പാലക്കാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാരാഷ്ട്ര പറയാമെന്ന് വി മുരളീധരന്‍; വി മുരളീധരന്‍ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടു കിട്ടിയപ്പോള്‍ ആരും രാജിവെക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് കെ സുരേന്ദ്രന്റെ കുത്ത്; അടയും ചക്കരയും ആയിരുന്നവര്‍ അകന്നത് എങ്ങനെ? മുരളീധരനായും ചരടുവലി?
സുരേന്ദ്രനും വി മുരളീധരനും അകന്നത് എങ്ങനെ?
തിരുവനന്തപുരം : 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ വിപുലമാക്കുന്നതിനുള്ള പരിശ്രമത്തിനിടയാണ് പാലക്കാട്ടെ കനത്ത തിരിച്ചടി ഷോക്കായി മാറിയത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കാലാവധി വരുന്ന ഫെബ്രുവരിയില്‍ അവസാനിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതുനീട്ടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സുരേന്ദ്രന്‍. എന്നാല്‍, പാലക്കാട്ട് വിജയപ്രതീക്ഷയുണ്ടായിരുന്ന സി കൃഷ്ണകുമാറിന്റെ തോല്‍വിയും വോട്ടുചോര്‍ച്ചയും രംഗത്തിന്റെ സ്വഭാവം ആകെ തകിടം മറിച്ചു. സുരേന്ദ്രന്റെ കസേര എപ്പോള്‍ വേണമെങ്കിലും പോകുമെന്ന സ്ഥിതിയായി.
എല്ലാ വിരലുകളും ചൂണ്ടുന്നത് സുരേന്ദ്രന് നേരേയാണ്. സുരേന്ദ്രനെ ഏറ്റവും അധികം പിന്തുണച്ചിരുന്ന വി മുരളീധരന്‍ പോലും അതിവിദഗ്ധമായി കൈകഴുകി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സംസ്ഥാന അദ്ധ്യക്ഷനാണ് പറയേണ്ടതെന്നും, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ പറയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരന്‍ അത്രകണ്ട് സജീവമായിരുന്നില്ല. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ഒഴിഞ്ഞ് നിന്നു. തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വി മുരളീധരന്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. സംസ്ഥാന പ്രസിഡന്റ് മറുപടി പറയുമെന്നും തനിക്ക് ഉണ്ടായിരുന്നത് മഹാരാഷ്ട്രയിലെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ശ്രദ്ധിക്കാനേ കഴിഞ്ഞിട്ടില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി. ചോദ്യത്തിന് എല്ലാം മഹാരാഷ്ട്രയെ കുറിച്ച് എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ ചോദിക്കൂ എന്ന് മറുപടി. സന്ദീപ് വാര്യര്‍ പാര്‍ട്ടി തിരിച്ചടിയായി എന്ന ചോദ്യത്തിനും മറുപടി പറഞ്ഞില്ല. സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും സന്ദീപ് വാര്യര്‍ വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നുമാണ് പാര്‍്ട്ടിയില്‍ സുരേന്ദ്രന് എതിരെയുള്ള പൊതുവിമര്‍ശനം.
'ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനത്തിന് സുരേന്ദ്രന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. അതുകൊണ്ട് പാലക്കാട്ടെ പരാജയത്തിന്റെ ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുക്കണം. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ, പാര്‍ട്ടി സ്വരൂപിച്ച നേട്ടങ്ങള്‍ പാലക്കാട് തോല്‍വിയോടെ നഷ്ടമായി'- ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത് ഇങ്ങനെ.
