സലാമിനെ മാറ്റിയുള്ള പ്രശ്‌ന പരിഹാരത്തിന് അടക്കം ലീഗ് തയ്യാര്‍; പകരം പാണക്കാട് തങ്ങളെ അക്ഷേപിച്ചവര്‍ക്കെതിരെ നടപടി വേണം; ഇല്ലെങ്കില്‍ മറു വഴികള്‍ നോക്കാന്‍ ലീഗ്; കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന നേതൃത്വം ഏറ്റെടുത്തേക്കും; സമസ്ത ആദര്‍ശ സംരക്ഷണ സമിതിയില്‍ ചര്‍ച്ച സജീവം

Update: 2024-11-30 04:25 GMT

കോഴിക്കോട്: മുസ്ലീം ലീഗ്-സമസ്ത തര്‍ക്കം ഇനിയും രൂക്ഷമായേക്കും. സമസ്തയിലെ ഒരുവിഭാഗം നടത്തുന്ന മുസ്ലിംലീഗ് വിരുദ്ധ നീക്കങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മഹല്ലുകളിലേക്കുകൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. ഇതിന് വേണ്ടി സമസ്ത ആദര്‍ശ സംരക്ഷണ സമിതിയുണ്ടാക്കും. ഫലത്തില്‍ സമസ്തയെ പിളര്‍ത്താനാണ് നീക്കം. ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് മുന്നറിയിപ്പ് സമസ്ത നേതൃത്വത്തിന് കിട്ടികഴിഞ്ഞു. എന്നാല്‍ ഇത് സമസ്ത തള്ളാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മഹലുകളില്‍ അടക്കം അത് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനിടെ വിട്ടുവീഴ്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ലീഗ് തയ്യറാണ്. ഇതിന് വഴങ്ങിയില്ലെങ്കില്‍ മാത്രമേ കടുത്ത നടപടികളുണ്ടാകൂ.

അതിനിടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നടപടികള്‍ മുസ്ലിം ലീഗില്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സമസ്തയുമായി സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നെന്നു വിലയിരുത്തുന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ. സലാമിനെ സ്ഥാനത്തുനിന്നു മാറ്റും. തര്‍ക്കം രൂക്ഷമാക്കിയത് പലപ്പോഴും പി.എം.എ. സലാമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നേതൃത്വത്തില്‍ മതിയായ അഴിച്ചുപണി നടത്താന്‍ ലീഗ് തയാറെടുക്കുന്നത്. സമസ്തയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.

പാര്‍ട്ടിയുടെ ദേശീയ സഹ ഭാരവാഹി സ്ഥാനവും തിരൂരങ്ങാടി പോലുള്ള ഒരു നിയമസഭാ സീറ്റും വേണമെന്ന സലാമിന്റെ ആവശ്യം ലീഗ്് പരിഗണിച്ചേക്കും. പി.കെ. കുഞ്ഞാലിക്കുട്ടി ലീഗ് സംസ്ഥാന നേതൃസ്ഥാനത്ത് വന്നാല്‍ സമസ്തയുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതിനൊപ്പം സമസ്തയിലെ ലീഗ് വിരോധികള്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. ലീഗ് രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്നവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തിനുള്ള യോഗ്യത ചോദ്യംചെയ്ത മുക്കം ഉമ്മര്‍ ഫൈസിക്കെതിരേയും സുപ്രഭാതത്തിലെ വിവാദ പരസ്യത്തിന്റെ കാര്യത്തിലും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രതിരോധിക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. സമസ്ത ആദര്ഡശ സംരക്ഷണ സമിതി ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം എടുത്തിട്ടുണ്ട്. അടുത്ത ആഴ്ച മലപ്പുറത്ത് അഡ്‌ഹോക്ക് കമ്മിറ്റി യോഗംചേര്‍ന്ന് ഭാവി പ്രവര്‍ത്തങ്ങള്‍ തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ സ്ഥിരം സമിതിയാക്കി മാറ്റും.

ഉമ്മര്‍ഫൈസി മുക്കം, സത്താര്‍ പന്തല്ലൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരുടെ നേതൃത്വത്തിലുള്ള സമസ്തയിലെ ഒരു വിഭാഗം സി.പി.എമ്മിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് മുസ്ലീം ലീഗ് നിലപാട്. ഇക്കാര്യം മഹല്ല് തലങ്ങളില്‍ യോഗം വിളിച്ച് ബോധവത്കരിക്കും. സമസ്തയെ പിളര്‍ത്തി ദുര്‍ബലപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സമിതി ആരോപിക്കുന്നത്. പക്ഷേ സമിതിയുണ്ടായാല്‍ അത് സമസ്തയെ എല്ലാ അര്‍ത്ഥത്തിലും പിളര്‍ത്തും. തര്‍ക്കം ഏതെങ്കിലും ഘട്ടത്തില്‍ പിളര്‍പ്പിലേക്ക് എത്തുകയാണെങ്കില്‍ അണികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാനാണ് മുസ്ലീംലീഗ് ശ്രമം.

സമസ്ത-ലീഗ് തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സമസ്ത നേതൃത്വവുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ ചര്‍ച്ച തുടരും. മുസ്ലിംലീഗിന് സ്വാധീനമുള്ള സംഘടനയാണ് മഹല്ല് ഫെഡറേഷന്‍. അവരുടെ പങ്കാളിത്തത്തോടെയാണ് സമിതിയുടെ പ്രവര്‍ത്തനം. സമസ്തയിലെ ഭൂരിഭാഗം മുശാവറ അംഗങ്ങളും മുസ്ലിംലീഗുമായി യോജിച്ചു പോവണമെന്ന അഭിപ്രായമുള്ളവരാണ്. എന്നാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് തിരിച്ചടി നല്‍കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇത് നടക്കില്ലെന്ന് ലീഗും വിശദീകരിക്കുന്നു. ടീം സമസ്ത എന്ന പേരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വീടുകള്‍കയറി ലീഗിനെതിരേ പ്രചാരണം നടത്തിയിട്ടും അബ്ദുസ്സമദ് സമദാനിക്ക് വോട്ടുകൂടുകയാണ് ഉണ്ടായതെന്ന് ലീഗ് അനുകൂലികള്‍ പറയുന്നു.

Tags:    

Similar News