ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഭീകരസംഘം പദ്ധയിട്ടിരുന്ന ഭീകരാക്രമണ പരമ്പരയ്ക്കു മുമ്പായോ പിന്നീടോ രാജ്യം വിടാന്‍ ലക്ഷ്യമിട്ടാണു ഷഹീന്‍; ആ വനിതാ ഡോക്ടറുടെ പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് എത്തിയ പോലീസ് കണ്ടത് സ്‌ഫോടക വസ്തു ശേഖരം; എംബിബിഎസ് വിദ്യാര്‍ത്ഥിയും അകത്ത്; ചെങ്കോട്ടയിലെ വെള്ളകോളര്‍ ഭീകരവാദ വേരുകള്‍ പോകുന്നത് പാക്കിസ്ഥാനിലേക്ക് തന്നെ
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതിയായ വനിതാഡോക്ടര്‍ ഷഹീന്‍ സയീദ് ദുബായിലേക്കു രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ഭീകരാക്രമണ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഫരീദാബാദ് അല്‍ ഫലാ മെഡിക്കല്‍ കോളജിലെ ഡോക്ടറായ ഷഹീന്റെ പാസ്‌പോര്‍ട്ട് അപേക്ഷയുടെ പരിശോധനയ്ക്കിടെ എടുത്ത ഫോട്ടോ പോലീസ് പരസ്യപ്പെടുത്തി. അതിനിടെ ചെങ്കോട്ട സ്ഫോടനത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥി ജാനിസുര്‍ ആലം എന്ന നിസാര്‍ ആലത്തെ ബംഗാളിലെ ഉത്തര ദിനാജ്പുര്‍ ജില്ലയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റുചെയ്തു. ജമ്മു കാഷ്മീര്‍, ഹരിയാന, ഡല്‍ഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുടെ വെള്ളക്കോളര്‍ ഭീകരശൃംഖലയുടെ കൂടുതല്‍ ചുരുളുകള്‍ അഴിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പാക്കിസ്ഥാന്‍ ബന്ധത്തിനും തെളിവ് കിട്ടി കഴിഞ്ഞു.
ഷഹീന് അന്താരാഷ്ട്ര അന്താരാഷ്ട്ര ബന്ധങ്ങളുണ്ട്. ലക്‌നോ സ്വദേശിയും ഭീകരസംഘത്തിലെ പ്രധാനികളിലൊരാളുമായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായിയുടെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ ഡോ. ഷഹീന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത് അടുത്തിടെയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഭീകരസംഘം പദ്ധയിട്ടിരുന്ന ഭീകരാക്രമണപരമ്പരയ്ക്കു മുന്പായോ പിന്നീടോ രാജ്യം വിടാന്‍ ലക്ഷ്യമിട്ടാണു ഷഹീന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതെന്നാണ് വിലയിരുത്തല്‍. പാക് ഭീകരന്‍ മസൂദ് അസറിന്റെ സഹോദരിയുടെ നേതൃത്വത്തിലുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വനിതാ തീവ്രവാദി ഗ്രൂപ്പ് ഇന്ത്യയില്‍ രൂപീകരിക്കാന്‍ ഷഹീനെയാണു ചുമതലപ്പെടുത്തിയിരുന്നത്. വനിതാഡോക്ടറുടെ പാസ്‌പോര്‍ട്ട് അപേക്ഷയുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷനിടെയാണു സംഘാംഗമായ ഡോ. മുസമ്മിലിന്റെ വാടക കെട്ടിടത്തില്‍നിന്നു വന്‍ സ്‌ഫോടകശേഖരം കണ്ടെടുത്തത്. കഴിഞ്ഞ മാസം 30ന് ഫരീദാബാദില്‍നിന്നു മുസമ്മിലിനെയും ആദില്‍ അഹമ്മദ് റാത്തറിനെയും അറസ്റ്റ് ചെയ്തിരുന്നു. അല്‍ ഫലാ മെഡിക്കല്‍ കോളജിലെ ഇവരുടെ മറ്റൊരു സഹപ്രവര്‍ത്തകനായ ഡോ. ഉമര്‍ നബി ഇതിനിടെ ചെങ്കോട്ടയില്‍ ചാവേറാക്രമണം നടത്തി. ഇതേത്തുടര്‍ന്നാണു പാസ്‌പോര്‍ട്ട് അപേക്ഷകയുടെ ഭീകരബന്ധം വെളിവായത്. ഉമര്‍ നബി ബോംബ് നിര്‍മ്മാണ വിദഗ്ധനാണെന്നും സൂചനയുണ്ട്.
കൂട്ടാളികളുടെ അറസ്റ്റിനെയും ഫരീദാബാദില്‍നിന്നു സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഷഹീനയുടെ നീക്കങ്ങള്‍ ഫരീദാബാദ് പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ മൂന്നിന് അല്‍ ഫലാ സര്‍വകലാശാല കാമ്പസിലേക്ക് അവരുടെ ഫോട്ടോയെടുക്കാന്‍ പോലീസുകാരെ അയച്ചു. ഡോ. ഷഹീനയെ 11ന് ലക്‌നോയില്‍ അറസ്റ്റ് ചെയ്തതോടെ ഇവരുടെ ഭീകരബന്ധം വ്യക്തമായി. നിസാര്‍ ആലത്തിന്റെ അറസ്റ്റും നിര്‍ണ്ണായകമാണ്. ലുധിയാനയില്‍ താമസിക്കുന്ന നിസാര്‍ ബംഗാളിലെ പൂര്‍വിക ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം വിവാഹച്ചടങ്ങിനെത്തിയതായിരുന്നു. ഡല്‍ഹി സ്ഫോടനത്തില്‍ നിസാറിന് ബന്ധമുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു. ചോദ്യംചെയ്യലിനോട് സഹകരിക്കാതെ നിസാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. അതിനിടെ, അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ടു ഡോക്ടര്‍മാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ട സ്ഫോടനത്തിനുപയോഗിച്ച കാര്‍ ഓടിച്ച ഡോ. ഉമര്‍ നബിയുടെ സുഹൃത്തുക്കളായ മുഹമ്മദ്, മുസ്തകിം എന്നീ ഡോക്ടര്‍മാരാണ് ഹരിയാണയിലെ നൂഹില്‍ പിടിയിലായത്. നിലവില്‍ ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ 12 ആയി.
നൗഗാം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം ഒന്‍പതായി. 32 പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇതില്‍ 27 പേര്‍ പോലീസുകാരാണ്. മുസമ്മില്‍ ഷക്കീലിന്റെ ഹരിയാണ ഫരീദാബാദിലെ വാടകവീട്ടില്‍നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ സ്റ്റേഷനില്‍ പരിശോധിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി 11.20-ഓടെ അബദ്ധത്തില്‍ സ്ഫോടനമുണ്ടായത്. ഫരീദാബാദിലെ പലയിടങ്ങളില്‍നിന്നായി മൂവായിരം കിലോയിലേറെ സ്ഫോടകവസ്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു.
ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ഭീകരസംഘത്തെ സംബന്ധിച്ച ആദ്യകേസ് രജിസ്റ്റര്‍ചെയ്തത് നൗഗാമിലായതിനാലാണ് സ്ഫോടകവസ്തുക്കള്‍ അങ്ങോട്ടുകൊണ്ടുപോയതെന്നാണ് അധികൃതരുടെ വിശദീകരണം.
