ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങിയതല്ല; അടിവയറ്റിലെ ആന്തരിക രക്തസ്രാവം; നിര്‍ണ്ണായകമായത് ഫോറന്‍സിക് ബ്രില്യന്‍സ്; മടിയില്‍ ഇരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റില്‍ ഇടിച്ചു; നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ്; ആ കുരുന്നിന്റെ ജീവനെടുത്തത് സംശയ രോഗം

Update: 2026-01-24 01:48 GMT

നെയ്യാറ്റിന്‍കര: ഒളിച്ചുവെക്കാന്‍ ശ്രമിച്ച ക്രൂരതയെ ശാസ്ത്രീയ തെളിവുകള്‍ കൊണ്ട് പുറത്തുകൊണ്ടുവന്ന് വീണ്ടും ഫോറന്‍സിക് വിഭാഗത്തിന്റെ കരുത്ത്. നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ ഇഹാന്‍ കൊല്ലപ്പെട്ട കേസില്‍, പിതാവ് ഷിജിലിനെ കുടുക്കിയത് പോസ്റ്റ്മോര്‍ട്ടം ടേബിളിലെ സൂക്ഷ്മമായ നിരീക്ഷണങ്ങളാണ്. സാധാരണ മരണമെന്ന് മാതാപിതാക്കള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച കേസിനെ കൊലപാതകമാക്കി മാറ്റിയത് അടിവയറ്റിലെ ക്ഷതം കണ്ടെത്തിയ ഫോറന്‍സിക് സര്‍ജന്റെ വൈദഗ്ധ്യമാണ്.

ബിസ്‌കറ്റും മുന്തിരിയും കഴിച്ചപ്പോള്‍ കുട്ടി കുഴഞ്ഞുവീണെന്നായിരുന്നു ഷിജിലും ഭാര്യ കൃഷ്ണപ്രിയയും ആശുപത്രിയില്‍ നല്‍കിയ മൊഴി. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് അടിവയറ്റിലെ നിറവ്യത്യാസത്തില്‍ സംശയം തോന്നിയിരുന്നു. എന്നാല്‍ കുഞ്ഞ് വീണിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഷിജില്‍.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും പിന്നാലെയാണ് സത്യം പുറത്തുവന്നത്. കുഞ്ഞിന്റെ അടിവയറ്റിലേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്നും ഇത് ആന്തരിക രക്തസ്രാവത്തിന് വഴിവെച്ചെന്നും ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങിയതല്ല, മറിച്ച് വയറിനേറ്റ പ്രഹരമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഇതോടെ ഉറപ്പായി.

അന്വേഷണസംഘം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിക്കുന്നതിന് മുന്‍പേ തന്നെ ബാലരാമപുരം എസ്എച്ച്ഒ വി. സൈജുനാഥ് ഫോറന്‍സിക് സര്‍ജനെ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കുണ്ടായ തകര്‍ച്ച ഏതെങ്കിലും തരത്തിലുള്ള വീഴ്ച മൂലം സംഭവിക്കില്ലെന്നും ബോധപൂര്‍വ്വമായ ആക്രമണം മൂലമാണെന്നും സര്‍ജന്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് ഷിജിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും ക്രൂരമായ സത്യം പുറത്തുവന്നതും.

രണ്ടര വര്‍ഷം മുന്‍പ് വിവാഹിതരായ ഷിജിലിനും കൃഷ്ണപ്രിയയ്ക്കും ഇടയില്‍ സംശയരോഗമായിരുന്നു വില്ലന്‍. ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പേരില്‍ കുട്ടിയെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ കൈ ഒടിഞ്ഞത് മുന്‍പ് ഷിജില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണെന്ന് പോലീസ് സംശയിക്കുന്നു. രണ്ടു മാസം മുന്‍പ് വീണ്ടും ഒന്നിച്ചു താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കാനാണോ എന്ന സംശയവും നിലനില്‍ക്കുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഷിജില്‍ കുറ്റം സമ്മതിച്ചു. മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായി ഇടിക്കുകയായിരുന്നു എന്നാണ് മൊഴി. അടിവയറ്റിലേറ്റ ഇടിയുടെ ആഘാതത്തില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞു വീഴുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ബിസ്‌കറ്റ് കുടുങ്ങിയതാണെന്ന കഥ മെനഞ്ഞത്.

Tags:    

Similar News