കടംകേറി ജീവിതം വഴിമുട്ടിയപ്പോള്‍ കണ്ണില്‍ കണ്ടത് രത്‌നതിളക്കം; ഭൂമി പാട്ടത്തിന്റെ പതിനൊന്ന് ശതമാനം സര്‍ക്കാരിന്; ബാക്കി രാജുഗോണ്ടിനും; ഇന്ത്യയുടെ 'ഡയമണ്ട് ബൗള്‍' വീണ്ടും ചര്‍ച്ചകളില്‍
ചെറിയ തോതില്‍ സ്വര്‍ണ ഖനനം നടത്തിയാണ് രാജുവും സഹോദരനും വരുമാനം കണ്ടെത്തുന്നത്.
ന്യൂഡല്‍ഹി: ഭാഗ്യദേവത എപ്പോള്‍ ആരെയാണ് കടാക്ഷിക്കുന്നത് പറയാന്‍ ആര്‍ക്കും കഴിയില്ല. കടം കേറി ജീവിക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന മധ്യപ്രദേശിലെ ഒരു കൂലിപ്പണിക്കാരന് ഭാഗ്യം എത്തിയത് രത്നത്തിന്റെ രൂപത്തിലാണ്. രാജുഗോണ്ട് എന്ന നാല്‍പ്പതുകാരന്‍ ഏഴ് കുട്ടികളുടെ അച്ഛനാണ്. വളരെ തുച്ഛമായ വരുമാനം കൊണ്ടാണ് രാജുവും കുടുംബവും കഴിഞ്ഞ് പോകുന്നത്. ചെറിയ തോതില്‍ സ്വര്‍ണ ഖനനം നടത്തിയാണ് രാജുവും സഹോദരനും വരുമാനം കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസം ജോലിക്കിടെ മണ്ണ് നീക്കുമ്പോഴാണ് ഒരു രത്നം ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. വില പിടിപ്പുള്ള രത്നം തന്നെയാണ് ഇതെന്ന് മനസിലാക്കിയ സഹോദരന്‍മാര്‍ പിന്നെ കരുതലെടുത്തു. ആദ്യം അമ്മയെ പോയി കണ്ടു. അതിന് ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളേയും കാര്യങ്ങള്‍ അറിയിച്ചു. എല്ലാം നിയമപരമാക്കി. തുടര്‍ന്ന് സമീപത്തുള്ള രത്ന വ്യാപാര സ്ഥാപനത്തില്‍ എത്തി ഇതിന്റെ തൂക്കം പരിശോധിച്ചു. 19.22 കാരറ്റ് തൂക്കമുള്ളതാണ് ഈ രത്നം.
ഇതിന് 85 ലക്ഷത്തിലധികം രൂപ വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂലിപ്പണി നടത്തി കുടുംബം പോറ്റുന്ന രാജുവിനെ സംബന്ധിച്ച് ഇത് വലിയൊരു ആശ്വാസമാണ്. ഇവര്‍ താമസിക്കുന്ന പന്ന ജില്ലയിലെ ഗ്രാമത്തിലെ ഒരു സമ്പന്ന കര്‍ഷകന്റെ ട്രാക്ടര്‍ ഓടിച്ചും ഒഴിവ് സമയങ്ങളില്‍ രത്ന ഖനനം നടത്തിയുമാണ് രാജു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. പന്ന ജില്ല അറിയപ്പെടുന്നത് തന്നെ ഇന്ത്യയുടെ ഡയമണ്ട് ബൗള്‍ എന്നാണ്. നിരവധി പേരാണ് ഭാഗ്യം തേടി ഇവിടെ ഖനന ജോലികള്‍ക്കായി എത്തുന്നത്.
1961 ല്‍ ഇവിടെ നിന്ന് ഒരാള്‍ക്ക് 54.55 കാരറ്റ് തൂക്കം വരുന്ന ഒരു രത്നം ലഭിച്ചിരുന്നു. 2018 ല്‍ ബുന്ദേല്‍ഖണ്ഡ് സ്വദേശിയായ മറ്റൊരാള്‍ക്ക് 42 കാരറ്റ് തൂക്കം വരുന്ന രത്നവും ലഭിച്ചിരുന്നു. ഈ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഖനനം നടത്തുന്നതിനായി ആളുകള്‍ക്ക് ചെറിയ നിരക്കില്‍ ഭൂമി പാട്ടത്തിന് നല്‍കി വരികയാണ്. രാജു ആകട്ടെ കഴിഞ്ഞ 10 വര്‍ഷമായി ഖനന ജോലികളില്‍ മുഴുകിയിരിക്കുകയാണ്. കൃഷ്ണ കല്യാണ്‍പൂരില്‍ പിതാവ് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇയാള്‍ ഭാഗ്യ പരീക്ഷണം നടത്തിയിരുന്നത്.
കുറേ നാളുകളായി മഴ ലഭിക്കാത്തത് കാരണം രാജു ഉള്‍പ്പെടെയുള്ള കൂലിപ്പണിക്കാര്‍ മറ്റ് ജോലികളൊന്നും ലഭിക്കാതെ രത്ന ഖനനം നടത്തി ജീവിക്കുകയാണ്. ഏതായാലും രത്നത്തിന്റെ വലിയ വില ലഭിക്കുന്ന സാഹചര്യത്തില്‍ രാജു ഗോണ്ട് ആദ്യമായി ഒരു ബാങ്ക് അക്കൗണ്ട് തുറന്നിരിക്കുകയാണ്. ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപയുടെ കടമുണ്ട് അതാദ്യം വീട്ടണമെന്നാണ് അദ്ദേഹം പറയുന്നത്. ഭൂമി പാട്ടത്തിന് നല്‍കിയതിന്റെ പേരില്‍ രത്നത്തിന്റെ വിലയില്‍ നിന്ന് പതിനൊന്ന് ശതമാനം തുക സര്‍ക്കാരിനാണ് ലഭിക്കുക. ബാക്കി തുക ലഭിച്ചാല്‍ അത് കുടുബംഗങ്ങള്‍ക്കായി വീതിച്ചു കൊടുക്കാനാണ് രാജുവിന്റെ ആഗ്രഹം.
കുട്ടികളെ നന്നായി പഠിപ്പിക്കണം എന്നും ഒരു പുതിയ വീടും കഴിയുമെങ്കില്‍ ഒരു ട്രാക്ടറും വാങ്ങണം എന്നുമാണ് രാജുവിന്റെ ഭാവി പരിപാടികള്‍. അതിനിടെ ഭാഗ്യം കടാക്ഷിച്ചതിന്റെ പേരില്‍ വെറുതേ ഇരിക്കാതെ കഴിഞ്ഞ ദിവസം തന്നെ രാജുവും സഹോദരനും വീണ്ടും രത്ന ഖനനം ആരംഭിച്ചിരിക്കുകയാണ്. ഒരു പക്ഷെ വീണ്ടും ഭാഗ്യം തേടി വരുമെന്ന പ്രതീക്ഷയിലായിരിക്കാം ഈ സഹോദരന്‍മാര്‍.