'പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ; ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല; പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടു; എത്ര കൊമ്പനായാലും പോരാടും'; ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്
ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാര്‍ഡില്‍ സീറ്റ് നിഷേധിച്ചതില്‍ മനം നൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ഫോണ്‍ സംഭാഷണം പുറത്ത്. ആനന്ദിന്റെ മാനസിക സമ്മര്‍ദ്ദം വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ആനന്ദ് സജീവ സംഘപരിപാര്‍ പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടും കല്‍പ്പിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തില്‍ പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നല്‍കിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തില്‍ ആനന്ദ് പറയുന്നുണ്ട്. അതേസമയം, ആനന്ദിന്റെ ആത്മഹത്യയില്‍ പൊലീസ് കേസെടുത്തു. ആനന്ദിന്റെ പോസ്റ്റ്‌മോര്‍ട്ടം അല്‍പ്പസമയത്തിനകം നടക്കും.
'പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ' എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ സുഹൃത്തിനോട് ആനന്ദ് ചോദിക്കുന്നത്. 'ഞാന്‍ രണ്ടും കല്പിച്ചാണ്. മത്സരിക്കാന്‍ തീരുമാനിച്ചു. സമ്മര്‍ദ്ദം എല്ലാ ഭാഗത്തുനിന്നും ഉണ്ട്. സംഘടനയുടെ ചുമതലയുള്ള ചിലര്‍ക്ക് മാത്രേയുള്ളൂ. ഇത്രമാത്രം അപമാനിച്ചു, ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല. ഞാന്‍ പോരാടി നില്‍ക്കുന്ന ആളാണ്. എത്ര കൊമ്പനായാലും പോരാടും. ഒരു കാര്യം ഏറ്റെടുത്താല്‍ അത് ചെയ്ത് തീര്‍ത്തിട്ടേ അവിടെനിന്ന് മാറൂ, എന്ത് പ്രതിസന്ധി നേരിട്ടാലും. ഇത്രയും കാലം സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയില്‍ അല്ലേ നിന്നത്. എന്റെ ശരീരം, സമയം, പണം, മനസ്സ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ...? എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോള്‍, അത് നാലായി മടക്കി പോക്കറ്റില്‍ വെച്ച് വീട്ടില്‍ പോയിട്ടിരിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല', ഫോണ്‍ സംഭാഷണത്തില്‍ ആനന്ദ് സുഹൃത്തിനോട് പറയുന്നു.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തഴയപ്പെട്ടെന്ന പരാതിയുന്നയിച്ചാണ് തിരുമല ജയ്നഗര്‍ സരോവരത്തില്‍ ആനന്ദ് കെ. തമ്പി(39) ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ടാണ് വീടിന്റെ പുറകിലെ ഷെഡില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പൊലീസ് എഫ്‌ഐആര്‍. സഹോദരി ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ആനന്ദിന് കുടുംബപ്രശ്‌നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനാല്‍ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് തന്റെ അറിവെന്നാണ് സഹോദരി ഭര്‍ത്താവിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൃക്കണ്ണാപുരത്ത് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയിരിക്കുകയായിരുന്നു ആനന്ദ് കെ തമ്പി. ഇതിനുമുന്നോടിയായി ശിവസേനയിലും ആനന്ദ് ചേര്‍ന്നിരുന്നു.
കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നേരത്തേ ആനന്ദ് നേതൃത്വത്തെ കണ്ടിരുന്നു. എന്നാല്‍, ബിജെപി ഇവിടെ മറ്റൊരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്നുള്‍പ്പെടെ ആരോപിച്ച് സുഹൃത്തുകള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ആനന്ദിന്റെ ആത്മഹത്യ. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ മാനസിക സമ്മര്‍ദത്തിലാക്കിയെന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം, ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്നും പേര് ഒരുഘട്ടത്തിലും പട്ടികയിലില്ലായിരുന്നെന്നുമാണ് ബിജെപിയുടെ വിശദീകരണം. എന്നാല്‍, ആനന്ദ് സംഘപരിവാറിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ സിഎഎ പ്രക്ഷോഭകാലത്ത് അതിനെതിരായി ബിജെപി നടത്തിയ പരിപാടിയില്‍ ആനന്ദ് പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ വേദിയിലിരിക്കെയാണ് ആനന്ദ് പ്രസംഗിക്കുന്നത്. നേതൃത്വത്തിനെതിരേ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞമാസം ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ബന്ധു കൂടിയാണ് ആനന്ദ്.
നേതാക്കളുടെ മൊഴിയെടുക്കും
ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച വാട്‌സ് അപ്പ് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യും. ആനന്ദിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ തേടാനാണ് പൊലീസിന്റെ തീരുമാനം. ആത്മഹത്യാസന്ദേശത്തില്‍ പറയുന്ന ബിജെപി, ശിവസേന നേതാക്കളുടെ മൊഴിയും എടുക്കും. ആനന്ദ് ശബ്ദ സന്ദേശം അയച്ചവരുടേയും മൊഴിയെടുക്കും.ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാ സന്ദേശത്തില്‍ ആനന്ദ് ഉന്നയിച്ചിരുന്നത്. തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്നും ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ മണ്ണ് മാഫിയ ആണെന്നും ആത്മഹത്യാസന്ദേശത്തില്‍ ആനന്ദ് ആരോപിക്കുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആത്മഹത്യാ സന്ദേശത്തില്‍ ആരോപിക്കുന്നു. അതേസമയം, ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആനന്ദ് കെ തമ്പി തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റായ ആലപ്പുറം ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരാണ് താന്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കാരണമെന്നാണ് ആനന്ദ് ആത്മഹത്യാസന്ദേശത്തില്‍ ആരോപിക്കുന്നത്. ഇവര്‍ മണ്ണുമാഫിയയാണെന്നും അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തില്‍ ഒരാള്‍ വേണമെന്നും അതിനുവേണ്ടിയാണ് മണ്ണു മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ആനന്ദ് ആരോപിക്കുന്നു.
