അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ മിന്നലാക്രമണം; ഭീകരവാദ സംഘങ്ങളെ ലക്ഷ്യമിട്ട് ആക്രമിച്ച് ജനവാസ കേന്ദ്രങ്ങളില്‍; നിരവധി പേര്‍ കൊല്ലപ്പെട്ടു; ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് അവകാശവാദം; കൊല്ലപ്പെട്ടത് സാധാരണക്കാരായ 17 പേരെന്ന് അഫ്ഗാന്‍; അപലപിച്ച് അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം

Update: 2026-02-22 05:01 GMT

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ മിന്നലാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി അത്തൗല്ല തരാര്‍ എക്‌സില്‍ കുറിച്ചു. പാക് ആക്രമണത്തില്‍ സാധാരണക്കാരായ 17 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനില്‍ അടുത്തിടെ നടന്ന ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ, അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെയാണ് ലക്ഷ്യമിട്ടത്. അതിര്‍ത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലാണ് പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. നിരവധിപേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ പാക് സൈന്യം, ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയെന്ന് പാക് മന്ത്രി പറഞ്ഞു. എന്നാല്‍ എവിടെയാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്ന കാര്യം പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തതെന്നാണ് പാക്കിസ്ഥാന്‍ വാര്‍ത്താവിതരണ മന്ത്രി അത്താവുള്ള തരാറിന്റെ വെളിപ്പെടുത്തല്‍. 'രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഏഴ് പാക് താലിബാന്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ടിടിപിയുടെയും അനുബന്ധ സംഘടനകളുടെയും താവളങ്ങള്‍ക്ക് പുറമെ ഐഎസ് അനുഭാവികളുടെ താവളവും ആക്രമിച്ചെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. എന്നാല്‍ അതിര്‍ത്തിയിലെ ഏതൊക്കെ സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫിത്‌ന അല്‍ ഖവറിജ്, ദയിഷ് ഖൊറേസാന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാധാരണക്കാര്‍ക്കിടയിലേക്കാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാന്‍ പറഞ്ഞു. പക്തിക പ്രവിശ്യ, നാങ്കഹാര്‍ തുടങ്ങിയിടങ്ങളിലെ മതപഠന ശാലയിലും സാധാരണക്കാര്‍ താമസിക്കുന്നിടത്തുമാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം പലര്‍ക്കും പരിക്കേറ്റു. അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം പാക് ആക്രമണത്തെ അപലപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ എവിടെയും ആക്രമണമുണ്ടായതായി താലിബാന്‍ ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബെര്‍മല്‍ ജില്ലയിലുള്ള മതപഠന കേന്ദ്രത്തിന് നേരെ പാക് വ്യോമാക്രമണം ഉണ്ടായെന്നാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ ഖോഗ്യനി ജില്ലയിലും പലതവണ വ്യോമാക്രമണം ഉണ്ടായെന്നും പക്തികയിലെ അര്‍ഗുന്‍, നന്‍ഗര്‍ഹറിലെ ബസൂദ്, ഘനി ഖേല്‍ എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടുത്തിടെ ഉണ്ടായ ചാവേറാക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭികരവാദ സംഘടനകളാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം അടുത്തിടെ സൗദിയുടെ മധ്യസ്ഥതയില്‍ അയവുവന്നിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ വിട്ടയച്ചിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും പാക്കിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിരിക്കുന്നത്.

ഇസ്ലാമാബാദിലെ പള്ളിയില്‍ അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ ഐഎസ് ആണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. 160ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പാക്കിസ്ഥാനില്‍ 2008ന് ശേഷം നടന്ന ഏറ്റവും ശക്തമായ ഭീകരമാക്രമണമായിരുന്നു ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റമസാന്‍ മാസാരംഭത്തിന് തൊട്ടുമുന്‍പ് ഇസ്‌ലമാബാദിലും ബജൗറിലും ബന്നുവിലുമുണ്ടായ ചവേറാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് പാക് വിശദീകരണം.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ബജൗറിലെ സെക്യൂരിറ്റി പോസ്റ്റിലേക്ക് ഇടിച്ച് കയറ്റി നടത്തിയ ചാവേര്‍ ആക്രമണത്തില്‍11 സൈനികരും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനി പൗരനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പിന്നീട് കണ്ടെത്തിയത്. ഈ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മാത്രം മുന്‍പ് ബന്നുവിലെ സൈനിക സുരക്ഷാവ്യൂഹത്തെ ലക്ഷ്യമിട്ടും ചാവേര്‍ ആക്രമണം നടന്നു. ഇതില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തി കടന്നുള്ള ഇത്തരം ഭീകരാവാദം കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ ഇതിനോട് പ്രതികരിച്ചത്. പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

പ്രദേശത്ത് സമാധാനം പുലരുന്നതിനായി പാക്കിസ്ഥാന്‍ എപ്പോഴും പ്രയത്‌നിക്കുമെന്നും എന്നാല്‍ പാക് പൗരന്‍മാരുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമായിരുന്നു മന്ത്രി തരാറിന്റെ വാക്കുകള്‍. ഇസ്‌ലമാബാദില്‍ ഈ മാസം ആദ്യമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 31 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News