'കെ.എസ്.എഫ്.ഇ. കാരണം ഞാനും സഹോദരനും കോടികളുടെ കടക്കാരനായി; ചിട്ടി പിടിച്ചപ്പോള്‍ പണയം നല്‍കിയ രണ്ട് ആധാരങ്ങള്‍ 'കാണാനില്ല'; പിടിച്ച ചിട്ടിയുടെ 92 ലക്ഷം രൂപ കിട്ടാനുണ്ട്; പിടിക്കാനുള്ളത് രണ്ട് കോടിയോളം രൂപയുടെ ചിട്ടികള്‍; ഒട്ടേറെ ബിസിനസുകള്‍ പൂട്ടി'; ആന്തൂരിലെ മറ്റൊരു സാജനാകാനില്ല; സര്‍ക്കാര്‍ സ്ഥാപനത്തെ നന്നാക്കാന്‍ സമര മുറകളുമായി ജോര്‍ജ്ജ് വര്‍ഗ്ഗീസ്

കെ.എസ്.എഫ്.ഇക്കെതിരെ സമര മുറകളുമായി ജോര്‍ജ്ജ് വര്‍ഗ്ഗീസ്

Update: 2024-12-16 15:22 GMT

കോട്ടയം: കെ.എസ്.എഫ്.ഇ. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം തനിക്കും സഹോദരനും ഉണ്ടായത് കോടികളുടെ നഷ്ടമെന്ന് പ്രവാസി വ്യവസാസിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസ്. ചിട്ടിയുടെ കാലാവധി പൂര്‍ത്തിയായിട്ടും പണം നല്‍കാതെ ഉദ്യോഗസ്ഥര്‍ പണയ വസ്തുവിന്റെ പേരില്‍ കബളിപ്പിച്ചുവെന്നാണ് ജോര്‍ജ് വര്‍ഗീസ് ആരോപിച്ചത്. കെഎസ്എഫ് ഇ ചിട്ടി മൂലം തനിക്കുണ്ടായ നഷ്ടങ്ങള്‍ കോടികളാണ്. കോടിക്കണക്കിന് രൂപയുടെ കടബാദ്ധ്യതകളുമായാണ് ബിസിനസ്സ് നടത്തുന്നത്. കേരളത്തില്‍ സാധാരണ കണ്ടുവരാറുള്ളതുപോലെ ആത്മഹത്യ ചെയ്താല്‍ മാത്രമേ വിഷയം ശ്രദ്ധിക്കപ്പെടൂ എന്നതിനോട് വിയോജിപ്പുള്ളതു കൊണ്ടാണ് പ്രതിഷേധവുമായി മുന്നോട്ടു വരുന്നതെന്നു ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.

ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കക്ഷികളായ തന്നെയും ജ്യേഷ്ഠന്‍ ടോം ജോര്‍ജ്ജിനെയും കേട്ടതിനുശേഷം കേസില്‍ ഒരു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണമെന്ന് 2023 സെപ്റ്റംബര്‍ മാസം 11-ാം തീയതി വിധിച്ചിരുന്നു. ഈ കോടതി വിധിയെ വളരെ നിസ്സാരവത്ക്കരിച്ചാണ് കെ.എസ്.എഫ്.ഇ. പരിഗണിച്ചത്. കെ.എസ്.എഫ്.ഇ.ക്ക് സോഫ്റ്റ്വെയര്‍ ഇല്ലാത്തതുമൂലം ഉണ്ടായ തങ്ങളുടെ നഷ്ടം സഹിച്ചുകൊള്ളണമെന്നാണ് കെ.എസ്.എഫ്.ഇ. അധികൃതര്‍ പറയുന്നത്. ഹൈക്കോടതി വിധിച്ചിട്ടും ഇതാണ് അവസ്ഥയെങ്കില്‍ എന്തു ചെയ്യണമെന്നും ജോര്‍ജ് വര്‍ഗീസ് ചോദിക്കുന്നു.

ആന്തൂരിലെ മറ്റൊരു സാജന്‍ ആകാന്‍ തല്‍ക്കാലം ഉദ്ദേശിച്ചിട്ടില്ല. ഈ രീതിയിലാണെങ്കില്‍ മറ്റൊരു സാജനാകേണ്ടി വരും. ആകേണ്ടി വന്നാല്‍ എല്ലാവരെയും അറിയിച്ചിട്ടേ ചെയ്യൂ. അതല്ലേ ആണത്തം. തല്‍ക്കാലം വീണ്ടും പൊരുതാന്‍ പണത്തിനുവേണ്ടി അയര്‍ലണ്ട് വിസ വീണ്ടും പുതുക്കിയെന്നും ജോര്‍ജ് വര്‍ഗീസ് പറയുന്നു.

13 ബ്രാഞ്ചില്‍ ചിട്ടികള്‍ നിലവില്‍ ഉണ്ട്, 75 ചിട്ടികള്‍ പിടിച്ചതും 2 കോടിയുടെ ചിട്ടികള്‍ പിടിക്കാനും ഉണ്ട്. അഞ്ച് ബ്രാഞ്ചിലായി 5 കോടിയ്ക്ക് മുകളില്‍ വാല്യു ഉള്ള 9 വസ്തുക്കള്‍ ജാമ്യം നല്‍കിയിട്ടുണ്ട്. 2021-ല്‍ കൊറോണ മൊറോട്ടോറിയം പ്രഖ്യാപിച്ച് 9 മാസം ചിട്ടി മുടക്കിയിട്ട് തിരിച്ചടവ് കുറക്കാന്‍ ദീര്‍ഘ തവണകളുള്ള 40 ലക്ഷത്തിന്റെ ചിട്ടികള്‍ പിടിച്ചിട്ടു. മൊറോട്ടോറിയം തീര്‍ന്നപ്പോള്‍ കുടിശികയിലേയ്ക്ക് അടയ്ക്കാന്‍ അപേക്ഷ നല്‍കി.

