടത്തിയ വെളിപ്പെടുത്തലാണ് രണ്ട് ദിവസമായി മലയാള സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം.ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാം തമ്പുരാന്റെ ലൊക്കേഷനില്‍ വച്ച് നടന് ഒടുവില്‍ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മര്‍ദ്ദിച്ചെന്നായിരുന്നു തന്റെ യുട്യൂബ് ചാനലിലുടെ ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയത്.വീഡിയോ പുറത്ത് വന്നതോടെ സംഭവം വലിയ തോതില്‍ ചര്‍ച്ചയായി.അതിനൊക്കെയുള്ള പ്രതിഫലമാണ് രഞ്ജിത്ത് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നുവരെ അഭിപ്രായപ്രകടനം ഉണ്ടായി.
എന്നാല്‍ ഇപ്പോഴിത ആലപ്പി അഷ്റഫിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് എം പത്മകുമാര്‍.വളരെ രമ്യതയില്‍ പരിഹരിച്ച ഒരു വിഷയത്തെ തന്റെ യുട്യൂബ് ചാനലിന്റെ റേറ്റിങ്ങ് കൂട്ടാനുള്ള തന്ത്രമാക്കി ഉപയോഗിക്കുകയാണെന്ന് പത്മകുമാര്‍ കുറ്റപ്പെടുത്തി.സംഭവം നടക്കുമ്പോള്‍ ആറാം തമ്പുരാനില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു പത്മകുമാര്‍.തെറ്റുകള്‍ പറ്റാം,കുറവുകള്‍ കണ്ടെത്താം. വിമര്‍ശിക്കാം.പക്ഷെ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ആള്‍ക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികള്‍ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളൂവെന്നും പത്മകുമാര്‍ വിമര്‍ശിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പത്മകുമാറിന്റെ മറുപടി
പത്മകുമാര്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..
ഞാന്‍ എം പത്മകുമാര്‍, ഒരു മലയാള ചലച്ചിത്ര സംവിധായകന് എന്നറിയപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു പാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. ഡയറക്ടര്‍ ബാലകൃഷ്ണനും ഹരിഹരന് സാറും ശശിയേട്ടനും (ഐ വി ശശി) ഷാജി യേട്ടനും രഞ്ജിയും ഉള്‍പ്പെടെ. രഞ്ജി എന്നു ഞങ്ങള്‍ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്.
പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.രഞ്ജിത്ത് എന്ന സംവിധായകനുമേല്‍, എഴുത്തുകാരനു മേല്‍ ഉന്നയിക്കപ്പെട്ട കുറ്റച്ചാര്‍ത്തുകള്‍ കോടതികളുടെ പരിഗണനയിലാണ്. അതിന്റെ ശരിതെറ്റുകള്‍ കോടതിയും കാലവും തെളിയിക്കട്ടെ,നമുക്ക് കാത്തിരിക്കാം...പക്ഷെ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തില്‍ ആരോപിക്കപ്പെട്ടിരിക്കുന്നു.അത് ഞാന്‍ ബഹുമാനിക്കുന്ന സംവിധായകന് ആലപ്പി അഷറഫില്‍ നിന്നാണ്.അദ്ദേഹത്തിന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്.
ആറാം തമ്പുരാന്' എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവില്‍ ഉണ്ണികൃഷ്ണന് എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മര്‍ദ്ദിക്കുന്നു; രോഗിയായ ഒടുവില്‍ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂനിറ്റ് മൊത്തം അത് കണ്ട് നിഷ്ക്രിയരായി നില്ക്കുന്നു, ഇദ്ദേഹം ഉള്‍പ്പെടെ. ഇതാണ് ആലപ്പി അഷറഫിന്റെ സാക്ഷിമൊഴി. 1996 ല്‍ നടന്ന ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ അഷറഫിന് സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു!
അഷറഫ് കുറച്ചു സമയം ഉണ്ടായിരുന്ന 'ആറാം തമ്പുരാന്'എന്ന സിനിമയില്‍ മുഴുവന്‍ സമയം ഉണ്ടായിരുന്ന അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു, ഞാന്‍. അഷറഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍ക്ക് സബ്സ്ക്രിപ്ഷന് കുട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളില്‍ ഒന്നു മാത്രമാണ്. ആറാം തമ്പുരാന് എന്ന സിനിമയുടെ ലൊക്കേഷനില്‍ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും.
ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കലും ഒടുവിലിന്റെ വാക്കുകള്‍ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാര്‍ത്തയായി അഷറഫ് അവതരിപ്പിക്കുന്നത്... അതും 28 വര്‍ഷങ്ങള്‍ക്കു ശേഷം!
അന്ന് ആ സെറ്റില്‍ ഉണ്ടായിരുന്ന ലാലേട്ടനും നിര്‍മ്മാതാവ് സുരേഷ്കുമാറും സംവിധായകന് ഷാജി കൈലാസും ഉള്‍പ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് അഷറഫ് പോലും!
അവസരങ്ങള്‍ക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരന്മാരെ അഹങ്കാരികള്‍ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്.ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരില്‍ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാന്‍ കണ്ടിട്ടുള്ളത്.തെറ്റുകള്‍ പറ്റാം,കുറവുകള്‍ കണ്ടെത്താം.വിമര്‍ശിക്കാം.പക്ഷെ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ആള്‍ക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികള്‍ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളൂ.
അഷ്റഫിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ..
രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആലപ്പി അഷ്റഫ് തന്റെ യുട്യൂബ് ചാനലിലൂടെ ഉന്നയിച്ചത്.ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അര്‍ഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
അഹങ്കാരം തലയ്ക്ക് പിടിച്ച് മൂര്ധന്യാവസ്ഥയില് നില്‍ക്കുമ്പോഴാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി രഞ്ജിത്ത് സ്ഥാനമേല്‍ക്കുന്നത്.വരിക്കാശ്ശേരി മനയിലെ തമ്പ്രാനായി പിന്നീട് രഞ്ജിത്ത് മാറി.ഒരുകാലത്ത് വേദികളിലേക്ക് കരഘോഷങ്ങളോടെ രഞ്ജിത്തിനെ സ്വീകരിച്ചിരുന്നവര്‍ പിന്നീട് കൂക്കുവിളികളോടെയാണ് സ്വീകരിച്ചത്.ഐഎഫ്എഫ്കെയുടെ പരിപാടിയില്‍ കൂക്കൂവിളികളേറ്റ് വാങ്ങിയപ്പോള്‍ ആ കൂക്കുവിളികളെ അദ്ദേഹം ഉപമിച്ചത് വീട്ടിലെ കൊടിച്ചി പട്ടികളോടാണ്.അവിടം മുതല്‍ രഞ്ജിത്തിന് വീഴ്ചകള്‍ വന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ആരാധകര്‍ കൈവിട്ടു.ഏകാധിപത്യത്തിന്റെ പേരില്‍ ചലച്ചിത്ര അക്കാദമിയും കൈവിട്ടു.അപ്പോഴേക്കും പീഡനക്കേസ് വന്നു.അതോടെ സര്‍ക്കാരും കൈവിട്ടു.ഇതെല്ലാം അനുഭവിക്കാന്‍ രഞ്ജിത്ത് ബാധ്യസ്ഥനാണ്. അങ്ങനെ തോന്നാനുള്ള സംഭവവും ആലപ്പി അഷ്റഫ് പങ്കുവെച്ചു. ആറാം തമ്പുരാന് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഏതാനും നാളുകള്‍ ഞാനുണ്ടായിരുന്നു.
ഒരു ചെറിയ വേഷവും ഞാനതില്‍ ചെയ്തിട്ടുണ്ട്.ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു.മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് നിന്നിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല.ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒറ്റയടി അടിച്ചു.ആ അടി കൊണ്ട് ഒടുവില്‍ ഉണ്ണികൃഷ്ണന് കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്തയാളായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്.
എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. നിറ കണ്ണുകളോടെ നില്‍ക്കുകയാണ് അദ്ദേഹം. ഈ പ്രവൃത്തിയോട് പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും മൈന്‍ഡ് ചെയ്തില്ല.ആ അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് മാനസികമായ തകര്‍ന്ന് പോയി.പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞിരുന്നു.ആകെ മ്ലാനതയിലായിരുന്നു. ആ അടിയോടെ അദ്ദേഹത്തിന്റെ ഹൃദയവും തകര്‍ന്നിരുന്നു.ആ വിഷമത്തില്‍ നിന്നും മോചിതനാകാന്‍ ഏറെ നാള് എടുത്തു എന്നതാണ് സത്യം.ഈ സംഭവം തന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.