ബഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടു? രക്ഷപ്പെട്ട വിമാനം കാണാനില്ല; 6700 മീറ്റര്‍ ഉയരത്തില്‍വച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; ലെബനീസ് വ്യോമാതിര്‍ത്തിക്ക് പുറത്ത് താഴേക്ക് പതിച്ചു? മിസൈല്‍ ആക്രമണമെന്ന് അഭ്യൂഹങ്ങള്‍; പ്രതികരിക്കാതെ സിറിയന്‍ അധികൃതര്‍

അസദ് കൊല്ലപ്പെട്ടു?വിമാനം അപ്രത്യക്ഷമായി

Update: 2024-12-08 11:26 GMT

ഡമാസ്‌കസ്: സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമത സേന പിടിച്ചതിനു തൊട്ടു മുന്‍പ് രാജ്യം വിട്ട ബഷാര്‍ അല്‍ അസദിന്റെ വിമാനം അപ്രത്യക്ഷമായതോടെയാണ് അഭ്യൂഹം ഉയര്‍ന്നത്. സിറിയന്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി പുറപ്പെട്ടെന്നു കരുതുന്ന വിമാനം തകര്‍ന്നുവീഴുകയോ വെടിവച്ചിടുകയോ ചെയ്‌തെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. നിരീക്ഷണ വെബ്‌സൈറ്റില്‍നിന്ന് വിമാനം പൊടുന്നനെ അപ്രത്യക്ഷമായതാണ് ഇതിനു പിന്നിലെ കാരണം.

വിമാന സ്‌പോട്ടിങ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം സിറിയന്‍ എയര്‍ വിമാനക്കമ്പനിയുടെ 9218 ഇല്യൂഷിന്‍-76 എന്ന വിമാനം ഡമാസ്‌കസ് വിമാനത്താവളത്തില്‍നിന്നു പറന്നുയരുന്നതും പിന്നീട് സിറിയയുടെ തീരമേഖലയിലേക്കു നീങ്ങുന്നതും കാണാം. ലറ്റാക്കിയയിലേക്കായിരുന്നു വിമാനത്തിന്റെ പോക്കെന്നായിരുന്നു അനുമാനം. എന്നാല്‍ പെട്ടെന്ന് ഈ വിമാനം യാത്ര എതിര്‍ദിശയിലേക്കു മാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ ഹോംസ് നഗരത്തിനു സമീപം റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു.

അസദ് എങ്ങോട്ടാണ് പോയതെന്നുള്ള വിവരങ്ങള്‍ സിറിയന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, അഭ്യൂഹങ്ങളെക്കുറിച്ചു പ്രതികരിക്കാനും അവര്‍ തയാറായിട്ടില്ല. 3,650 മീറ്ററില്‍നിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നില്‍ മിസൈല്‍ ആക്രമണം, വിമാനത്തിന്റെ യന്ത്രത്തകരാര്‍ തുടങ്ങിയവയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. അതേസമയം, പഴയ വിമാനങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകളുടെ കാലപ്പഴക്കം, ട്രാന്‍സ്‌പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചത്, പ്രദേശത്തെ ജിപിഎസ് തടയുന്ന ജാമ്മറുകളുടെ പ്രവര്‍ത്തനം, മിലിറ്ററി ഫ്രീക്വന്‍സിയിലേക്കു മാറ്റിയത് തുടങ്ങിയവ മൂലം ഡേറ്റയില്‍ പിഴവു വരാമെന്ന് ഫ്‌ലൈറ്റ് റഡാര്‍ പറയുന്നു.