മണര്‍കാട് ബ്രാഞ്ചില്‍ ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ 'ഞങ്ങള്‍ കെ.എസ്.എഫ്.ഇ.യില്‍ ഒരു വസ്തു മാത്രമാണ് ഈടു നല്‍കിയിരിക്കുന്നത്' എന്ന് തെറ്റായി ധരിച്ച് കാര്യങ്ങള്‍ നീക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതുമൂലം വീതപ്പലിശ നഷ്ടപ്പെട്ടതും പലിശയും കൂടി 45 ലക്ഷം രൂപ കൂടുതലായി കെ.എസ്.എഫ്.ഇ.യ്ക്ക് അടയ്ക്കേണ്ടി വരും.

വിവരാവകാശം നല്‍കി എടുക്കുന്ന മറുപടികളില്‍ ഈടായി നല്‍കിയ രണ്ട് വസ്തുക്കളുടെ ആധാരം അവരുടെ കൈയില്‍ ഇല്ല എന്നാണ് കാണുന്നത്. ആ വസ്തുവിന്റെ റവന്യൂ റിക്കവറി നോട്ടീസ് അയച്ചിട്ടുമില്ല. ആ ആധാരങ്ങള്‍ ഇനി തങ്ങള്‍ തന്നെ കണ്ടുപിടിക്കേണ്ട അവസ്ഥയിലാണ്.

തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ വസ്തുവിന്റെ വാല്യുവേഷന്‍ കുറവാണ് എന്ന് കളവ് പറയുന്നു. 95,60,000/ വാല്യു (കെ.എസ്.എഫ്.ഇ. വാല്യുവേഷന്‍ നിശ്ചയിച്ച തുക) ഉള്ള വസ്തു സംബന്ധിച്ച വിവരാവകാശ രേഖയില്‍ 39,85,000/ വാല്യുവേഷന്‍ ഉള്ളൂവെന്നും അതിനാലാണ് ചിട്ടികള്‍ നല്‍കാന്‍ കഴിയാതിരുന്നതെന്നും ഇപ്പോള്‍ കളവായി പറയുന്നു. അതിനാലാണ് ചിട്ടി പാസാക്കാന്‍ സാധിക്കാത്തത് എന്നാണ് കെ.എസ്.എഫ്.ഇ.യുടെ വാദമെന്നും ജോര്‍ജ് വര്‍ഗീസ് പറയുന്നു. 40 ലക്ഷത്തിന്റെ ചിട്ടികള്‍ പിടിച്ചിട്ടു. 2021 മുതല്‍ 92 ലക്ഷത്തിന്റെ ചിട്ടികള്‍ പിടിച്ചിട്ട് പണം കൈപ്പറ്റാന്‍ സാധിച്ചിട്ടില്ല. പിടിക്കാനുള്ള ചിട്ടികള്‍ രണ്ട് കോടിയിലേറെയുണ്ടെന്നും ജോര്‍ജ് വര്‍ഗീസ് പറയുന്നു.

81000 കോടിയിലധികം രൂപ വിറ്റു വരവും 680 ബ്രാഞ്ചുകളും 8300 സ്റ്റാഫുകളും 50 ലക്ഷത്തോളം ഇടപാടുകാരുമുള്ള കെഎസ്എഫ്ഇയ്ക്ക് 81000 കോടി പോയിട്ട് 8 കോടി രൂപയുടെ ബിസിനസ് നടത്താനുള്ള ബാക്കപ്പ് സംവിധാനം ഇല്ല എന്നതാണ് തന്റെ അനുഭവമെന്നും കഴിഞ്ഞ 20 വര്‍ഷമായി കെ.എസ്.എഫ്.ഇ.യുടെ കസ്റ്റമര്‍ ആണെന്നും ജോര്‍ജ് വര്‍ഗീസ് പറയുന്നു.

ജോര്‍ജ് വര്‍ഗീസ് പറയുന്നത്:

ഓരോ ബ്രാഞ്ചിലും പിടിച്ചിട്ടിരുന്ന മുകളിലെ ചിട്ടികള്‍ മുടക്കിയിട്ടിരുന്ന ചിട്ടി കുടിശികകളിലേക്ക് അടയ്ക്കുവാനായി അപേക്ഷ നല്‍കി. മണര്‍കാട് ബ്രാഞ്ചില്‍ പിടിച്ചിട്ടിരുന്ന ചിട്ടികള്‍ക്ക് ഈടായി, കോട്ടയം ബ്രാഞ്ചില്‍ ഈടായി നല്‍കിയിരുന്ന വസ്തുവിന്റെ ആധാരത്തിന്റെ ഫോട്ടോകോപ്പികള്‍ എടുത്ത് അപേക്ഷ പൂരിപ്പിച്ച് മണര്‍കാട് ബ്രാഞ്ചിന് നല്‍കി. ഒരാഴ്ച രേഖകള്‍ പരിശോധിക്കാതിരുന്ന ഉദ്യോഗസ്ഥന്‍ തങ്ങള്‍ തിരക്കി ചെന്നപ്പോള്‍ ആധാരത്തിന്റെ കോപ്പിയോടൊപ്പമുണ്ടായിരുന്നു അപേക്ഷ മാത്രമേ പരിശോധിക്കാനെടുത്തുള്ളൂ. തുടര്‍ന്ന് കമ്പ്യൂട്ടറില്‍ പേരടിച്ച് നോക്കിയപ്പോള്‍ അതിരമ്പുഴ ബ്രാഞ്ചില്‍ ഈടായി നല്‍കിയിരുന്ന ഒരു വസ്തു മുന്‍പ് ഈ ബ്രാഞ്ചില്‍ തീര്‍ന്ന ഒരു ചിട്ടിക്ക് ഈടായി നല്‍കിയിരുന്നു.

