'യഹിയ സിന്‍വാര്‍ മരിച്ചു; ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല ഇത്; പക്ഷേ അവസാനത്തിന്റെ തുടക്കമാണ്; ഈ യുദ്ധം നാളെ അവസാനിച്ചേക്കാം; ഇറാന്‍ പടുത്തുയര്‍ത്തിയ ഭീകരവാദത്തിന്റെ ഈ അച്ചുതണ്ട് തകര്‍ന്നടിയുകയാണ്'; ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു
23 രാജ്യങ്ങളില്‍ നിന്നുള്ള 101 പേരെയാണ് ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നതെന്ന് നെതന്യാഹു
ടെല്‍ അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് ഇസ്രയേലിന്റെ ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
യഹിയ സിന്‍വാര്‍ മരിച്ചു എന്നു പറഞ്ഞുകൊണ്ടാണ് നെതന്യാഹു തന്റെ വീഡിയോ സന്ദേശം ആരംഭിച്ചത്. 'റാഫയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ധീരസൈനികര്‍ യഹിയയെ കൊലപ്പെടുത്തി. എന്നാല്‍ ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല ഇത്, പക്ഷേ അവസാനത്തിന്റെ തുടക്കമാണ്. ഗാസ ജനതയോട് എനിക്കൊരു സന്ദേശമറിയിക്കാനുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം; ഹമാസ് ആയുധം വെച്ച് കീഴടങ്ങി ബന്ദികളാക്കിവെച്ചവരെ തിരികെ തരികയാണെങ്കില്‍...'ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന്റെ നിലപാട് കടുപ്പിച്ചുകൊണ്ട് നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേല്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 101 പേരെയാണ് ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നതെന്ന് നെതന്യാഹു ആരോപിച്ചു. 'ഇസ്രയേലികള്‍ക്കു വേണ്ടി മാത്രമല്ല, തടവിലാക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് ഈ പോരാട്ടം. അവരെയെല്ലാം തിരികെ സുരക്ഷിതമായി അവരുടെ വീടുകളില്‍ എത്തിക്കുവാനായി ഇസ്രയേലിന്റെ ശക്തിയുപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതിന് ഞാന്‍ ബാധ്യസ്ഥനാണ്. അവരുടെ സുരക്ഷയ്ക്കാണ് ഇസ്രയേല്‍ ഗ്യാരണ്ടി നല്‍കുന്നത്.'- നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ബന്ദികളാക്കി വെച്ചിരിക്കുന്നവര്‍ക്ക് നീതി ലഭിക്കാനായി വിശ്രമമില്ലാതെ പോരാട്ടം തുടരുമെന്ന കര്‍ശന മുന്നറിയിപ്പും നെതന്യാഹു ഹമാസിന് നല്‍കി. 'ബന്ദികളാക്കി വെച്ചിരിക്കുന്ന ഞങ്ങളുടെയാളുകളോട് അക്രമം കാണിക്കുന്നവര്‍ക്ക് നല്‍കാനുള്ള മറ്റൊരു സന്ദേശം ഇതാണ്- ഇസ്രയേല്‍ നിങ്ങളെ പിന്തുടര്‍ന്ന് വേട്ടയാടി നീതിപീഠത്തിനുമുന്നില്‍ കൊണ്ടുവരും. ഈ ദേശക്കാര്‍ക്ക് മറ്റൊരു പ്രതീക്ഷാനിര്‍ഭരമായ സന്ദേശം കൂടി നല്‍കുകയാണ്, ഇറാന്‍ പടുത്തുയര്‍ത്തിയ ഭീകരവാദത്തിന്റെ ഈ അച്ചുതണ്ട് നമ്മുടെ കണ്‍മുന്നില്‍ വെച്ച് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്'- നെതന്യാഹു തുടരുന്നു.
ഹിസ്ബുള്ള തലവന്മാരായിരുന്ന ഹസന്‍ നസ്‌റള്ളയെ തീവ്രവാദമുഖത്തുനിന്നും തുടച്ചുമാറ്റിയതെങ്ങനെയെന്നും നെതന്യാഹു സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറാന്‍ അടിച്ചേല്‍പിച്ച ഭീകരതയുടെ വാഴ്ച്ച ഇറാഖിലും സിറിയയിലും ലെബനനിലും യെമനിലും തുടരുകയാണെന്നും അതിനെല്ലാം അന്ത്യമുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. മധ്യേഷ്യയില്‍ അഭിവൃദ്ധിയുള്ള ഭാവിയും സമാധാനവും ആഗ്രഹിക്കുന്ന ജനത നല്ല ഭാവിക്കായി ഒന്നിച്ചുനില്‍ക്കണമെന്നും അന്ധകാരശക്തികളെ പിന്തള്ളി പ്രതീക്ഷാനിര്‍ഭരമായി ഭാവിയുടെ വെളിച്ചം ഒന്നിച്ചു തെളിയിക്കാമെന്നും സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു.
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ യഹിയ കൊല്ലപ്പെട്ടു എന്നായിരുന്നു ഐഡിഎഫ് വ്യക്തമാക്കിയത്. ഡിഎന്‍എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് യഹിയ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. യഹിയയുടെ മരണം വലിയ നേട്ടമെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്സ് പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടപ്പോഴായിരുന്നു യഹിയ സിന്‍വര്‍ ഹമാസ് തലവനായത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ യഹിയ ആയിരുന്നു.