ക്ഷണിക്കാതെ എവിടെയും പോകരുതെന്ന പരിശീലനമാണ് മുപ്പത്തിമൂന്നര വര്‍ഷത്തെ പോലീസ് ജീവിതം എനിക്ക് നല്‍കിയത്; ആരും ഇത് തെറ്റിദ്ധരിക്കേണ്ട; ബിജെപിയില്‍ ശ്രീലേഖയ്ക്ക് അവഗണനയോ? മോദി പങ്കെടുത്ത വേദിയിലും അതൃപ്തി പുകയുന്നു; വിശദീകരണവുമായി മുന്‍ ഡിജിപി
തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപിയുടെ വിജയത്തിളക്കത്തിനിടയിലും പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ മറനീക്കി പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ പുലര്‍ത്തിയ അകലം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് തന്നെ ചതിച്ചുവെന്ന പരിഭവം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലും ശ്രീലേഖ മറച്ചുവെച്ചില്ലെന്നാണ് സൂചന.
ചര്‍ച്ചയായി അകലം പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലെ ഇരിപ്പിടത്തിലാണ് ശ്രീലേഖ ഇരുന്നതെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ അവര്‍ തയ്യാറായില്ല. മേയര്‍ വി.വി. രാജേഷിനെ പ്രധാനമന്ത്രി ആലിംഗനം ചെയ്യുകയും നേതാക്കള്‍ ആവേശഭരിതരാവുകയും ചെയ്തപ്പോഴും ശ്രീലേഖയുടെ മുഖത്ത് ഭാവവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയെ യാത്രയാക്കുന്ന സമയത്ത് വി.വി. രാജേഷും കെ. സുരേന്ദ്രനും അടക്കമുള്ളവര്‍ ചുറ്റും കൂടിയപ്പോഴും ശ്രീലേഖ സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് മാറി തനിച്ച് നില്‍ക്കുകയായിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണം പിടിച്ചാല്‍ മേയര്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പിലാണ് മുന്‍ ഡിജിപി കൂടിയായ ശ്രീലേഖയെ പാര്‍ട്ടി മത്സരരംഗത്തിറക്കിയത്. എന്നാല്‍ ജയിച്ചുവന്നപ്പോള്‍ രാഷ്ട്രീയ പാരമ്പര്യമുള്ളവര്‍ മേയറാകണമെന്ന ആര്‍എസ്എസ് നിലപാട് ശ്രീലേഖയ്ക്ക് തിരിച്ചടിയായി. വി.വി. രാജേഷിനെ മേയറാക്കാനും ആശാനാഥിനെ ഡെപ്യൂട്ടി മേയറാക്കാനും പാര്‍ട്ടി തീരുമാനിച്ചതോടെ ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തീരും മുന്‍പേ അവര്‍ വേദി വിട്ടതും വലിയ വാര്‍ത്തയായിരുന്നു.
വിഷയം വിവാദമായതോടെ വിശദീകരണവുമായി ശ്രീലേഖ തന്നെ രംഗത്തെത്തി. താന്‍ പ്രധാനമന്ത്രിയുടെ അടുത്ത് പോകാതിരുന്നത് അച്ചടക്കത്തിന്റെ ഭാഗമാണെന്ന് അവര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. 'ക്ഷണിക്കാതെ എവിടെയും പോകരുതെന്ന പരിശീലനമാണ് മുപ്പത്തിമൂന്നര വര്‍ഷത്തെ പോലീസ് ജീവിതം എനിക്ക് നല്‍കിയത്. പ്രധാനമന്ത്രി വരുമ്പോള്‍ എനിക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനത്ത് ഇരിക്കുക എന്നതാണ് ഒരു പ്രവര്‍ത്തക എന്ന നിലയില്‍ എന്റെ കടമയെന്നു ഞാന്‍ കരുതി. വിവിഐപി പ്രവേശ കവാടത്തിലൂടെ പ്രധാനമന്ത്രി മടങ്ങുമ്പോള്‍ അങ്ങോട്ടേക്ക് ഓടിച്ചെല്ലുന്നത് ശരിയല്ലെന്ന് തോന്നി. ആരും ഇത് തെറ്റിദ്ധരിക്കേണ്ട,' ശ്രീലേഖ വ്യക്തമാക്കി.
ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ശ്രീലേഖയെ തഴയുന്നതില്‍ അതൃപ്തിയുള്ളവരാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിക്കായി വലിയ വോട്ട് ബാങ്ക് സമാഹരിക്കാന്‍ കഴിയുന്ന വ്യക്തിത്വത്തെ അവഗണിക്കുന്നത് തിരിച്ചടിയാകുമെന്ന് ചിലര്‍ പറയുന്നു.
