ലോകത്തിലെ 30 രാജ്യങ്ങളിലായി 30,000 ല്‍ അധിക പേര്‍ക്ക് തൊഴില്‍ നല്‍കി; ലോകത്തെ അദ്ഭുതപ്പെടുത്തിയ ഉരുക്കു മനുഷ്യന്‍; സ്റ്റുഡന്റ് വിസയില്‍ കേംബ്രിഡ്ജിലെത്തി സമ്പന്നനായി കുതിച്ചുയര്‍ന്നു; എല്ലാം തട്ടിപ്പെന്ന് വ്യക്തമായതോടെ സഞ്ജീവ് ഗുപ്ത നിയമനടപടിയിലേക്ക്

Update: 2024-10-15 02:24 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 70 ല്‍ അധികം കമ്പനികളുടെ അക്കൗണ്ടുകള്‍ ഫയല്‍ ചെയ്യാത്തതിന് ഉരുക്ക് ഭീമന്‍ എന്നറിയപ്പെടുന്ന സഞ്ജീവ് ഗുപ്തയെ കമ്പനീസ് ഹൗസ് പ്രോസിക്യൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് ബ്രിട്ടണ്‍. 2017 ല്‍ ബ്രിട്ടനിലെ തകര്‍ന്ന ഉരുക്കു നിര്‍മ്മാണശാലകളെ രക്ഷിച്ചെടുക്കാന്‍ മുന്നിട്ടിറങ്ങിയതോടെ ഉരുക്ക് നിര്‍മ്മാണ മേഖലയുടെ രക്ഷകന്‍ എന്ന പേര് ലഭിച്ച ഗുപ്ത ഇപ്പോള്‍ അക്കൗണ്ടുകള്‍ ഫയല്‍ ചെയ്യാത്തതിന് എന്‍ഫോഴ്സ്‌മെന്റ് നടപടികള്‍ അഭിമുഖീകരിക്കുകയാണ്. വന്‍ തുക പിഴയൊടുക്കുക അല്ലെങ്കില്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നുള്ള അയോഗ്യത എന്നീ ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

തങ്ങളുടെ പ്രധാന വായ്പാദാതാവായ ഗ്രീന്‍സില്‍ ക്യാപിറ്റല്‍ 2021 ല്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഗുപ്ത ഫാമിലി ഗ്രൂപ്പ് അലയന്‍ (ജി എഫ് ജി) സീരിയസ് ഫ്രോഡ് ഓഫീസിന്റെ (എസ് എഫ് ഒ) ക്രിമിനല്‍ അന്വേഷണം നേരിടുന്നതിനിടയിലാണ് ഇപ്പോള്‍ ഈ പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വന്നിരിക്കുന്നത്. ഗുപ്ത സ്ഥാപിച്ച ലിബേര്‍ട്ടി കമ്മോഡിറ്റീസ് ഉള്‍പ്പടെ ലിബര്‍ട്ടി സ്റ്റീല്‍ പ്ലാന്റുമായി ബന്ധപ്പെട്ട 76 ഓളം കമ്പനികള്‍ക്ക് എതിരെ കമ്പനീസ് ഹൗസ് എന്‍ഫോഴ്സ്‌മെന്റ് നടപടികള്‍ ഉള്ള വിവരം ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ ജനിച്ച് സ്റ്റുഡന്റ് വിസയില്‍ കെംബ്രിഡ്ജിലെത്തിയ സഞ്ജീവ് ഗുപത, കമ്മോഡിറ്റി ട്രേഡിംഗില്‍ ആയിരുന്നു തന്റെ ഭാഗ്യം കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന ഉരുക്കു നിര്‍മ്മാണശാലകളിലേക്ക് ശ്രദ്ധ തിരിച്ചത്. അവിടെ നിന്നാണ് ഗുപ്തയുടെ ജി എഫ് ജി സാമ്രാജ്യത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. 30 രാജ്യങ്ങളിലായി 30,000 ല്‍ ഏറെ പേര്‍ക്ക് തൊഴില്‍ നല്‍കിയ ഒരു തൊഴില്‍ ദാതാവ് കൂടിയാണ് ഗുപ്ത. റോതെര്‍ഹാം, ന്യൂപോര്‍ട്ട്, സ്‌കന്റോര്‍പ്പ് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്ക് ഉരുക്ക് ന്‍ബിര്‍മ്മാണശാലകള്‍ ഉണ്ട്.

ഗി എഫ് ഗി യുടെ പ്രധാന വായ്പാദാതാവായ, ആസ്‌ട്രേലിയന്‍ ബിസിനസുകാരന്‍ ലെക്സ് ഗ്രീന്‍സില്ല് സ്ഥാപിച്ച ഗ്രീന്‍സില്‍ 2021 ല്‍ തകര്‍ന്നതോടെയാണ് ഗുപ്തയുടെ കഷ്ടകാലം ആരംഭിക്കുന്നത്. കമ്പനി തകര്‍ന്നതോടെയാണ് ഗ്രീന്‍സില്‍ ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതോ, ഗുപ്തയുമായി ബന്ധപ്പെട്ടതോ ആയ കമ്പനികള്‍ക്ക് 400 മില്യന്‍ പൗണ്ട് വായ്പ നല്‍കിയ വിവരം പുറത്തു വരുന്നത്. ഏകദേശം 80 ശതമാനം വരെ സര്‍ക്കാര്‍ ഗ്യാരന്റിയുള്ള കൊറോണവൈറസ് ലാര്‍ജ് ബിസിനസ്സ് ഇന്ററപ്ഷന്‍ ലോണ്‍ പദ്ധതി വഴിയാണ് ഇതില്‍ ഏറെയും കരസ്ഥമാക്കിയത്.

അതുകൊണ്ടു തന്നെ ഗുപ്തയുടെ ഉരുക്ക് സാമ്രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് എസ് എഫ് ഒ ഒരു ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. കമ്പനിയുടെ ഇടപാടുകളില്‍, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ സംശയിക്കുന്നതായി അന്ന് തന്നെ ഏജന്‍സി പറഞ്ഞിരുന്നു. ഇയാന്‍ ഹണ്ടര്‍, ദീപക് സൊഗാനി, ജെഫ്രി കബേല്‍, ജെഫ്രി സ്റ്റീന്‍ എന്നീ ഡയറക്ടര്‍മാര്‍ക്കെതിരെയും നടപടികള്‍ കമ്പനി ഹൗസ് സ്വീകരിക്കുന്നുണ്ട്. 2021 ല്‍ ആയിരുന്നു ഇവരെ സ്പെഷ്യലിസ്റ്റ് ഡയറക്ടര്‍മാരായി നിയമിച്ചത്.

എന്നാല്‍, തങ്ങളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും, നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നറ്റപടികള്‍ ദയറക്ടര്‍മാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. ഓഡിറ്റ് ചെയ്യാത്ത കണക്കുകള്‍ തങ്ങള്‍ ഫൈനലൈസ് ചെയ്തുവെന്നും കമ്പനി ഹൗസുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും വക്താവ് പറഞ്ഞു. നിയമനടപടികള്‍ ജി എഫ് ജിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News