ഗോപന്‍ സ്വാമിയുടെ മരണത്തില്‍ വീട്ടുകാരുടെ മൊഴികളില്‍ വൈരുദ്ധ്യം; വീണ്ടും ചോദ്യം ചെയ്യും; യഥാര്‍ഥ മരണകാരണം വ്യക്തമാവുക രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രം; സമാധി സ്ഥലത്ത് വച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നോ എന്നും സംശയം
ഗോപന്‍ സ്വാമിയുടെ മരണത്തില്‍ വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണത്തില്‍ വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്യും. കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സിഐ വ്യക്തമാക്കുന്നു. ഗോപന്‍ സ്വാമിയുടെ മരണകാരണം വ്യക്തമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാസപരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മരണസമയം കൃത്യമായി അറിയാന്‍ രാസപരിശോധനാ ഫലം വരണം. ഫലം കിട്ടാന്‍ ദിവസങ്ങളെടുക്കും. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. ശ്വാസകോശത്തില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനാ ഫലം വരണം. സമാധി സ്ഥലത്തുവച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. മരണം സ്വാഭാവികമാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഗോപന്‍ സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. സംസ്‌കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ഇന്ന് രാവിലെയാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റ്മോര്‍ട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാല്‍ ഫോറന്‍സിക് സര്‍ജന്‍ അടക്കമുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അഴുകിയിട്ടില്ലാത്തതിനാല്‍ ഫോറന്‍സിക് സംഘം മടങ്ങി. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു.