എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കൂടെ കൂട്ടിയതും വിവാദമായി; ഫോം പൂരിപ്പിക്കാന്‍ വൈകിയതും സമ്മര്‍ദ്ദം; വീട്ടുകാര്‍ പള്ളിയില്‍ പോയപ്പോള്‍ ആത്മഹത്യ; പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയത് വിവാദമാകും; അനീഷ് ജോര്‍ജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ഇലക്ഷന്‍ കമ്മീഷന്‍

Update: 2025-11-16 08:16 GMT

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയത് വിവാദമാകും. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബൂത്ത്ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. അതിനിടെ, ബിഎല്‍ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. വിഷയം സിപിഎം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

ജോലി സമ്മര്‍ദത്തെ കുറിച്ച് അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. രാവിലെ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് അനീഷ് ജീവനൊടുക്കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്. ജോലി സമ്മര്‍ദം ഉള്ളകാര്യം അനീഷ് കുടുംബത്തോട് പറഞ്ഞിരുന്നു. എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കൂടെ കൂട്ടിയതുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ടായിരുന്നു. ഫോം പൂരിപ്പിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടും അനീഷിന് സമ്മര്‍ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ വളരെ വൈകിയാണ് അനീഷ് ഉറങ്ങിയതെന്ന് ഭാര്യ പറഞ്ഞു. രാത്രി ഒരു മണിവരെ എസ്ഐആറുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. ജോലിയിലെ സമ്മര്‍ദം സംബന്ധിച്ച് അനീഷ് പറഞ്ഞിരുന്നതായി ഭാര്യയും വ്യക്തമാക്കുന്നുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അനീഷ് കഴിഞ്ഞിരുന്നത്. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പള്ളിയില്‍ നിന്നും വീട്ടുകാര്‍ തിരിച്ചുവരുമ്പോള്‍ അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടില്‍ നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്.

Similar News