ഉദ്യോഗസ്ഥന്‍ വിചാരിച്ചത് ഞങ്ങള്‍ക്ക് ഈയൊരു ബ്രാഞ്ചില്‍ മാത്രമേ വസ്തു ഈടായി നല്‍കിയിട്ടുള്ളൂ എന്നാണ്. ഈ വസ്തുവിന്റെ രേഖകള്‍ വച്ച് കോട്ടയം ബ്രാഞ്ചിലേക്ക് പൂരിപ്പിച്ച് നല്‍കിയിരുന്ന അപേക്ഷ അദ്ദേഹം തെറ്റായി അയയ്ക്കുകയായിരുന്നു. (കോട്ടയം ബ്രാഞ്ചില്‍ തെറ്റായി എത്തിയ ഈ അപേക്ഷ അവിടെനിന്നും മടക്കി അയച്ചതിന്റെ രേഖകള്‍ കോട്ടയം ബ്രാഞ്ചിലുണ്ട്). തുടര്‍ന്ന് കോട്ടയം ബ്രാഞ്ചില്‍ നിന്ന് അപേക്ഷ മണര്‍കാട്ടേക്ക് മടക്കി നല്‍കുന്നു. വീണ്ടും തെറ്റായി ഈ അപേക്ഷ അതിരമ്പുഴ ബ്രാഞ്ചിലേക്ക് അദ്ദേഹം അയയ്ക്കുന്നു. (അതിന്റെ രേഖകളും അതിരമ്പുഴ ബ്രാഞ്ചില്‍ ലഭ്യമാണ്.) ഈ ഫയല്‍ അതിരമ്പുഴയിലെത്തുമ്പോള്‍ ആ വസ്തു മെഡിക്കല്‍ കോളേജ് ബ്രാഞ്ചില്‍ പിടിച്ചിട്ടിരുന്ന 10 ലക്ഷത്തിന്റെ ചിട്ടിക്ക് അപേക്ഷ നല്‍കിയത് പ്രോസ്സസിംഗ് നടക്കുകയായിരുന്നു.

തെറ്റായി മണര്‍കാട് ബ്രാഞ്ചിലെ അപേക്ഷ അവിടെ എത്തിയതുമൂലം മെഡിക്കല്‍ കോളേജിലെ അപേക്ഷയും പാസ്സാക്കാതെ അവര്‍ ഹോള്‍ഡ് ചെയ്തു. ഇതുമൂലം ഫലത്തില്‍ മണര്‍കാട് 20 ലക്ഷത്തിന്റേയും മെഡിക്കല്‍ കോളേജിലെ 10 ലക്ഷത്തിന്റെയും ചിട്ടികള്‍ സമയത്ത് അവര്‍ക്ക് പാസ്സാക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും കുടിശിക നിവാരണത്തിന്റെ സ്‌കീം അവസാനിച്ചിരുന്നു. ഇതുമൂലം കൊറോണ പ്രതിസന്ധി മൂലം മുടക്കിയിട്ടിരുന്ന ഈ ചിട്ടികളില്‍ എനിക്ക് സ്‌കീം പ്രഖ്യാപിച്ചിരുന്ന 9 മാസം കുടിശികയായി. പിന്നീട് അടയ്ക്കണമെങ്കില്‍ ഈ 9 മാസത്തെ വീതപ്പലിശ നഷ്ടപ്പെടുത്തി പലിശയും ചേര്‍ത്ത് ഞങ്ങള്‍ അടയ്ക്കേണ്ട അവസ്ഥ ഉണ്ടായി. ഇത് ഭീമമായ ഒരു തുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റ് അവര്‍ ഹെഢാഫീസുമായി ബന്ധപ്പെട്ട് പരിഹരിച്ചു തരാമെന്ന് ഉറപ്പു നല്‍കുന്നു.

നവംബര്‍ മാസം എം.ഡി. സുബ്രഹ്‌മണ്യന്റെ അടുത്ത് പറഞ്ഞുവിട്ട് എന്നെക്കൊണ്ട് ഒരു അപേക്ഷ നല്‍കിക്കുന്നു. 1 വര്‍ഷം കാത്തിരുന്നിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ 20.10.2022-ല്‍ കോട്ടയത്തു വച്ച് കെ.എസ്.എഫ്.ഇ.യുടെ കാര്‍ സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പ് സമയത്ത് ബഹു. മന്ത്രിയെയും ചെയര്‍മാനെയും എം.ഡി.യെയും എ.ജി.എം.നെയും കണ്ട് നേരിട്ട് തന്നെ ഞാന്‍ പരാതി നല്‍കി. മന്ത്രി അവിടെ വച്ച് തന്നെ ആ പരാതി തുടര്‍ നടപടികള്‍ക്കായി എം.ഡി.യെ ഏല്‍പ്പിക്കുന്നു.

