ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയില്‍ ഡ്രില്ലിങ്; ആന്‍ഡമാന്‍ ദൗത്യം കഴിഞ്ഞാല്‍ പര്യവേക്ഷണ റിഗായ ബ്ലാക്ക് ഫോര്‍ഡ് ഡോള്‍ഫിന്‍ കേരളത്തിലെത്തും; മതിയായ നിലയില്‍ ഇന്ധന സാന്നിധ്യം കണ്ടെത്താനായാല്‍ കൊല്ലം തുറമുഖത്തിനു കോളടിക്കും; കടല്‍ത്തട്ട് തുരക്കല്‍ സെപ്റ്റംബറില്‍

Update: 2024-12-12 03:35 GMT

കൊല്ലം: കൊല്ലം തീരത്ത് ഓയില്‍ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്ധന പര്യവേക്ഷണം അടുത്ത സെപ്തംബറില്‍ ആരംഭിക്കാന്‍ സാദ്ധ്യത. പര്യവേക്ഷണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന യു.കെ ആസ്ഥാനമായ ഡോള്‍ഫിന്‍ ഡ്രില്ലിംഗിന്റെ ഉപകരാര്‍ കമ്പനിയായ ആര്യ ഓഫ് ഷോര്‍ പ്രതിനിധികള്‍ കൊല്ലം പോര്‍ട്ട് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. കൊല്ലം പോര്‍ട്ട് അധികൃതരുമായി ചര്‍ച്ചയും നടത്തി. പ്രതീക്ഷിക്കുന്ന ചെലവ് 543 കോടി രൂപയാണ്.

ഡോള്‍ഫിന്‍ ഡ്രില്ലിംഗിന്റെ പര്യവേക്ഷണ റിഗായ ബ്ലാക്ക് ഫോര്‍ഡ് ഡോള്‍ഫിന്‍ നിലവില്‍ ആന്‍ഡമാനില്‍ പര്യവേക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. ഓഗസ്റ്റില്‍ അവിടെ തീരും. അതിന് ശേഷം കൊല്ലം തീരത്തേക്ക് എത്തും. കൊല്ലം തീരത്ത് 48 കിലോ മീറ്റര്‍ അകലെ ആഴക്കടലില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്നതാകും പര്യവേക്ഷണം. കൂറ്റന്‍ റിഗായ ബ്ലോക്ക്‌ഫോര്‍ഡ് ഡോള്‍ഫിനില്‍ ഹെലിപാഡുമുണ്ട്. ഇതിന് പുറമേ ഓയില്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ ആശ്രാമം മൈതാനത്ത് ഹെലിപാഡ് സൗകര്യങ്ങളും ഒരുക്കും. റിഗിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 15 ദിവസം കൂടുമ്പോള്‍ മാറും. ഇവര്‍ക്ക് നഗരത്തിലെ ഹോട്ടലുകളിലായിരിക്കും താമസ സൗകര്യം. പര്യവേക്ഷണത്തിനിടെ അപകടങ്ങള്‍ ഉണ്ടായാല്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി സൗകര്യങ്ങളും ഒരുക്കും.

പര്യവേക്ഷണ കപ്പലിനും ചെറുകപ്പലുകള്‍ക്കും ടഗ്ഗുകള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം, താല്‍ക്കാലിക ഓഫിസ് മുറി എന്നിവയും തുറമുഖത്തു സജ്ജമാക്കും. പര്യവേക്ഷണം ആരംഭിക്കുന്നതോടെ ക്രൂ ചെയ്ഞ്ച് (കപ്പല്‍ ജീവനക്കാര്‍ മാറി കയറുന്നതിന്) വേണ്ടിവരും. ഇതിന് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. എന്‍.െക പ്രേമചന്ദ്രന്‍ എംപിയുടെ ശ്രമഫലമായി കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൊല്ലം തുറമുഖത്ത് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് അനുവദിച്ചത്. ഭരണവിഭാഗം ഓഫിസ് കെട്ടിടം, ഗോഡൗണ്‍ എന്നിവയ്ക്ക് തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതികളും ലഭിച്ചു. ഇന്റര്‍നെറ്റ് സംവിധാനത്തിനായി ബിഎസ്എന്‍എല്‍ ലൈന്‍ ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. സെര്‍വര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ഇമിഗ്രേഷന്‍ വിഭാഗം കൊല്ലത്ത് എത്തിച്ചു. ഇവ സ്ഥാപിക്കുന്ന ജോലി ഉടന്‍ നടക്കും. ഇതു പൂര്‍ത്തിയാകുന്നതോടെ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും.

