കുത്തകയ്ക്ക് 50 പൈസയ്ക്ക് വൈദ്യുതി; പാവങ്ങള്‍ക്ക് ഭീമന്‍ ബില്ലും! കേരളത്തില്‍ വ്യവസായവും നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതു കൊണ്ടാണെന്ന ഭീഷണി കത്തിന് പിന്നില്‍ അഴിമതിയോ? മണിയാറില്‍ കാര്‍ബോറാണ്ടവും പിണറായി സര്‍ക്കാരും ഒത്തുകളിക്കുന്നുവോ? ഞെട്ടിക്കുന്ന ആരോപണവുമായി ചെന്നിത്തല

Update: 2024-12-12 05:34 GMT

ന്യൂഡല്‍ഹി: മണിയാറില്‍ നായനാര്‍ സര്‍ക്കാര്‍ കാലത്ത് 30 വര്‍ഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാര്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നില്‍ അഴിമതിയെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബര്‍ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുന്‍പ് നോട്ടീസ് നല്‍കി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഇത് കാര്‍ബൊറണ്ടം ഗ്രൂപ്പിനായി നടത്തുന്ന കള്ളകളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഭൂമിശാസ്ത്രപരമായി അനുകൂലസാഹചര്യമില്ലെങ്കിലും കേരളത്തില്‍ ദീര്‍ഘകാലമായി വ്യവസായവും പുതിയ നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതു കൊണ്ടാണെന്നു കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനി അഭിപ്രായപ്പെട്ടിരുന്നു. മണിയാര്‍ ചെറുകിട ജലവൈദ്യുതപദ്ധതിയുടെ കരാര്‍ കാലാവധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടു കമ്പനി സര്‍ക്കാരിനെ സമീപിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമായില്ലെങ്കില്‍ വ്യവസായം തുടരാനാകില്ലെന്ന ഭീഷണിയാണ് കമ്പനി നടത്തിയത്. ഇതാണ് ചെന്നിത്തല ആരോപണമായി ഉയര്‍ത്തുന്നത്. ഈ ആവശ്യത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ബിഒടി വ്യവസ്ഥയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ ഗ്രൂപ്പിന് മണിയാറില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അവസരം നല്‍കി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അവസരം നല്‍കിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാര്‍ 30 വര്‍ഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബര്‍ 30 ന് കരാര്‍ കാലാവധി കഴിയും. ഇതിന് 30 ദിവസം മുന്‍പ് നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാല്‍ അത് ചെയ്യുന്നില്ലെന്നാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍.

2023 ല്‍ ഈ ഗ്രൂപ്പുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാര്‍ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും മണിയാറില്‍ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ കമ്പനിക്ക് ഇന്‍ഷുറന്‍സിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാര്‍ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ട്ടിയില്‍ പുനഃസംഘടനാ ചര്‍ച്ചയില്ലെന്നും അനാവശ്യ ചര്‍ച്ചയുണ്ടാക്കി പാര്‍ട്ടിയുടെ പേര് നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനം എടുക്കേണ്ടത്. മാടായി കോളേജ് വിവാദത്തില്‍ പരാതിയുള്ളവര്‍ കെ പി സി സി സമിതിയെ അറിയിക്കണം. എം കെ രാഘവനെതിരായ ആരോപണം ശരിയാണെന്ന് താന്‍ കരുതുന്നില്ല. കൊച്ചി സ്മാര്‍ട് സിറ്റി വിഷയം താന്‍ വിവാദമാക്കിയതിന് ശേഷമാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയത്. ടീകോമിനെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കരാര്‍ കാലാവധി കഴിയുന്ന മണിയാര്‍ ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന് കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതിയുടെ ദീര്‍ഘകാല കരാറുകള്‍ ഭവിഷ്യത്തുകള്‍ കണക്കിലെടുക്കാതെ റദ്ദു ചെയ്തതും ഊര്‍ജോത്പാദന രംഗത്തെ അലംഭാവവുമാണ് കെ.എസ്.ഇ.ബി ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയ്ക്കും കാരണം. പ്രതിവര്‍ഷം 20 കോടി രൂപയുടെ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയം കരാര്‍ കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ കമ്പനിക്ക് കൊള്ളലാഭത്തിനായി നല്‍കുന്നത് കെ.എസ്.ഇ.ബിയോടും ഉപഭോക്താക്കളോടും കാട്ടുന്ന അനീതിയാണെന്ന് പെന്‍ഷന്‍കാര്‍ പറഞ്ഞു.

Tags:    

Similar News