ഫെബ്രുവരി 4 വരെ അവര്‍ യാതൊരുവിധ അന്വേഷണവും നടത്തിയില്ല. 4-ാം തീയതി തൃശൂര്‍ ഓഫീസില്‍ ഞാന്‍ വീണ്ടും ചെല്ലുന്നു. പരാതി നല്‍കുന്നു. ഇതുവരെ അന്വേഷണം നടത്താത്തതിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ ജനുവരി 11-ലെ പഴയ തീയതി വച്ച് ഫെബ്രുവരി 7-ാം തീയതി അവര്‍ മറുപടി അയയ്ക്കുന്നു. മറുപടി കവറില്‍ ഫെബ്രുവരി 7-ലെ സീല്‍ കൃത്യമായി തെളിഞ്ഞിട്ടുണ്ടായിരുന്നു. ഇതുവച്ച് ഞാന്‍ കോടതിയില്‍ കേസ് നല്‍കുന്നു. കെ.എസ്.എഫ്.ഇ. സ്റ്റാന്റിംഗ് കൗണ്‍സില്‍ ഞങ്ങള്‍ കുടിശിക വരുത്തുന്നവരും പ്രശ്നക്കാരുമാണെന്ന് കോടതിയില്‍ വാദിക്കുന്നു. പിന്നെ ഇവര്‍ക്ക് എന്തിന് 13 ബ്രാഞ്ചില്‍ ചിട്ടി നല്‍കിയെന്ന് കോടതി തിരിച്ചു ചോദിക്കുന്നു. ഞങ്ങളുടെ കുടിശിക വരുത്തിയതിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെടുന്നു. മാസം 2 കഴിഞ്ഞിട്ടും കെ.എസ്.എഫ്.ഇ. റിപ്പോര്‍ട്ട് നല്‍കാതെ വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും കോടതിയെ സമീപിക്കുന്നു.

ഹൈക്കോടതി സെപ്റ്റംബര്‍ മാസം 11-ാം തീയതി കക്ഷികളായ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ടോം ജോര്‍ജ്ജ് എന്നിവരെ തെളിവെടുപ്പിന് വിളിച്ചിട്ട് ഈ കേസ് ഒരു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് വിധിക്കുന്നു. ഇതിന്‍ പ്രകാരം 30.01.2024-ന് ഞാന്‍ തെളിവെടുപ്പിന് ഹാജരാകുന്നു. വിശദമായി കാര്യങ്ങള്‍ ബോധിപ്പിക്കുന്നു. തുടര്‍ന്ന് 22.02.2024-ന് കെ.എസ്.എഫ്.ഇ. എം.ഡി. ഞങ്ങള്‍ നല്‍കിയ തെളിവുകള്‍ പരിശോധിച്ചു എന്നവകാശപ്പെട്ടുകൊണ്ട് മറുപടി തരുന്നു. മറുപടിയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

വ്യത്യസ്തങ്ങളായ വസ്തുക്കള്‍ ജാമ്യം നല്‍കിയതു കാരണം പലപ്പോഴും താങ്കളുടെ കുടിശിക മുഴുവന്‍ മനസിലാക്കുവാന്‍ കഴിയാറില്ല.

(ഇതില്‍ നിന്നും നമ്മള്‍ എന്തു മനസ്സിലാക്കണം. 5 ബ്രാഞ്ചില്‍ 9 വസ്തുക്കള്‍ കെ.എസ്.എഫ്.ഇ.യുടെ വാല്യുവേഷന്‍ ഏതാണ്ട് 4 കോടി രൂപ യഥാര്‍ത്ഥ വില 5 കോടിക്കു മേലെ ഇത്രയും വസ്തുക്കള്‍ ഈടു നല്‍കി കൂടുതല്‍ ബിസിനസ് നടത്തിയതു മൂലമാണോ ഇവര്‍ക്ക് കുടിശിക മനസിലാക്കാന്‍ സാധിക്കാറില്ലാത്തത്.

അതോ അവര്‍ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെയാണോ. കമ്പ്യൂട്ടര്‍ മുഖേന ബ്രാഞ്ചുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഈ കാലത്ത് നിങ്ങള്‍ക്ക് ഈ കുടിശിക മനസ്സിലാക്കുവാനുള്ള സോഫ്റ്റ്വെയര്‍ ഇല്ല എന്നല്ലേ ഇതിന്റെ അര്‍ത്ഥം. ഇല്ല എന്നതാണ് സത്യം. ഇപ്പോഴും എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫയല്‍ ടൈപ്പ് ചെയ്ത് പോസ്റ്റല്‍ അയച്ച് പാസാക്കി വരണം. കസ്റ്റമര്‍ പുറകെ നടന്നില്ലെങ്കില്‍ ഏതെങ്കിലും ഒരു ബ്രാഞ്ച് സമയത്ത് അയയ്ക്കാതിരിക്കും. ഫയല്‍ പാസാകില്ല. ഇതാണ് സത്യം.

