ഡ്രീംലൈനര്‍ എഞ്ചിനുകള്‍ തകരാറില്‍; നൂറു കണക്കിന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദാക്കി; വിമാന എഞ്ചിന്‍ സുരക്ഷാ ഭീഷണിയില്‍ ബോയിംഗും പ്രതിസന്ധിയില്‍; 17,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഇതിനോടകം തന്നെ 11 റൂട്ടുകളിലെ സര്‍വീസ് റദ്ദാക്കിയ വിമാനക്കമ്പനിയുടെ നടപടി ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചിരിക്കുന്നത്.

Update: 2024-10-13 01:51 GMT

ലണ്ടന്‍: സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് യു കെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദ് ചെയ്തു. മലേഷ്യയിലേക്കുള്ള പുതിയ റൂട്ടുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയപ്പോള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. ഗാറ്റ്വിക്കില്‍ നിന്നും ന്യൂയോര്‍ക്ക് ജെ എഫ് കെന്നഡിയിലേക്കുള്ള സര്‍വീസ് ഉള്‍പ്പടെ മറ്റ് പല സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 11 റൂട്ടുകളിലെ സര്‍വീസ് റദ്ദാക്കിയ വിമാനക്കമ്പനിയുടെ നടപടി ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചിരിക്കുന്നത്.

ബോയിംഗ് 787 ഡ്രീംലൈനര്‍ ജെറ്റുകളില്‍ ഉപയോഗിച്ചിട്ടുള്ള ട്രെന്റ് 1000 എഞ്ചിനുകളിലാണ് തകരാറ് കണ്ടെത്തിയത്. അമിതമായ തേയ്മാനവും മറ്റും മൂലമുണ്ടായ തകരാറാണിത്. ഇതിന്റെ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന് പകരം എഞ്ചിനുകള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ 15 ശതമാനത്തോളം സര്‍വീസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്. തുടര്‍ന്ന് ബോയിംഗ് 777 ഉപയോഗിച്ച് ഈ സര്‍വീസുകള്‍ നടത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ഈ വിമാനങ്ങള്‍ക്കും സ്ഥിരമായി റിപ്പയറുകള്‍ ആവശ്യമാണ്.

ഈ നവംബറില്‍ ഹീത്രൂവില്‍ നിന്നും കുലാലംപൂരിലേക്ക് ആരംഭിക്കാനിരുന്ന പുതിയ സര്‍വീസ് 2025 ഏപ്രിലിലേക്ക് നീട്ടിയെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദോഹയിലേക്കുള്ള രണ്ട് പ്രതിദിന സര്‍വീസുകളില്‍ ഒന്ന് റദ്ദ് ചെയ്തു. അതുപോലെ ഗാറ്റ്വിക്കില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാനം ശൈത്യകാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുമുണ്ട്. തങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പെട്ടെന്ന് തീര്‍ക്കാന്‍ ആകില്ലെന്ന തിരിച്ചറിവ് മൂലമാണ് ഇത്തരത്തിലൊരു നടപടി ആവശ്യമായി വന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു.

ബ്രിട്ടീഷ് എയര്‍വേയ്‌സിനെ മാത്രമല്ല, റോള്‍സ് റോയ്‌സിന്റെ പ്രശ്നങ്ങള്‍ ബാധിച്ചിരിക്കുന്നത്. ഇത് വ്യോമയാന മേഖലയെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതം പരമവധി കുറയ്ക്കുവാന്‍ ശ്രമിക്കുകയാണെന്ന് റോള്‍സ് റോയ്‌സും പറയുന്നു. തങ്ങളുടെ ബിസിനസ്സില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ബോയിംഗ് കമ്പനി അതിനിടയില്‍ അവരുടെ പത്തിലൊന്ന് തൊഴിലാളികളെ പിരിച്ചു വിടുകയാണ്. ഏകദേശം 17,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടാവുക. ചീഫ് എക്സിക്യൂട്ടിവ് കെല്ലി ഓര്‍ട്‌ബെര്‍ഗ് ജീവനക്കാര്‍ക്ക് അയച്ച ഈമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിമാനങ്ങളുടെ ഗുണനിലവാരത്തില്‍ ഉയരുന്ന ആശങ്കയും ജീവനക്കാരുടെ സമരവുമെല്ലാം ബോയിംഗിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ആയുധങ്ങളും, സൈനിക ഉപകരണങ്ങളും നിര്‍മ്മിക്കുന്ന വിഭാഗം നഷ്ടത്തിലാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. വരും മാസങ്ങളിലായി ഘട്ടം ഘട്ടമായിട്ടാകും പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കുക. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍, ടീം ലീഡര്‍മാര്‍ ഉടന്‍ നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, സാങ്കേതിക വിദ്യയുടെ വികസനത്തില്‍ അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികള്‍ നിമിത്തം 777എക്സ് വിമാനത്തിന്റെ ബിര്‍മ്മാണവും വകിപ്പിക്കുകയാണ് എന്ന് കമ്പനി അറിയിച്ചു. വിമാനം 2026 ന് മാത്രമെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുകയുള്ളു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒരു മാസമായി നീണ്ടു നിന്ന സമരവും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

Tags:    

Similar News