സുരേന്ദ്രന്റെ കാലാവധി ഫെബ്രുവരിയില്‍ തീരുമ്പോള്‍ നേതൃമാറ്റത്തിനായി കടുത്ത സമ്മര്‍ദ്ദം കേന്ദ്ര നേതൃത്വത്തിന് ഉണ്ടാകുമെന്ന് ഉറപ്പാണ്. ജനങ്ങളെ ആകര്‍ഷിക്കുന്ന നേതാവെന്ന നിലയില്‍ ശോഭ സുരേന്ദ്രന് നറുക്ക് വീഴാം. എന്നാല്‍, ശോഭയ്ക്ക് പാര്‍ട്ടിയില്‍ നിന്നുതന്നെ പാരകള്‍ ഏറെയാണ്. ഈ പശ്ചാത്തലത്തില്‍ 2010 മുതല്‍ 2015 വരെ അദ്ധ്യക്ഷ സ്ഥാനം വഹിച്ച വി മുരളീധരന് വീണ്ടും നറുക്ക് വീണാലും അദ്ഭുതപ്പെടാനില്ല.
പാലക്കാട് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതാണ് പരാജയത്തിന് കാരണമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ വിശ്വസിക്കുന്നത്. 9 വര്‍ഷത്തിനിടെ, ആറ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സി കൃഷ്ണകുമാറിന് എതിരായിരുന്നു ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും. 2015ലെ നഗരസഭ തിരഞ്ഞെടുപ്പ്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പ്, 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് -ഇവയിലെല്ലാം കൃഷ്്ണകുമാര്‍ മത്സരിച്ചിരുന്നു. പാലക്കാട് പോലൊരു എ ക്ലാസ് മണ്ഡലത്തില്‍ ശോഭ സുരന്ദ്രനെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
കൃഷ്്ണകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതില്‍ ആര്‍എസ്എസും സന്തുഷ്ടരായിരുന്നില്ല. പാലക്കാട്ടെ കാര്യാലയത്തില്‍ കൃഷ്ണകുമാര്‍ സന്ദര്‍ശനം നടത്താത്തതില്‍ സംഘ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ജയത്തിനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഠിനാദ്ധ്വാനം നടത്തിയെങ്കലും ചില അതൃപ്തരായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിര്‍ജ്ജീവമായത് ഫലത്തില്‍ പ്രതിഫലിച്ചു.
അതിനിടെ, വി. മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കവും ഒരു വിഭാഗം നടത്തുന്നതായി സൂചനയുണ്ട്. വി മുരളീധരനുമായി കെ സുരേന്ദ്രന്‍ അകന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലെ സുരേന്ദ്രന്റെ വാക്കുകള്‍. വി. മുരളീധരന്‍ അദ്ധ്യക്ഷനായിരിക്കെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ആരും അധ്യക്ഷനായിരുന്ന മുരളീധരന്റെ രാജിയാവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു പരോക്ഷപരാമര്‍ശം.
വി മുരളീധരന്‍ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. അന്ന് രാജിവെക്കാന്‍ ആരും ആവശ്യപ്പെട്ടില്ല എന്നാണ് സുരേന്ദ്രന്റെ കൊളളി വച്ച വര്‍ത്തമാനം. വി മുരളീധരന് വീണ്ടും അവസരം നല്‍കണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് പി കെ കൃഷ്ണദാസ് പക്ഷമാണ്. കേന്ദ്രമന്ത്രി പദവി പോയതോടെ മുരളീധരനും അദ്ധ്യക്ഷ പദം ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. സ്വന്തം പക്ഷത്തായിരുന്ന കെ സുരേന്ദ്രനെതിരെ പരസ്യമായി വിമുരളിധരന്‍ രംഗത്തെത്തിയത് തന്നെ മാറ്റത്തിന്റെ ലക്ഷണമാണ്. നാളെ ചേരുന്ന നേതൃയോഗത്തിലും സുരേന്ദ്രന് എതിരെ പൊട്ടിത്തെറികള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും കേന്ദ്രനേതൃത്വം തല്‍ക്കാലം സുരേന്ദ്രനെ കൈവിട്ടേക്കില്ല. ഫെബ്രുവരിയില്‍ സുരേന്ദ്രന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരുപക്ഷേ മാറി ചിന്തിച്ചേക്കാം.