മണര്‍കാട് ബ്രാഞ്ചില്‍ നിന്ന് ഫയല്‍ അയച്ച സമയത്ത് ആ വസ്തുവില്‍ മാത്രം 8.58 ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നുവെന്നും, എന്നാല്‍ പ്രസ്തു വസ്തുവിന്റെ കുടിശിക മാത്രം തീര്‍ത്ത് ചിട്ടിപ്പണം കൈപ്പറ്റുവാനാണ് താങ്കള്‍ ശ്രമിച്ചത് എന്നും ആയതിനാലാണ് ചിട്ടിപ്പണം നല്‍കുവാന്‍ സാധിക്കാതിരുന്നതെന്നുമാണ് കണ്ടെത്തിയത്. (എന്തൊരു വിഢിത്ത മറുപടി 8.58 ലക്ഷം രൂപ കുടിശികയുണ്ടെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു. ഇതടയ്ക്കാനല്ലേ ഞങ്ങള്‍ ചിട്ടി പിടിച്ചത് അതിനല്ലേ അപേക്ഷ നല്‍കിയത്. എന്തേ അടച്ചില്ല? ഈ തുക മാത്രമടച്ച് ബാക്കി തുക കൈപ്പറ്റാന്‍ ശ്രമിക്കുന്നുവെന്ന് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായ സോഫ്റ്റ്വെയര്‍ ഇല്ലാ എന്നല്ലേ നിങ്ങള്‍ പറയുന്നത്.

ബാക്കി തുക എങ്ങനെ നല്‍കാന്‍ പറ്റും. അത് മറ്റു ബ്രാഞ്ചുകളിലെ കുടിശികയിലേക്ക് വരവു വയ്ക്കാനല്ലേ പറ്റൂ. അത് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തതിന് ഞങ്ങള്‍ക്കാണോ ഉത്തരവാദിത്തം. കുടിശിക തീര്‍ക്കാനുള്ള ചിട്ടി ഞങ്ങള്‍ പിടിച്ചിട്ടിരുന്നല്ലോ. നിങ്ങള്‍ എന്തേ കുടിശിക വരവു വയ്ക്കാത്തത്? അത് ചെയ്തില്ലാ എന്നല്ലേ ഞങ്ങള്‍ ഇത്രയും നാളായി പറയുന്നതും കോടതിയില്‍ പോകേണ്ടി വന്നതും.

വിവരാവകാശ പ്രകാരം നല്‍കിയ ചില ചോദ്യങ്ങളും മറുപടികളും

പരാതിയില്‍ നിങ്ങള്‍ എന്ത് അന്വേഷണം നടത്തി. പരാതിക്കാരനെ തെളിവെടുപ്പിന് വിളിച്ചിരുന്നോ?

മറുപടി:-

ലഭിക്കുന്ന എല്ലാ പരാതികളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ല. അത് പ്രായോഗികം അല്ല. എന്നാല്‍ യാഥാര്‍ത്ഥ്യം കെ.എസ്.എഫ്.ഇ.-യ്ക്ക് ഒരു കസ്റ്റമര്‍ കെയര്‍ ഡിവിഷന്‍ എന്നൊരു സംവിധാനം ഇല്ല. ചിട്ടി ക്യാന്‍വാസ് ചെയ്യാന്‍ ഉദ്യോഗസ്ഥരുണ്ട്. ഒരു കസ്റ്റമര്‍ ഒരു പരാതി നല്‍കിയാല്‍ അന്വേഷിക്കാന്‍ 81000 കോടി രൂപ ബിസിനസ് ചെയ്യുന്ന ഒരു സ്ഥാപനത്തിന് ഒരു അന്വേഷണ ഉദ്യോഗസ്ഥനോ അന്വഷിക്കാന്‍ ഒരു വിഭാഗമോ ഇല്ല. കഷ്ടമെന്നേ പറയാനുള്ളൂ. ലജ്ജിക്കുന്നു കെ.എസ്.എഫ്.ഇ. ഈ പരമ സത്യത്തിന്റെ നിങ്ങളുടെ ന്യായീകരണമല്ലേ ഈ പറയുന്ന മറുപടി. (പരാതികളി•േല്‍ ഹെഡ് ഓഫീസ് സ്ഥലത്തില്‍ പ്രാഥമിക അന്വേഷണം നടത്തി പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നതാണെന്ന് ബോധ്യപ്പെട്ടാല്‍ പ്രിവന്റീവ് വിജിലന്‍സ് സ്‌ക്വാഡ് ഓഡിറ്റര്‍മാരെ അന്വേഷണത്തിന് നിയോഗിക്കുന്നതാണ്. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ പരാതിക്കാരനെ തെളിവെടുപ്പിന് വിളിക്കുകയും അവരുടെ പരാതി രേഖപ്പെടുത്തുകയും ചെയ്യും. ഓഡിറ്റ് ആന്‍ഡ് വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റിനാണ് അന്വേഷണത്തിന്റെ ചുമതല. കൂടാതെ മറ്റൊന്നു കൂടി പറഞ്ഞിട്ടുണ്ട് ഒരു അന്വേഷണം തീര്‍പ്പാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കുക എന്നതും പ്രായോഗികമല്ല...)

ഒരു പ്രീമിയം കസ്റ്റമര്‍ കൊടുത്ത പരാതിയുടെ മറുപടി എത്ര നിസ്സാരതയോടെയാണ് ഇവര്‍ കാണുന്നത് 150 ചിട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കസ്റ്റമറിനോട് പറയുന്ന മറുപടി ഇതാണെങ്കില്‍ ഒരു സാധാരണക്കാരന്‍ ചിട്ടിയുമായി ബന്ധപ്പെട്ട പരാതി പറഞ്ഞാല്‍ എന്തായിരിക്കും ഇവരുടെ മറുപടി?

