എന്തിനാണ് ഇറാന്‍ ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചത്? ഹിസ്ബുള്ളക്ക് എന്തിനാണ് ഇസ്രയേലിനോട് ഇത്രയും വിരോധം? ഇറാന്‍ പിന്തുണയുള്ള തീവ്രഗ്രൂപ്പിന് ഇസ്രയേലിനോട് പതിറ്റാണ്ടുകളായുള്ള വൈരം; ഹിസ്ബുള്ളയുടെ പിറവി എങ്ങനെ?

ഹിസ്ബുള്ളയുടെ പിറവി എങ്ങനെ?

Update: 2024-10-02 15:11 GMT

ബെയ്‌റൂത്ത്: എന്തിനാണ് ഇറാന്‍ ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചത്? ഹിസ്ബുള്ളക്ക് എന്തിനാണ് ഇസ്രയേലിനോട് ഇത്രയും വിരോധം? പലരുടേയും സംശയങ്ങളാണ് ഇവയെല്ലാം.

ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ ലബനനുമായി കരയുദ്ധത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഹിസ്ബുളള ഇസ്രയേല്‍ സംഘര്‍ഷത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ആദ്യമായി ഹിസ്ബുള്ള എന്നന തീവ്രവാദ സംഘടന എന്താണെന്നും ഈ പ്രസ്ഥാനം എങ്ങനെയാണ് ഉണ്ടായതെന്നും നോക്കാം.

ഇസ്രയേല്‍ വിരോധത്തില്‍ പിറവി

ഇറാന്റെ പൂര്‍ണ പിന്തുണയോടെ ലബനനില്‍ രൂപീകരിക്കപ്പെട്ട ഒരേ സമയം തീവ്രവാദ സംഘടനയും രാഷ്ട്രീയ പ്രസ്ഥാനവുമാണ് ഹിസ്ബുള്ള. ഇസ്രയേല്‍ വിരോധമാണ് ഈ തീവ്രവാദി പ്രസ്ഥാനത്തിന്റെ അടിസ്ഥാനം. ഹിസ്ബുള്ള എന്ന വാക്കിന്റെ അര്‍ത്ഥം ദൈവത്തിന്റെ പ്രസ്ഥാനം എന്നാണ്.

2000 മുതല്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലും ശക്തമായ തീവ്രവാദി സംഘടന എന്ന നിലയിലും ലബനനിലും അവര്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്‍കൈ എടുത്താണ് 1982 ല്‍ ഈ ഭീകരസംഘടന രൂപീകരിച്ചത്. 1982 ല്‍ ഇസ്രയേല്‍ ലബനന്‍ ആക്രമിച്ച സമയത്ത് ഹിസ്ബുള്ളയും ഏറ്റുമുട്ടലുകളില്‍ സജീവമായി പങ്കെടുത്തിരുന്നു. പിന്നീടുളള കാലയളവില്‍ ഹിസ്ബുള്ള വലിയൊരു ഭീകരപ്രസ്ഥാനമായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

അമേരിക്കയും ബ്രിട്ടനും പോലെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല സൗദി അറേബ്യ പോലും ഹിസ്ബുള്ളയെ ഭീകരസംഘടനയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഷിയാ വിഭാഗത്തില്‍ പെട്ട ഈ സംഘടനയിലെ അംഗങ്ങള്‍ ഇറാനെയാണ് എല്ലാ കാര്യത്തിലും പിന്തുടരുന്നതും.

പതിറ്റാണ്ടുകളായി തന്നെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ശത്രുക്കളാണ്. രണ്ട് കൂട്ടരും തമ്മില്‍ പരസ്പരം നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.


