ചുവന്ന ഷര്‍ട്ടണിഞ്ഞ സാഹസികന്‍! ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള്‍ അര്‍ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തി; ജീവന്‍ പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; വര്‍ക്കല ട്രെയിന്‍ ആക്രമണക്കേസിലെ രക്ഷകനെ കണ്ടെത്തി; ബിഹാര്‍ സ്വദേശി പൊലീസിന് നിര്‍ണായക സാക്ഷി

വര്‍ക്കല ട്രെയിന്‍ ആക്രമണം: അക്രമിയെ കീഴ്പ്പെടുത്തിയ യഥാര്‍ത്ഥ ഹീറോയെ കണ്ടെത്തി

Update: 2025-11-16 09:57 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ ശ്രീക്കുട്ടി എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഞെട്ടിക്കുന്ന സംഭവത്തില്‍, പ്രതിയെ കീഴ്പ്പെടുത്തിയ വ്യക്തിയെ ഒടുവില്‍ പൊലീസ് കണ്ടെത്തി. നേരത്തെ ഇയാളുടെ ചിത്രം പുറത്തുവിട്ടിരുന്നു. പ്രതിയായ സുരേഷിനെ പിടികൂടിയതും പോലീസില്‍ ഏല്‍പ്പിച്ചതും ഈ വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു, ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ രക്ഷകന്റെ ചിത്രം പുറത്തുവിട്ടാണ് പോലീസ് അന്വേഷണം നടത്തിയത്.

കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബിഹാര്‍ സ്വദേശി ശങ്കര്‍ പാസ്വാനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതരസംസ്ഥാന തൊഴിലാളിയായ ഇദ്ദേഹം, പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷിനെ കീഴ്പ്പെടുത്തുകയും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അര്‍ച്ചനയെ പ്രതിയുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിയായ സുരേഷ്, ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം കൂട്ടുകാരിയായ അര്‍ച്ചനയെയും ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് ചുവന്ന ഷര്‍ട്ട് ധരിച്ച ശങ്കര്‍ പാസ്വാന്‍ ഓടിയെത്തുന്നത്. ഒറ്റക്കൈ കൊണ്ട് അര്‍ച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചു കയറ്റിയ ഇദ്ദേഹം, തുടര്‍ന്ന് അക്രമാസക്തനായ സുരേഷിനെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം ട്രെയിനിലെയും സമീപത്തെയും സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ കീഴ്പ്പെടുത്തിയ ഈ 'ചുവന്ന ഷര്‍ട്ടുകാരന്‍' ആരാണെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് ബിഹാര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത്. ശങ്കര്‍ പാസ്വാനെ ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ ഒരുങ്ങുകയാണ്.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (RPF) ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറിയ ബോഗിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ധീരതയുടെ നിമിഷങ്ങള്‍ പതിഞ്ഞത്. പ്രതിയെ കീഴ്പ്പെടുത്തിയ വ്യക്തിയുടെ വിവരങ്ങള്‍ കൈമാറുന്നതിനായി പോലീസ് ഒരു നമ്പര്‍ (9846200100) പുറത്തുവിട്ടിരുന്നു, ഇയാളുടെ ഫോട്ടോയും പോലീസ് പങ്കുവെച്ചിരുന്നു. കേസില്‍ ഇയാളുടെ മൊഴി നിര്‍ണ്ണായകമാകും.

തീവണ്ടിക്കുള്ളില്‍ സുരേഷ്‌കുമാറും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും പിന്നീട് ആക്രമണം നടക്കുന്നതും ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇയാള്‍ തീവണ്ടിക്കുള്ളില്‍ പുകവലിച്ചത് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനും ആക്രമണത്തിനും കാരണമെന്നാണ് മൊഴി.

Tags:    

Similar News