നമ്മുടെ കയ്യിലെ കാശുകൊടുത്ത് നമ്മള്‍ ഒരു ചിട്ടി കൂടുന്നത് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്. പ്രത്യേകിച്ചും ഒരു ബിസിനസ് സംരംഭം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തി ഇവര്‍ പറയുന്ന മറുപടി പരാതി പരിഹരിക്കുന്നത് പ്രായോഗികമല്ല, അതിന് സമയം നിശ്ചയിക്കാന്‍ പറ്റില്ല എന്നൊക്കെയാണ്... അതില്‍നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത് അവര്‍ യജമാന•ാരും പണം മുടക്കി ചിട്ടി കൂടുന്ന നമ്മള്‍ അവരുടെ അടിമയും ആണോ...?

ചിട്ടി പിടിക്കുമ്പോള്‍ കൊടുത്ത പണയ വസ്തു പരിശോധിച്ച ഉദ്യോഗസ്ഥന് വസ്തു മാറിപ്പോയ കുറ്റത്തിനാണ് ഞാന്‍ അനുഭവിക്കുന്ന ഈ യാതനകള്‍ ഒക്കെ... മറ്റൊന്നു കൂടി ഞാന്‍ പണയം നല്‍കിയിരിക്കുന്ന രണ്ട് ആധാരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് കെ.എസ്.എഫ്.ഇ.ക്ക് അറിയില്ല. അവര്‍ വിവരാവകാശ പ്രകാരം നല്‍കിയിരിക്കുന്ന മറുപടികളില്‍ ഈ രണ്ട് ആധാരങ്ങളുടെ വിവരങ്ങള്‍ ഇല്ല. ഈ വസ്തു ഇവര്‍ റെവന്യൂ റിക്കവറിക്ക് അയച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുമില്ല. ഈ വസ്തു കണ്ടുപിടിക്കാന്‍ അടുത്ത സമരം ഞാന്‍ നടത്തണം അല്ലെങ്കില്‍ വീണ്ടും ഞാന്‍ കോടതിയില്‍ പോകണം.

പിന്നീട് ഞാന്‍ വെച്ച വിവരാവകാശ രേഖകള്‍ക്കെല്ലാം തൃശൂര്‍ ഹെഢാഫീസില്‍ നിന്നും കോട്ടയം റീജിയണല്‍ ഓഫീസില്‍ നിന്നും അവര്‍ പറയുന്ന മറുപടി ഞങ്ങള്‍ക്ക് രേഖകള്‍ ഇല്ല അതാത് ബ്രാഞ്ചില്‍ പോയി പാസ്ബുക്ക് പരിശോധിക്കണം എന്നാണ്.

മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട് കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിച്ചു എന്ന്... നാട്ടില്‍ ഒരു സ്ഥാപനം തുടങ്ങി അനവധി പേര്‍ക്ക് തൊഴില്‍ കൊടുക്കുകയും എന്റെ ഉപജീവനമാര്‍ഗം ആക്കി മാറ്റി ഇവിടെ തന്നെ ജീവിക്കുകയും ചെയ്യാമെന്ന എന്റെ മോഹത്തിനെയാണ് ഇതുപോലുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ മൂലം നിസ്സഹായ അവസ്ഥയില്‍ കുഴിച്ചുമൂടാന്‍ ഒരുങ്ങുന്നത്.

എഴുപതില്‍പരം ചിട്ടികള്‍ പിടിച്ചതും പിടിക്കാന്‍ ഉള്ളതുമായ, 9 പ്രമാണങ്ങളിലായി അഞ്ച് കോടിയിലധികം വിലയുള്ള വസ്തുക്കള്‍ ഈടായി നല്‍കിയ ഒരു എന്‍ആര്‍ഐ പ്രീമിയം കസ്റ്റമര്‍ ആയ എന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരന്‍ ഗവണ്‍മെന്റിന്റെ സ്ഥാപനം ആണല്ലോ ഇത് എന്ന് വിശ്വസിച്ച് ഇവരുടെ ചിട്ടി ചേര്‍ന്നാല്‍ ഉള്ള അവസ്ഥ എന്താണെന്ന്..

ഇതറിഞ്ഞ് ഒരുപാട് പേര്‍ എന്നോട് ബന്ധപ്പെടുകയുണ്ടായി.. സമാന അനുഭവവും അതില്‍ കൂടുതലും നേരിട്ടവരാണ് അവരൊക്കെ... പരാതികള്‍ പരിഹരിച്ച് തീര്‍പ്പുണ്ടാക്കുന്നതിനു പകരം ഇപ്പോള്‍ എന്റെ ഭൂമികളില്‍ മേല്‍ ഇവര്‍ റവന്യൂ റിക്കവറിക്ക് കൂടി ഉത്തരവായിരിക്കുകയാണ്. നിയമനടപടികളുമായി ഞാന്‍ എത്രകാലമാണ് ഇതിന്റെ പുറകെ നടക്കേണ്ടത്...?

കെ.എസ്.എഫ്.ഇ. എന്ന ഒറ്റ സംരംഭം എന്നെ കോടികളുടെ കടക്കാരന്‍ ആക്കിയിരിക്കുകയാണ്. ആത്മഹത്യാ മുനമ്പില്‍ തന്നെയാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്... നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്ന പ്രവണത എന്തെങ്കിലും ഒരു കാര്യം ശ്രദ്ധയില്‍പ്പെടണം എങ്കില്‍ ഒരു ആത്മഹത്യ സംഭവിക്കണം എന്നതാണ്... ഞാനും അങ്ങനെ ഒരു ഇരയാവണം എന്നാണോ കെ.എസ്.എഫ്.ഇ. പറയുന്നത്?