ബഷാര്‍ യാത്ര ചെയ്യുകയായിരുന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും വിമാനം തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫ്‌ളൈറ്റ് നമ്പര്‍ സിറിയന്‍ എയര്‍ 9218 ഇല്യൂഷിന്‍-76 വിമാനമാണ് ഡമാസ്‌കസില്‍ നിന്ന് അവസാനമായി പറന്ന വിമാനമെന്ന് ഫ്‌ളൈറ്റ് ട്രാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഈ ഫ്‌ളൈറ്റില്‍ ബഷാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിപക്ഷ വിമതര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചടക്കുന്നതിന് മുന്‍പാണ് ഈ വിമാനം പറന്നുയര്‍ന്നത്. ആദ്യം കിഴക്കോട്ട് പറന്ന വിമാനം പിന്നീട് വടക്കോട്ട് തിരിഞ്ഞു. പിന്നാലെ പാശ്ചാത്യ സിറിയന്‍ നഗരമായ ഹോംസിന് മുകളില്‍ വട്ടമിട്ട് പറന്ന വിമാനത്തിന്റെ സിഗ്‌നലുകള്‍ നഷ്ടമായി. ബഷാര്‍ രാജ്യം വിട്ടത് ചൂണ്ടിക്കാട്ടി വിമതര്‍ ഡമാസ്‌കസ് സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരുന്നു. വിമതര്‍ ഡമാസ്‌കസിലേയ്ക്ക് കടന്നതിനുശേഷം ബഷാര്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. ബഷാറിനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് വിമത ശക്തികള്‍.

ഉയരത്തിലുണ്ടായ മാറ്റവും പെട്ടെന്നുള്ള അപ്രത്യക്ഷമാകലും ബഷാറിന്റെ വിമാനം വെടിവച്ചിട്ടതാകാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം ലെബനന്‍ വ്യോമാതിര്‍ത്തിക്ക് പുറത്തായി വടക്കന്‍ അക്കറിന് സമീപത്തുവച്ച് 3650 മീറ്റര്‍ ഉയരത്തില്‍ നിന്ന് 1070 മീറ്റര്‍ ഉയരത്തിലേയ്ക്ക് താഴ്ന്നു. ബഷാര്‍ സഞ്ചരിക്കുകയായിരുന്ന വിമാനം തകര്‍ന്നതായിരിക്കാമെന്ന് 3ഡി ഫ്‌ളൈറ്റ് റഡാര്‍ ഡാറ്റയും വ്യക്തമാക്കുന്നു.

വിമാനത്തിന്റെ ക്രമരഹിതമായ വ്യോമപാതയും വിമാനം തകര്‍ന്നിരിക്കാമെന്ന സൂചനകളാണ് നല്‍കുന്നതെന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. സെക്കന്റുകള്‍ക്കുള്ളിലാണ് 6700 മീറ്ററുകള്‍ നഷ്ടമായതെന്നും അതിനാല്‍ വിമാനം തകരാനുള്ള അല്ലെങ്കില്‍ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ചില മാദ്ധ്യമങ്ങള്‍ പറയുന്നു. ബഷാര്‍ സഞ്ചരിച്ചതെന്ന് പറയപ്പെടുന്ന വിമാനം പൊട്ടിത്തകരുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിര്‍ത്തിക്ക് പുറത്ത് വച്ച് താഴേക്ക് പതിച്ചതായി ഓപ്പണ്‍ സോഴ്സ് ഫ്ലൈറ്റ് ട്രാക്കേഴ്സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറയുന്നു. . വിമാനം വെടിവെച്ചിട്ടതാകാമെന്ന് സംശയിക്കപ്പെടുന്നു. എഞ്ചിന്‍ തകറിലായതാണെന്ന് മറ്റൊരു വാദവുമുണ്ട്.

നവംബര്‍ അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമതര്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അല്‍ അസദിന്റെ പതനത്തില്‍ നിര്‍ണായകമായത്. ഇതോടെ ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകര്‍ന്നു. അസദിന്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തില്‍ വ്യാപൃതരായി. ഇക്കാരണത്താല്‍ സിറിയയുടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ഇവര്‍ വിമുഖത കാണിക്കുകയും ചെയ്തു.

ഇന്ത്യന്‍ പൗരന്മാര്‍ സിറിയ വിടണം

തിരുവനന്തപുരം: നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ അവിടെനിന്നു മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രമിക്കണം. ഇതിനു സാധിക്കാത്തവര്‍ പരമാവധി മുന്‍കരുതല്‍ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം.

സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണം. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +963 993385973 (വാട്‌സ്ആപ്പിലും), ഇ-മെയില്‍ ഐഡി hoc.damascus@mea.gov.in എന്നിവയില്‍ അപ്‌ഡേറ്റുകള്‍ക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.

Tags:    

Similar News