ഇന്ത്യ കീഴടക്കിയ ബ്രിട്ടീഷുകാരുടെ കുടില ബുദ്ധി പ്രവര്‍ത്തിച്ചതെങ്ങനെ? ആ ചരിത്രം കണ്ടെത്തി ഓക്സ്‌ഫോര്‍ഡിലെ ഇന്ത്യാക്കാരിയായ നന്ദിനി ദാസ്; ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 50 കോടിയുടെ സമ്മാനത്തിന്

ഇന്ത്യ കീഴടക്കിയ ബ്രിട്ടീഷുകാരുടെ കുടില ബുദ്ധി പ്രവര്‍ത്തിച്ചതെങ്ങനെ?

Update: 2024-10-01 04:17 GMT

ഓക്സ്‌ഫോര്‍ഡ്: ഇന്ത്യയിലെ അധിനിവേശങ്ങളുടെ ചരിത്രം പറയുന്ന 'കോര്‍ട്ടിംഗ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗള്‍ ഇന്ത്യ ആന്‍ഡ് ഒറിജിന്‍സ് ഓഫ് എംപയര്‍' എന്ന പുസ്തകം വോല്‍ഫ്‌സണ്‍ ഹിസ്റ്ററി പ്രൈസിനായി നോമിനേറ്റ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ വംശജയും ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഏര്‍ളി മോഡേണ്‍ ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ ഫാക്കല്‍റ്റിയിലെ പ്രൊഫസറുമായ നന്ദിനി ദാസ് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. 1616 ലെ തോമസ് റോയുടെ ഇന്ത്യയിലേക്കുള്ള യാത്രയും ബ്രിട്ടീഷുകാര്‍ നേരിട്ട വെല്ലുവിളികളും, ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ബ്രിട്ടീഷുകാര്‍ ആദ്യകാലങ്ങളില്‍ ചെലുത്തിയ സ്വാധീനവുമെല്ലാം ഒരു പുനപരിശോധനക്ക് വിധേയമാക്കുകയാണിതില്‍.

ഗവേഷണത്തിലെ മികവും അതേസമയം സാധാരണക്കാര്‍ക്ക് പോലും വായിച്ചു മനസ്സിലാക്കാവുന്ന ശൈലിയും പരിഗണിച്ചാണ് പുരസ്‌കാരത്തിനായി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 52 വര്‍ഷങ്ങളായി നല്‍കിപ്പോരുന്ന ഒന്നാണ് ഈ പുരസ്‌കാരം. നന്ദിനി ദാസിന്റെ പുസ്തകം ഉള്‍പ്പടെ ആറ് പുസ്തകങ്ങളാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനായി മറ്റ് അഞ്ച് പുസ്തകങ്ങള്‍ കൂടി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലേയും വിവിധ നൂറ്റാണ്ടുകളിലെയും ചരിത്ര സംഭവങ്ങള്‍ വിശകലനം ചെയ്യുന്നതാണ് ഈ പുസ്തകങ്ങള്‍ ഒക്കെയും തന്നെ. അമേരിക്ക, ബ്രിട്ടന്‍, ബംഗ്ലാദേശ്, ജര്‍മ്മനി, ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക് എന്നിവിടങ്ങളിലെ ചരിത്രങ്ങളുടെ ഒരു പുനര്‍ വായനാനുഭവം പകരുന്ന പുസ്തകങ്ങളാണിതൊക്കെ. ഈ വര്‍ഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളില്‍ വിപുലമായ വൈവിധ്യം ദര്‍ശിക്കാമെന്നാണ് വോള്‍ഫ്‌സണ്‍ ഹിസ്റ്ററി പ്രൈസ് ജഡ്ജസ് ചെയര്‍മാന്‍ ഡേവിഡ് കന്നാഡിന്‍ പറയുന്നത്. രാഷ്ട്രീയം മുതല്‍, അടിമത്തം, അന്താരാഷ്ട്ര ബന്ധങ്ങള്‍, ആരോഗ്യ സംരക്ഷണം, സാമൂഹിക മാറ്റങ്ങള്‍ എന്നിവയുള്‍പ്പടെ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വര്‍ത്തമാനകാലത്തെ, ചരിത്രമെഴുത്തിനെ ആഘോഷിക്കുന്ന വോള്‍ഫ്‌സണ്‍ ഹിസ്റ്ററി പുരസ്‌കാരത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചത് വോള്‍ഫ്‌സണ്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ആയ പോള്‍ റാംസ്‌ബോട്ടം ആണ്. പുരസ്‌കാരത്തിനു അര്‍ഹതയുള്ള ആറ് പുസ്തകങ്ങളാണ് ജഡ്ജിമാര്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇതില്‍ നിന്നും ഒരു വിജയിയെ തിരഞ്ഞെടുക്കു. ഭൂതകാലം എന്നും നമ്മോടൊപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ചരിത്രം എന്നതുകൊണ്ടാണ് ചരിത്രത്തിന് പ്രാധാന്യമേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News