ഒരു സാധാരണക്കാരന്‍ എന്ത് വിശ്വസിച്ചാണ് കെ.എസ്.എഫ്.ഇ.യില്‍ ഒരു ചിട്ടി കൂടുന്നത്? ഞാന്‍ എന്റെ വിലപ്പെട്ട മൂന്നു വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയാണ് ബിസിനസുകള്‍ ചെയ്തത്. നിലവില്‍ 92 ലക്ഷം രൂപയുടെ ചിട്ടികള്‍ എനിക്ക് കെ.എസ്.എഫ്.ഇ.യില്‍ പിടച്ച് കിടപ്പുണ്ട്. ആ തുക എനിക്ക് കൈപ്പറ്റാന്‍ സാധിച്ചിട്ടില്ല. വീണ്ടും എനിക്ക് രണ്ട് കോടിയോളം രൂപയുടെ ചിട്ടികള്‍ പിടിക്കാന്‍ ഉണ്ടായിരുന്നു.

എന്റെ ബിസിനസുകള്‍ വിപുലപ്പെടുത്താന്‍ മുടക്കേണ്ടിയിരുന്ന ഈ തുകകള്‍ കിട്ടാതെ വന്നതുകൊണ്ട് എനിക്ക് ബിസിനസ്സില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി. ഞാന്‍ തുടങ്ങിയ പല ബിസിനസ്സുകളും അടച്ചു പൂട്ടേണ്ടതായി വന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ഞാന്‍ ഒരു നടപ്പ് സമരം ആരംഭിക്കുകയാണ്. ഈ സമരം മറ്റുള്ളവര്‍ കൂടി ഏറ്റെടുത്ത് ഇതൊരു നീതി നിഷേധത്തിന് എതിരെയുള്ള പ്രതിഷേധമായി കണക്കാക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വസ്തുത കോട്ടയം ജില്ലയിലെ 8 ഷാപ്പുകള്‍ കൂടി തികച്ചും ഇക്കോ ഫ്രണ്ട്ലി ആയും ഒട്ടനവധി തൊഴില്‍ സംരംഭകത്വവും മുന്നില്‍ കണ്ടുകൊണ്ട് ഏറ്റെടുക്കുകയുണ്ടായി എന്നാല്‍ പ്രസ്തുത സംരംഭങ്ങള്‍ ഈ ഫണ്ടുകള്‍ ബ്ലോക്ക് ആയതോടുകൂടി നിര്‍ത്തിവയ്ക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ് ഉണ്ടായത്. ഇതിലൂടെ ജോര്‍ജ് വര്‍ഗീസ് എന്ന എനിക്ക് മാത്രമാണോ നഷ്ടം...?

ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ തൊഴിലില്ലായ്മ മൂലം അന്യരാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് തുടങ്ങുന്ന ഏത് സംരംഭവും അടച്ചുപൂട്ടിക്കുവാന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തുനിഞ്ഞിറങ്ങുന്നത് എന്ന് പറയാതെ വയ്യ.

കെ.എസ്.എഫ്.ഇ. മൂലം എനിക്കുണ്ടായ നഷ്ടങ്ങള്‍

1) എന്റെ വിലപ്പെട്ട ഇന്ത്യയിലെ 3 വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി. നിലവിലുള്ള എന്റെ റെസ്റ്റോറന്റിന്റെ പണി പൂര്‍ത്തിയാക്കാന്‍ പറ്റിയിട്ടില്ല. എന്റെ പെന്‍ഷന്‍ സേവിംഗ്സില്‍ ഉണ്ടായിരുന്ന 12 ലക്ഷവും കൂടി പിന്‍വലിച്ചിട്ടാണ് ഈയിടയ്ക്ക് ബാക്കി പണികള്‍ എനിക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. ഇനിയും എ.സി. റൂമിന്റേയും ഹട്ടുകളുടെയും കോണ്‍ഫറന്‍സ് ഹാളിന്റെയും 1500 സ്‌ക്വയര്‍ ഫീറ്റിലുള്ള മഡ് ഹൗസിന്റെയും പണികള്‍ പൂര്‍ത്തീകരിക്കാനുണ്ട്.

2) തണ്ണീര്‍മുക്കത്ത് കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ 30 സെന്റ് വസ്തു ജീവനുള്ള കായല്‍ മീനുകള്‍ പാചകം ചെയ്തുകൊടുക്കുന്ന റെസ്റ്റോറന്റ് തുടങ്ങുവാന്‍ പാട്ടത്തിനെടുത്ത് സ്ഥലം ഒന്നര വര്‍ഷമായി നിര്‍മ്മാണം മുടങ്ങി കിടക്കുന്നു.

3) സെന്‍ട്രല്‍ കിച്ചണ്‍ തുടങ്ങുവാന്‍ 40 സെന്റ് സ്ഥലം അഡ്വാന്‍സ് കൊടുത്തത് തിരിച്ചുവാങ്ങി കച്ചവടം വേണ്ടാ എന്ന് വച്ചു.

4) 7 റ്റോഡി ഷോപ്പുകള്‍ 6 മാസം നടത്തിയതിനുശേഷം നടത്തിപ്പ് അവസാനിപ്പിച്ചു.

5) ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡില്‍ ചെറുവാണ്ടൂരിലും, എം. സി. റോഡില്‍ നാട്ടകം ബോര്‍മ്മ കവലയിലും സ്വന്തമായുള്ള കെട്ടിടങ്ങളില്‍ നിര്‍മ്മാണം തുടങ്ങാനാവാന്‍ സാധിച്ചിട്ടില്ല.