വീമ്പ് പറച്ചിലിന് കുറവില്ല

ഇസ്രയേല്‍ 24 വര്‍ഷം മുമ്പ് ലബനനില്‍ നിന്ന് പിന്‍മാറിയപ്പോള്‍ അത് കാരണമായത് തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് ഹിസ്ബുള്ള വീമ്പ് പറയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി നിരവധി പേരെ കൂട്ടക്കൊല നടത്തുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഹിസ്ബുളള ഇസ്രയേലിലേക്ക് നിരന്തരമായി ആക്രമണം ആരംഭിച്ചത്. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് വരെ ആക്രമണം തുടരുമെന്നായിരുന്നു ഹിസ്ബുള്ളയുടെ പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8 മുതല്‍ ഒരു ദിവസം പോലെ മുടങ്ങാതെയാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചിരുന്നത്. ലബനനില്‍ നടന്ന ആഭ്യന്തര യുദ്ധം സമാപിച്ചതോടെ മറ്റ് സംഘടനകള്‍ അക്രമത്തിന്റെ മാര്‍ഗം ഉപേക്ഷിച്ചു എങ്കിലും ഹിസ്ബുള്ള സായുധ സംഘടനയായി തന്നെ തുടരുകയായിരുന്നു. ലബനന്‍ ഇസ്രയേലുമായി 2006 ല്‍ നടത്തിയ യുദ്ധത്തില്‍ ഹിസ്ബുളള തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. ഹിസ്ബുളള തലവനായിരുന്ന ഹസന്‍ നസറുള്ള തങ്ങളുടെ സംഘടനയില്‍ ഒരു ലക്ഷത്തോളം അംഗങ്ങളുണ്ട് എന്നാണ് അവകാശപ്പെട്ടിരുന്നത്.




ലബനന്‍ സര്‍ക്കാരിലും ഹിസ്ബുളള നേതാക്കള്‍ പലരും മന്ത്രിമാരായിരുന്നു. നിരവധി പാര്‍ലമെന്റംഗങ്ങളും ഹിസ്ബുളളയ്ക്കുണ്ട്. 1983 ല്‍ ബെയ്റൂട്ടിലെ അമേരിക്കയുടെ മറൈന്‍ ആസ്ഥാനം ആക്രമിച്ച് 241 പേരെ വധിച്ചത് ഹിസ്ബുള്ള ഭീകരരാണ്. ഏറ്റവും ഒടുവില്‍ ഇസ്രയേല്‍ ഹമാസുമായി നേരിട്ട് ശക്തമായി ഏറ്റുമുട്ടുമ്പോഴും ഹിസ്ബുളളക്ക് നേരേ വന്‍ തോതിലുള്ള ആക്രമണം ഇസ്രയേല്‍ നടത്തിയിരുന്നില്ല.

എന്നാല്‍ രണ്ടാഴ്ച മുമ്പാണ് ഇസ്രയേല്‍ അതിശക്തമായ രീതിയില്‍ ഹിസ്ബുളളക്ക് നേരേ ആക്രമണ മുഖം തുറന്നത്. ബെയ്റൂട്ടില്‍ രണ്ട് ദിവസങ്ങളിലായി പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ച ഹിസ്ബുള്ള നേതാക്കളും അണികളും കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുളളയേയും ഇസ്രയേല്‍ വകവരുത്തി. നസറുള്ളക്ക് ഒപ്പം ഹിസ്ബുളളയുടെ പ്രമുഖരായ നിരവധി കമാന്‍ഡര്‍മാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇപ്പോള്‍ നേതാവില്ലാത്ത പ്രസ്ഥാനമായി ഹിസ്ബുളള മാറിക്കഴിഞ്ഞു.




 ഇസ്രയേല്‍ ലബനനില്‍ കരയുദ്ധം കൂടി ശക്തമാക്കിയതോടെ ഹിസ്ബുളള ഭീകരര്‍ക്ക് കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് ഓടി രക്ഷപ്പെടേണ്ടി വന്നു. എല്ലാ കാലത്തും ഇസ്രയേലിനെ നോവിച്ചവരെ വെറുതേ വിടാതെ പിന്തുടര്‍ന്ന് വക വരുത്തുന്ന ചാരസംഘടനയായ മൊസാദില്‍ നിന്നും ഇസ്രയേലിന്റെ ശക്തമായ ആയുധ സമ്പത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഹിസ്ബുളള നേതാക്കള്‍ ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നു.

Tags:    

Similar News