റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍; പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടം; റോഡ് സുരക്ഷാ ഓഡിറ്റില്‍ വീഴ്ച; നടക്കുന്നത് അപകടങ്ങളുടെ കണക്കെടുപ്പു മാത്രം; പൊതുമരാമത്ത് മന്ത്രി 'ഉണര്‍ന്നേ' മതിയാകൂ; റോഡുകളില്‍ ആഭ്യന്തര-ഗതാഗത-പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം അനിവാര്യത
കൂടല്‍: കൂടലിലും കേരളം നടുങ്ങി. നാലു ജീവനകുളാണ് അതിരാവിലെ പൊലിഞ്ഞത്. ഉറക്കമാകാം മരണ കാരണമെന്ന് പറയുമ്പോഴും റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രിയത പ്രശ്‌നം തന്നെയാണ്. പാലക്കാട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിലെ നടക്കം കേരളത്തെ വിട്ടു മാറും മുമ്പാണ് കൂടല്‍ ദുരന്തം. അതിനിടെയാണ് സംസ്ഥാനത്ത് റോഡ് സുരക്ഷാ ഓഡിറ്റില്‍ ഗുരുതരവീഴ്ചയെന്ന റിപ്പോര്‍ട്ടും വരുന്നത്. 2023-ല്‍ അപകടകരമെന്ന് കണ്ടെത്തിയ 223 ഇടനാഴികള്‍ സുരക്ഷിതമാക്കാനുള്ള നടപടി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ്. തുടക്കത്തില്‍ ആവേശത്തോടെ പൊതുമരാമത്ത് വകുപ്പിനെ നന്നാക്കാന്‍ ഇറങ്ങിയ മന്ത്രി ഇപ്പോള്‍ കാര്യമായ ഇടപെടലുകള്‍ റോഡ് സുരക്ഷയില്‍ നടത്തുന്നില്ല. ഇത് മതിയാക്കിയേ പറ്റൂ. അല്ലാത്ത പക്ഷം റോഡുകള്‍ ഇനിയും മരണ കെണിയാകും.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് നവദമ്പതികളും അവരുടെ അച്ഛന്മാരും. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, അനു നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനാണ് അപകടം. അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് എത്തുന്നതിന് എഴ്കിലോമീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അപകടം. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. ഈ അപകടം നടന്ന റോഡിലും പാളിച്ചകളുണ്ട്. നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. മതിയായ സുരക്ഷാ ബോര്‍ഡുകളും ഇവിടെ ഇല്ലെന്നാണ് ഉയരുന്ന ആരോപണം.
റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍ േതടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. തെലങ്കാനയില്‍നിന്നുള്ള 19 ശബരിമല തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു. ബസിന്റെ വലതു വശത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്.
സുരക്ഷ ഉറപ്പാക്കിയാവണം റോഡ് രൂപകല്പനയും നവീകരണവും. വളവ്, കയറ്റം, ഇറക്കം, ഇടുങ്ങിയ ഭാഗം, വീതിയില്ലാത്ത പാലം എന്നിവ സുരക്ഷിതമാക്കാനുള്ള മാര്‍ഗം രൂപരേഖയില്‍ വേണം. ഇവ നടപ്പാക്കിയോ എന്നുറപ്പുവരുത്താന്‍ രണ്ടാംഘട്ട ഓഡിറ്റും നിര്‍മാണത്തിനുശേഷം മൂന്നാംഘട്ട ഓഡിറ്റും നടത്തണം. ഗതാഗതത്തിന് തുറന്നശേഷം ഉണ്ടാകുന്ന പ്രശ്‌നം പഠിക്കാന്‍ നാലാംഘട്ട ഓഡിറ്റും വേണം. ഈ നാലാം ഘട്ട ഓഡിറ്റ് കേരളത്തില്‍ നടക്കുക പതിവില്ല. വലിയ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൊണ്ടുവന്ന വേഗപ്പൂട്ട് സംവിധാനം പരാജയപ്പെട്ടു. വേഗപ്പൂട്ട് വിച്ഛേദിച്ചാല്‍ കണ്‍ട്രോള്‍റൂമില്‍ അറിയുന്ന സംവിധാനം പൊളിഞ്ഞുവെന്നതാണ് വസ്തുത.
റോഡിലെ അപകടസാഹചര്യം കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് നിശ്ചിത ഇടവേളകളില്‍ ഓഡിറ്റ് നിര്‍ബന്ധമാണ്. റോഡ് സുരക്ഷാവിഷയത്തില്‍ വൈദഗ്ധ്യമുള്ളവര്‍ അപകടസാധ്യതയുള്ള സ്ഥലം നേരിട്ട് പരിശോധിച്ചാണ് പരിഹാരം നിര്‍ദേശിക്കേണ്ടത്. റോഡുകളുടെ ചുമതലയുള്ള പൊതുമരാമത്ത് -തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരില്‍ ചുരുക്കംപേര്‍ക്കു മാത്രമാണ് റോഡ് സുരക്ഷയില്‍ പരിശീലനം ലഭിച്ചിട്ടുള്ളത്. പുറമേനിന്നുള്ള വിദഗ്ധരുടെ സേവനം തേടാമെങ്കിലും ദേശീയപാത അതോറിറ്റി മാത്രമാണ് അത് ഉപയോഗപ്പെടുത്തുന്നത്. നാറ്റ്പാക്കില്‍ വിദഗ്ധരുണ്ടെങ്കിലും ഉപോയിഗിക്കുന്നില്ല. അപകടമൊഴിവാക്കാനുള്ള പരിഹാരം ആറും ചെയ്യുന്നില്ല. പോലീസ് നല്‍കുന്ന അപകടക്കണക്കില്‍ നിന്ന് സ്ഥിരം അപകടമേഖല കണ്ടെത്തി ബ്ലാക്ക് സ്‌പോട്ടായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത്.
മോട്ടോര്‍വാഹന, പോലീസ്, റവന്യു, തദ്ദേശ, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കൂട്ടയാ പ്രവര്‍ത്തനം അനിവാര്യതയായി മറുകയാണ്. ഈ ഉദ്യോഗസ്ഥരുടെ സമിതിയാണ് സ്ഥലപരിശോധന നടത്താറ്. ശാസ്ത്രീയമാര്‍ഗങ്ങള്‍ക്കുപകരം റോഡിന് വീതികൂട്ടുക എന്ന നിര്‍ദേശം നല്‍കും. സ്ഥലം ഏറ്റെടുക്കുക അസാധ്യമാകും. അങ്ങനെ നിര്‍ദ്ദേശം നടക്കാതെ പോകും. റോഡിന്റെ സാഹചര്യങ്ങള്‍ പകലും രാത്രിയും ഒരുപോലെ ഡ്രൈവറെ അറിയിക്കാനുള്ള ക്രമീകരണം കേരളത്തില്‍ മിക്കയിടത്തുമില്ല. ട്രാഫിക് സൂചനാ ബോര്‍ഡ്, വശങ്ങളിലെ വരകള്‍, റിഫ്‌ളക്ടര്‍, അതിരടയാളം, ഡിവൈഡര്‍, ട്രാഫിക് ലൈറ്റ് എന്നിവ സ്ഥാപിക്കാനാവശ്യമായ തുക റോഡ്സുരക്ഷാ ഫണ്ടില്‍നിന്ന് ലഭിക്കും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നിയോഗിച്ച സേഫ്കേരള സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റു ജോലിക്കായി മാറ്റി. ഇതോടെ എല്ലാം അവതാളത്തിലായി.