അല്ലു അര്‍ജുന്റെ 'പുഷ്പ 2' കാണാനെത്തി തിക്കിലും തിരക്കിലും പെട്ട അമ്മയും മകനും; അമ്മയുടെ മരണത്തിന് പിന്നാലെ ഒന്‍പതു വയസ്സുകാരന് മസ്തിഷ്‌ക മരണം; അല്ലുവിന്റെ അറസ്റ്റും ജാമ്യവും വിവാദമാകുന്നതിനിടെ മറ്റൊരു ദുഖവാര്‍ത്ത; ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ആശുപത്രി
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഈ കേസിലായിരുന്നു അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് പുതിയ വിവരം പുറത്തു വരുന്നത്. പ്രീമിയറില്‍ പങ്കെടുക്കാന്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന തുടങ്ങിയവര്‍ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പോലീസ് ആരോപണം.
രേവതി, ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ് സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന്‍ തേജും ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് ദുര്‍ഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി ഇടയ്‌ക്കൊന്ന മെച്ചപ്പെട്ടിരുന്നു.
സംഭവത്തില്‍ അല്ലു അര്‍ജുനെതിരേ കേസെടുക്കുകയും നടന്‍ അറസ്റ്റിലാവുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
ദില്‍സുഖ് നഗര്‍ സ്വദേശിയായ രേവതി തന്റെ ഭര്‍ത്താവ് ഭാസ്‌കറിനും അവരുടെ രണ്ട് മക്കളായ ശ്രീ തേജ്, സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പമാണ് സിനിമാ പ്രീമിയറിന് എത്തിയിരുന്നത്. അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ ജനക്കൂട്ടം കുതിച്ചുയര്‍ന്നതോടെ തിക്കിലും തിരക്കിലും പെടുകയായിരുന്നു. സിനിമയിലെ പ്രധാന താരങ്ങള്‍ തിയറ്ററിലെത്തുമെന്ന പ്രതീക്ഷയിലും സിനിമ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നതായി പോലീസ് പറഞ്ഞു.
'' തിയേറ്റര്‍ സന്ദര്‍ശിക്കുമെന്ന് തിയേറ്റര്‍ മാനേജ്മെന്റിന്റെയോ അഭിനേതാക്കളുടെ ടീമിന്റെയോ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. തിയേറ്റര്‍ മാനേജ്മെന്റ് തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷ സംബന്ധിച്ച് അധിക വ്യവസ്ഥകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. തിയേറ്റര്‍ മാനേജ്മെന്റിന് അവരുടെ വരവിനെക്കുറിച്ച് വിവരമുണ്ടെങ്കിലും അഭിനേതാക്കളുടെ ടീമിന് പ്രത്യേക പ്രവേശനമോ എക്‌സിറ്റോ ഉണ്ടായിരുന്നില്ല,'' ഹൈദരാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. അല്ലു അര്‍ജുന്‍ തന്റെ സ്വകാര്യ സുരക്ഷയോടെയാണ് സിനിമാ തിയേറ്ററില്‍ എത്തിയതെന്നും അവിടെ കൂടിയിരുന്നവരെല്ലാം അദ്ദേഹത്തോടൊപ്പം തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അല്ലു അര്‍ജുന്റെ വ്യക്തിഗത സുരക്ഷാ ടീം പൊതുജനങ്ങളെ തള്ളിവിടാന്‍ തുടങ്ങി, ഇത് തിയേറ്ററില്‍ ഇതിനകം തന്നെ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. ഈ സാഹചര്യം മുതലെടുത്ത് നടനും അദ്ദേഹത്തിന്റെ സെക്യൂരിറ്റി സംഘത്തിനുമൊപ്പം താഴത്തെ ബാല്‍ക്കണി ഏരിയയിലേക്ക് നിരവധി ആളുകള്‍ പ്രവേശിച്ചു. ഇതില്‍ രേവതിയും മകനും ജനപ്രവാഹം കാരണം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ബഹളത്തിനിടെ ബോധരഹിതരായ രേവതിയെയും മകനെയും വിദ്യാനഗറിലെ ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്തിയപ്പോഴേക്കും രേവതി മരിച്ചതായി സ്ഥിരീകരിച്ചു, ശ്രീ തേജിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് ബേഗംപേട്ടിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.