സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; മോഷ്ടാക്കള്‍ പതിനൊന്നാം നിലയിലെത്തിയത് ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെ; വീടിനുള്ളിലെ അസ്വാഭാവിക ശബ്ദം കേട്ടെത്തിയ സെയ്ഫിന് കുത്തേറ്റത് മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ; ആക്രമണം കണ്ട് ഭയന്നു നില്‍ക്കുന്ന കരീനയുടെ ദൃശ്യവും സിസിടിവിയില്‍; അന്വേഷണം ഊര്‍ജിതമാക്കി ബാന്ദ്ര പൊലീസ്
സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന് സ്വവസതിയില്‍ കുത്തേറ്റത് മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെയെന്ന് ബാന്ദ്ര പൊലീസ്. മോഷണശ്രമമാണ് ആക്രമണത്തിന് പിന്നിലെന്ന് മുംബൈ പോലീസിന്റെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദീക്ഷിത് ഗെദാം പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ പിടികൂടാന്‍ പത്ത് സംഘങ്ങളായി തിരഞ്ഞാണ് ബാന്ദ്ര പൊലീസിന്റെ അന്വേഷണം . ഫയര്‍ എസ്‌കേപ്പ് ഗോവണി കയറിതന്നെയാണ് മോഷ്ടാക്കള്‍ പതിനൊന്നാം നിലയിലെത്തിയതെന്നും ആക്രമണത്തിന് പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്കായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി. സെയ്ഫിന്റെ ഹൗസിങ് സൊസൈറ്റിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ തൊഴിലാളികളെയും ചോദ്യം ചെയ്യാനാണ് മുംബൈ പോലീസിന്റെ തീരുമാനം. ഹൗസിങ് സൊസൈറ്റിയിലേക്ക് അനധികൃതമായി ആരും കയറുന്നതായി കണ്ടിട്ടില്ലെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് പോലീസിനെ അറിയിച്ചത്. വീട്ടിലെ സഹായിയാണോ അക്രമിക്ക് വീടിനുള്ളില്‍ കയറിപ്പറ്റാനുള്ള സഹായം നല്‍കിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ സംഭവം നടക്കുന്നത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് കുട്ടികളെ നോക്കുന്ന സ്ത്രീ ആദ്യം ഉണര്‍ന്നു. കള്ളന്‍ കുട്ടികളുടെ മുറിയില്‍ കയറിയതായി വീട്ടിലെ സഹായികളിലൊരാള്‍ മുന്നറിയിപ്പ് നല്‍കിയതോടെ സെയ്ഫ് അലിഖാനും എഴുന്നേറ്റ് കുട്ടികളുടെ മുറിയിലേക്ക് എത്തി.തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സെയ്ഫിന് ആറ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച സഹായിയെ അഡ്മിറ്റ് ആക്കിയെങ്കിലും പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പിന്നാലെ വിട്ടയച്ചു.
മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിന് ആറ് കുത്തേറ്റു. ഇതില്‍ രണ്ടെണ്ണം ആഴമേറിയതും രണ്ടെണ്ണം സാരമില്ലാത്തതും രണ്ടെണ്ണം ഇടത്തരം മുറിവുമായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതോടെ താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തുവെന്ന് ലീലാവതി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് സെയ്ഫ്.
വീട്ടില്‍ നടന്ന മോഷണശ്രമത്തിനിടയില്‍ ബോളിവുഡ് നടന്‍ സെയിഫ് അലി ഖാന് കുത്തേല്‍ക്കുന്നതിന്റെ സിസിടിവി വീഡിയോ പുറത്തുവന്നിരുന്നു. ഒന്നിലധികം തവണ താരത്തിന് കുത്തേറ്റതായി ദൃശ്യങ്ങളില്‍ കാണാം. സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ ബാന്ദ്രയിലെ വീടിന് പുറത്തേക്ക് ഓടി വരുന്നതും ജീവനക്കാരുമായി സംസാരിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കരീന നല്ല രീതിയില്‍ ഭയന്നിട്ടുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു. തന്റെ ഫോണില്‍ കരീന പരതുന്നതും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് നടന്‍ ആക്രമിക്കപ്പെട്ടത്. കുട്ടികളുടെ മുന്നിലിട്ടായിരുന്നു താരത്തെ മോഷ്ടാക്കള്‍ കുത്തി പരുക്കേല്‍പ്പിച്ചത്.
താരത്തിന് ആറ് തവണയാണ് കുത്തേറ്റത്. അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്.ഇവ കഴുത്തിലും നട്ടെല്ലിനോട് ചേര്‍ന്നുമാണ്. സെയിഫ് അലി ഖാനെ ന്യൂറോ സര്‍ജറിക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ താരത്തെ കോസ്‌മെറ്റിക് സര്‍ജറിക്ക് വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വീട്ടില്‍ മേഷണശ്രമം നടന്നതായും കുടുംബത്തിലെ മറ്റുള്ളവര്‍ സുഖമായിരിക്കുന്നുവെന്ന് കരീന കപൂര്‍ അറിയിച്ചു.
അതേസമയം സെയ്ഫിന്റെ വീട്ടിലെ ജീവനക്കാരില്‍ ഒരാളുടെ ബന്ധുവാണ് മോഷ്ടാവെന്ന വിവരവും പുറത്തുവന്നു. നടന്റെ അഞ്ച് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ പിടികൂടാനായിട്ടില്ലെന്നും ഉടന്‍ അതിന് കഴിയുമെന്നും പോലീസ് അറിയിച്ചു.
ബാന്ദ്ര പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സെയിഫ് അലി ഖാനെ കൂടാതെ അദ്ദേഹത്തിന്റെ ജീവനക്കാരിയായ ഒരു വനിതയ്ക്കും പരുക്കേറ്റതായി പോലീസ് അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ആക്രമത്തില്‍ പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മകന്‍ ഇബ്രാഹിം അലി ഖാന്‍ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സെയ്ഫ് ആക്രമിക്കപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയതാണ് 23-കാരനായ ഇബ്രാഹിം. അപകടം നടന്ന സമയത്ത് മുറിവേറ്റ സെയ്ഫിനെ കാറില്‍ ആശുപത്രിയിലെത്തിക്കാന്‍ വീട്ടില്‍ ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ സമയം ഒട്ടും കളയാതെയിരിക്കാന്‍ സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സെയ്ഫിന്റെ ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരമാണ് ലീലാവതി ആശുപത്രിയിലേക്ക്. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ ഓട്ടോറിക്ഷയ്ക്ക് സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പുള്ള സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ആക്രമണം നടക്കുന്നതിന് മുമ്പ് സെയ്ഫും കരീനയും സുഹൃത്തുക്കളോടൊപ്പം ഡിന്നറില്‍ പങ്കെടുത്തിരുന്നു. 2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.