ഇന്ധന വാതക സാധ്യത പ്രതീക്ഷിച്ചാണ് പര്യവേക്ഷണം തുടങ്ങുന്നത്. യുകെ ആസ്ഥാനമായി കമ്പനിയുമായി 1287 കോടിയുടെ (154ദശലക്ഷം ഡോളര്‍) കരാര്‍ ആണ് ഒപ്പിട്ടിരിക്കുന്നത്. കൊല്ലത്തിനു പുറമെ ആന്ധ്രയിലേ അമലാപുരം, കേരള കൊങ്കണ്‍ മേഖല എന്നിവിടങ്ങളിലാണ് പര്യവേക്ഷണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ സമുദ്രമേഖലയില്‍ കടല്‍ത്തട്ടു തുരക്കല്‍ (ഡ്രില്ലിങ് )നടക്കും. രാജ്യാന്തര കപ്പല്‍ ചാലിനു പുറത്താണു പര്യവേക്ഷണം. അസംസ്‌കൃത എണ്ണയുടെ (ക്രൂഡ് ഓയില്‍) ഒഴുക്കു കണ്ടെത്തുകയാണ് ലക്ഷ്യം. പെട്രോളിയം മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പര്യവേക്ഷണം. ലാഭകരമാണെങ്കിലേ പര്യവേക്ഷണം തുടരുകയുള്ളൂ. നേരത്തേ കൊച്ചിയില്‍ ഒഎന്‍ജിസിയുടെ നേതൃത്വത്തില്‍ പര്യവേക്ഷണം നടത്തിയെങ്കിലും ലാഭകരമല്ലെന്നു കണ്ട് ഉപേക്ഷിച്ചിരുന്നു.

ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയില്‍ ഡ്രില്ലിങ് (കടല്‍ത്തട്ട് തുരക്കല്‍) നടക്കും. തീരത്തുനിന്ന് 48 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു പുറത്ത് ആറ് കിലോമീറ്റര്‍ താഴ്ചയിലാണ് പര്യവേക്ഷണം. മൂന്നിലേറെ നിലകളിലായി ഒരുക്കുന്ന റിഗ്ഗില്‍ വിവിധ ഷിഫ്റ്റുകളിലായി നൂറിലേറെ ജീവനക്കാരുണ്ടാകും. കടലില്‍ 80 മീറ്റര്‍ താഴ്ചയിലാണ് പദ്ധതിഭാഗത്ത് എണ്ണപര്യവേക്ഷണക്കിണര്‍ തുറക്കുക. അടിത്തട്ടില്‍ വിവിധ പാളികളിലായി കട്ടികൂടിയ ഭാഗം, മൃദുലഭാഗം എന്നിവ വരുന്നതിനാല്‍ പ്രതിസന്ധികള്‍ ഏറെയുണ്ട്. അസംസ്‌കൃത എണ്ണയുടെ (ക്രൂഡ് ഓയില്‍) ഒഴുക്ക് കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. ഓരോ ഇഞ്ചും കുഴിക്കാനും വന്‍ പണച്ചെലവു വരുമെന്നതിനാല്‍ പെട്രോളിയം മന്ത്രാലയത്തിന്റെ കര്‍ശന മേല്‍നോട്ടത്തിലാണ് കുഴിക്കുന്നത്.

കൊല്ലത്തെ പ്രത്യേകത അനുസരിച്ച്, 80 മീറ്റര്‍ താഴ്ചവരെ നീളും കടല്‍ത്തട്ടിന്റെ പ്രധാന ഭാഗമെത്താന്‍. ഇതുകാരണം കപ്പല്‍ക്കാലുകള്‍ ഉറപ്പിച്ചു കിണര്‍ കുഴിക്കുന്നതിനു പകരം ഫ്‌ളോട്ടിങ് (വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന) രീതിയേ ഉപയോഗിക്കാനാകൂവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ബോംബെ ഹൈയിലാണ് എണ്ണഖനനം കുറച്ചെങ്കിലും ഫലപ്രദമായി നടക്കുന്നത്. കൂറ്റന്‍ കപ്പലും ടഗും ഉപയോഗിച്ചാണ് പര്യവേക്ഷണം. ഭൂകമ്പ മാതൃകയിലുള്ള തരംഗം അടിത്തട്ടിലേക്ക് കടത്തിവിട്ട്, അതിന്റെ തിരിച്ചുള്ള പ്രകമ്പനത്തിന്റെ തോത് ശാസ്ത്രീയമായി വിശകലനം ചെയ്താണ് പര്യവേക്ഷണം നടത്തുന്നത്. പര്യവേക്ഷണം നടത്താന്‍ ലക്ഷ്യമിടുന്ന മേഖലയില്‍ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയില്‍ പ്രാഥമിക സര്‍വേയില്‍ ഇന്ധന സാന്നിധ്യത്തിന്റെ സൂചന ലഭിച്ചിരുന്നു. ആഴക്കടലില്‍ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകള്‍ സര്‍വേയില്‍ തിരിച്ചറിഞ്ഞിരുന്നു എന്നാണ് വിവരം.

പര്യവേക്ഷണത്തില്‍ മതിയായ നിലയില്‍ ഇന്ധന സാന്നിധ്യം കണ്ടെത്താനായാല്‍ കൊല്ലം തുറമുഖത്തിനു വലിയ നേട്ടമാകും. ഖനനം ചെയ്യുന്ന ഇന്ധനം സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത് കൊല്ലം തുറമുഖം വഴിയായിരിക്കും. കൊല്ലത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഇന്ധന ലഭ്യത ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമെ പദ്ധതി വിജയിക്കുകയുള്ളു.

Tags:    

Similar News