6) ടോം ജോര്‍ജ്ജിന്റെ കിടങ്ങൂരിലുള്ള ശര്‍ക്കര പ്രൊഡക്ഷന്‍ യൂണിറ്റ് നിര്‍ത്തി.

7) അപ്പര്‍ കുട്ടനാടിലെ സ്വന്തമായും സഹോദരങ്ങളുടെ പേരിലും പാട്ടത്തിനെടുത്തതുമായ 25-ഓളം ഏക്കര്‍ ഭൂമിയില്‍ കൃത്യമായി കൃഷി നടത്തുവാന്‍ സാധിക്കുന്നില്ല. പല ഭൂമികളും ഇപ്പോഴും തരിശായി കിടക്കുന്നു. ആറുമാനൂര്‍ ഭാഗത്ത് ഏതാണ്ട് 10 ഏക്കറോളം കരിമ്പു കൃഷി ഉണ്ടായിരുന്നത് പരിപാലിക്കാന്‍ സാധിക്കുന്നില്ല. പലതിനും പാട്ടം കൊടുക്കാന്‍ സാധിക്കുന്നില്ല. വാഴക്കൃഷികളും മറ്റു കൃഷികളും പരിപാലിക്കാന്‍ സാധിക്കുന്നില്ല. കൃഷി ഭൂമികള്‍ ഈടു നല്‍കി എടുത്തിരിക്കുന്ന കാര്‍ഷിക ലോണുകളും മറ്റു കൃഷി വായ്പകളും യഥാസമയം തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ജപ്തി നടപടികള്‍ നേരിടുന്നു. നഷ്ടം കോടികളാണ്. കൂടാതെ മാനസിക വിഷമവും.


നടപ്പ് സമരം

ലോകത്തിന് പുതിയ ഒരു സമര രീതി ഞാന്‍ പരിചയപ്പെടുത്തുകയാണ്. ആഴ്ചയില്‍ 5 ദിവസം 1 മണിക്കൂര്‍ വീതം പ്രതിഷേധ സൂചകമായി ഞാന്‍ നടക്കും. കേരളത്തിലുള്ളപ്പോള്‍ ഏതെങ്കിലും കെ.എസ്.എഫ്.ഇ. ബ്രാഞ്ചിന്റെ മുന്‍പിലും വിദേശത്ത് പോകുമ്പോള്‍ സമരത്തിന്റെ വിവരങ്ങളെഴുതിയ ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച് (എന്റെ ടെന്‍ഷന്‍ കുറയ്ക്കാനും ആരോഗ്യം നന്നാക്കാനും ഈ സമരം എനിക്ക് ഉപകാരപ്പെടും. സമരം മൂലം ലാഭം മാത്രം).

ഞാന്‍ തുടങ്ങാന്‍ ആലോചിക്കുന്ന സമരമാര്‍ഗ്ഗങ്ങള്‍ : എന്റെ ഇപ്പോഴത്തെ കടബാദ്ധ്യതകള്‍ പരിഹരിക്കുവാന്‍ കെ.എസ്.എഫ്.ഇ.ക്ക് ഞാന്‍ ഈടു നല്‍കാത്ത 75 ലക്ഷം രൂപ വിലയുള്ള എന്റെ വീടും 4 ഏക്കറോളം നിലങ്ങളും ഞാന്‍ 1000 രൂപ മൂല്യമുള്ള കൂപ്പണടിച്ച് ലോട്ടറിയായി നല്‍കും. ഞാന്‍ അയര്‍ലണ്ടില്‍ പണിയെടുക്കുന്നിടത്തോളം കാലം എല്ലാ മാസവും 5 പേര്‍ക്ക് 5000 രൂപ വെച്ച് 25000 രൂപായും നല്‍കും. ഈ കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തുവാന്‍ തിരഞ്ഞെടുക്കുന്ന 20 പേരെ 5 ദിവസത്തെ 'പട്ടായി ടൂര്‍' നല്‍കി വിദേശത്ത് വച്ച് ഈ നറുക്കെടുപ്പ് നടത്തും. കെ.എസ്.എഫ്.ഇ.യില്‍ നിന്നും നഷ്ടപരിഹാരം വാങ്ങാന്‍ കേസ് നടത്തി നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അവരുടെ മുടക്കുമുതല്‍ തിരിച്ചുനല്‍കും. കെ.എസ്.എഫ്.ഇ.യില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നില്ലെങ്കില്‍ ഞാന്‍ മരിക്കുമ്പോള്‍ എന്റെ ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും ഈ പണം തിരിച്ച് നല്‍കും.

നഷ്ടപരിഹാര കേസ്

കെ.എസ്.എഫ്.ഇ.യുടെ തെറ്റുകൊണ്ടുണ്ടായ എന്റെ നഷ്ടങ്ങള്‍ ഈടാക്കാന്‍ ഞാന്‍ ബഹു. ഹൈക്കോടതിയില്‍ നിന്നും കമ്മീഷനെ നിയോഗിക്കാന്‍ കേസ് നല്‍കി നഷ്ടം തിട്ടപ്പെടുത്തും. ഇന്ത്യയില്‍ ആദ്യമായി മാനസിക സ്ട്രെസ്സിന് കേസ് നല്‍കും. ലോക രാജ്യങ്ങളിലെല്ലാം മാനസിക സ്ട്രെസ്സിന് നമുക്ക് നഷ്ട പരിഹാരം ലഭിക്കും.

Similar News