'സ്ത്രീയെന്ന പരിഗണന നല്‍കിയില്ല; ഉച്ചത്തില്‍ ആക്രോശിച്ചു; മോശമായി പെരുമാറി'; രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി വനിതാ എം.പി; പരിശോധിക്കുമെന്ന് ധന്‍കര്‍; അപമാനിക്കാനുള്ള നീക്കമെന്ന് പ്രിയങ്ക
രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി എംപി ഫോങ്നോന്‍ കോന്യാക്. പ്രതിഷേധങ്ങള്‍ക്കിടെ തന്റെ വളരെ അടുത്തുവന്ന് ആക്രോശിച്ചെന്നും സ്ത്രീയെന്ന പരിഗണന നല്‍കാതെ അടുത്തുനിന്നുവെന്നും അത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
കൈയില്‍ പ്ലക്കാര്‍ഡേന്തി കോണിപ്പടിക്ക് സമീപം നല്‍ക്കുമ്പോഴാണ് മോശം അനുഭവമുണ്ടായതെന്ന് ബിജെപി എം പി പരാതിയില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി എംപിമാര്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കി. അതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും തന്റെയടുത്ത് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹം വളരെ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് തന്നോട് മോശമായ രീതിയില്‍ പെരുമാറി.
സ്ത്രീയെന്ന പരിഗണന നല്‍കാതെ തന്റെ വളരെ അടുത്തുവന്നാണ് അദ്ദേഹം നിന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. പാര്‍ലമെന്റിലെ മറ്റൊരംഗവും തന്നോട് ഇത്തരത്തില്‍ പെരുമാറുമെന്ന് കരുതുന്നില്ലെന്നും ബിജെപി എം.പി ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഇന്ന് നടന്നത് വളരെ ദുഃഖകരമായ സംഭവമാണെന്നും സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തന്റെ ഭീഷണിപ്പെടുത്തിയ രീതി ശരിയായില്ല. പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി രാജ്യസഭയില്‍ പറഞ്ഞത് വന്‍ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി.
രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് ഫോങ്നോന്‍ കോന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫോങ്നോന്‍ കോന്യാക് പറഞ്ഞു. ഒരു എംപിയും ഇങ്ങനെ പെരുമാറരുതെന്നും കൊന്യാക് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു.
രാജ്യസഭ എംപിമാര്‍ക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധന്‍കര്‍ ഉറപ്പ് നല്‍കി. ബിജെപിയുടെ വനിതാ എം പിയേയും രാഹുല്‍ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. വനിതാ എം പി കണ്ണീരോടെ കാര്യങ്ങള്‍ വിശദീകരിച്ചെന്ന് ധന്‍കര്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം നാല് മണിക്ക് നടക്കും. എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം.
ആഭ്യന്തരമന്ത്രി അമിത് ഷാ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ലോക്‌സഭ നാളെ വരേയ്ക്ക് പിരിഞ്ഞു. അദ്ധ്യക്ഷ ഡയസില്‍ കയറി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. രാജ്യസഭയും ഇന്ന് ബഹള മയമായി. രാവിലത്തെ അക്രമസംഭവങ്ങളാണ് ഭരണപക്ഷം ഉയര്‍ത്തിയത്.
പാര്‍ലമെന്റ് കവാടത്തില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയെന്ന് ബിജെപി ആരോപിച്ചു. പരിക്കേറ്റെന്ന് പറയുന്ന ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാഹുലിനെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ബിജെപി എംപിമാര്‍ തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിട്ടുണ്ട്. 'ബിജെപി എംപിമാര്‍ തന്നെ തള്ളി. താന്‍ നിലത്തുവീണു. ശസ്ത്രക്രിയയ്ക്ക് വിധേയമായ എന്റെ കാല്‍മുട്ടുകള്‍ക്ക് ഇത് പരിക്ക് വരുത്തി' ഖാര്‍ഗെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ കൈയേറ്റത്തില്‍ ബിജെപി എംപിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജ്ജു ആരോപിച്ചു. 'ഏത് നിയമപ്രകാരമാണ് മറ്റ് എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ അദ്ദേഹത്തിന് അധികാരമുള്ളത്?, നിങ്ങള്‍ മറ്റ് എംപിമാരെ തോല്‍പ്പിക്കാന്‍ കരാട്ടെയും കുങ്ഫുവും പഠിച്ചിട്ടുണ്ടോ?' രാഹുലിനെ പരിഹസിച്ചുകൊണ്ട് റിജിജ്ജു ചോദിച്ചു.
ചൊവ്വാഴ്ച രാജ്യസഭയിലെ ചര്‍ച്ചയില്‍ നടത്തിയ അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബിജെപി എംപിമാര്‍ ഈ കവാടത്തിലൂടെ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു.
കോണിപ്പടിക്ക് സമീപം നില്‍ക്കുകയായിരുന്ന തന്റെമേലേക്ക് രാഹുല്‍ മറ്റൊരു എംപിയെ തള്ളിയിടുകയായിരുന്നുവെന്ന് പ്രതാപ് സാരംഗി പറഞ്ഞു. എന്നാല്‍ ബിജെപി എംപിമാരാണ് തന്നെ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 'ഞാന്‍ പാര്‍ലമെന്റിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു, ബിജെപി എംപിമാര്‍ എന്നെ തടയാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഞങ്ങള്‍ക്ക് പാര്‍ലമെന്റിനകത്തേക്ക് കയറാന്‍ അവകാശമുണ്ട്' രാഹുല്‍ പറഞ്ഞു.