പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍; ജയിലിന് മുന്നിലെത്തി പ്രതികളെ നേരിട്ടുകണ്ട് പി. ജയരാജന്‍; മാധ്യമങ്ങള്‍ക്ക് വിമര്‍ശനം; തടവറ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും പ്രതികരണം

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു

Update: 2025-01-05 11:23 GMT

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം. നേതാവും മുന്‍ ഉദുമ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള ഒമ്പതു പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താംപ്രതിയെയുമാണ് ഞായറാഴ്ച വൈകിട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍മാറ്റം. 


വിയ്യൂരില്‍നിന്ന് പീതാംബരന്‍ ഉള്‍പ്പെടെ 9 പേരെ എത്തിച്ച് ഏതാണ്ട് ഒരു മണിക്കൂറിനു ശേഷമാണ് കാക്കനാട് ജയിലില്‍നിന്ന് ബാക്കിയുള്ള പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കണ്ണൂരിലേക്കുള്ള ജയില്‍ മാറ്റം.


സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അഭിവാദ്യം ചെയ്തു. ജയില്‍ ഉപദേശക സമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയത് എന്നാണ് ജയരാജന്‍ പറഞ്ഞത്.

കെ.വി.കുഞ്ഞിരാമന്‍, മണികണ്ഠന്‍ ഉള്‍പ്പെടെ 5 സഖാക്കളെ ജയിലിനുള്ളില്‍ കണ്ടതായി ജയരാജന്‍ പിന്നീട് പറഞ്ഞു. ''അവര്‍ക്ക് ജയിലില്‍ വായിക്കാന്‍ എന്റെ ഒരു പുസ്തകം നല്‍കി. ജയില്‍ ജീവിതം കമ്യൂണിസ്റ്റുകാര്‍ക്ക് വായിക്കാനുള്ളതാണ്. ജയില്‍ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാന്‍ സാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാല്‍ അതിലപ്പുറം ചില ആക്രമണങ്ങള്‍ നടക്കുന്നു.

വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷ വിരുദ്ധ ജ്വരമാണ്. മനുഷ്യാവകാശ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കൊടി സുനിക്ക് പരോള്‍ കിട്ടിയപ്പോള്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചു.'' ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി തള്ളിപ്പറഞ്ഞവരെ കാണാന്‍ ജയിലില്‍ വന്നത് ശരിയാണോ എന്ന ചോദ്യത്തിനു കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ജയരാജന്റെ മറുപടി. 'കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന സ്വന്തം പുസ്തകവുമായാണ് ജയരാജന്‍ ജയിലില്‍ പ്രവേശിച്ചത്


പ്രതികളെ ജയിലിലെത്തിക്കുന്നതിന് തൊട്ടുമുന്‍പ് സി.പി.എം. നേതാവ് പി. ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെത്തി. പ്രതികളെ എത്തിക്കുന്നതിന് പത്തുമിനിറ്റ് മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി അംഗം കൂടിയായ പി.ജയരാജന്‍ ജയിലിന് മുന്നിലെത്തിയത്. 


പെരിയ ഇരട്ടക്കൊലക്കേസില്‍ പത്ത് പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സി.പി.എം. നേതാവും മുന്‍ ഉദുമ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നാലുപ്രതികളെ അഞ്ചുവര്‍ഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ. പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്.

എ. പീതാംബരന്‍, സജി. സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്‍.ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍. ഇവര്‍ക്ക് പുറമേ പത്താംപ്രതി ടി. രഞ്ജിത്തിനെയും 15-ാം പ്രതി എ.സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.

കേസില്‍ ഇനി ഏതുരീതിയില്‍ മുന്നോട്ടുപോകണമെന്നതില്‍ കോണ്‍ഗ്രസും കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവും തീരുമാനമെടുത്തിട്ടില്ല. ഗൂഢാലോചനയും സിപിഎമ്മിന്റെ ഇടപെടലും വേണ്ടപോലെ കണ്ടെത്തിയിട്ടില്ലെന്ന പരാതി കുടുംബത്തിനുണ്ട്. എന്നാല്‍, കൊലക്കുറ്റം ചുമത്തിയ പ്രതികളുടെ ശിക്ഷയില്‍ വലിയ പരാതികളില്ല.

വിട്ടയച്ച 10 പേര്‍, 5 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട 4 പേര്‍, കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പു കൊലവിളി പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.പി.പി.മുസ്തഫ എന്നിവര്‍ക്കെതിരെ തുടരന്വേഷണം ആവശ്യപ്പെടാനാണ് ആലോചിക്കുന്നത്. അന്വേഷണ ഏജന്‍സിയായ സിബിഐ അപ്പീല്‍ നല്‍കുമോ എന്നു വ്യക്തമല്ല.

പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നാല് നേതാക്കളെ കേസില്‍നിന്ന് ഒഴിവാക്കി ജയിലിനു പുറത്തിറക്കാനാണു സിപിഎമ്മിന്റെ ആദ്യനീക്കം. കൊലക്കുറ്റമടക്കം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 10 പ്രതികള്‍ക്ക് ഇളവു നേടിയെടുക്കുക എളുപ്പമല്ലെന്നാണു പാര്‍ട്ടിക്കു ലഭിച്ച നിയമോപദേശം.

എന്നാല്‍, 5 വര്‍ഷം തടവുശിക്ഷ ലഭിച്ച മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, നേതാക്കളായ രാഘവന്‍ വെളുത്തോളി, കെ.വി.ഭാസ്‌കരന്‍ എന്നിവര്‍ക്കു ഹൈക്കോടതിയില്‍നിന്ന് ഇളവു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുക. സ്റ്റേ കിട്ടിയാല്‍ മാത്രമേ ജാമ്യം നേടി പുറത്തിറങ്ങാന്‍ പറ്റൂ.

അതേ സമയം ജയിലില്‍ പോകുന്നതിനു തൊട്ടുമുന്‍പ് കെ.വി.കുഞ്ഞിരാമന്‍ അണികള്‍ക്ക് അയച്ച ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 'ഇനി ഫോണ്‍ സ്വന്തമായി ഉപയോഗിക്കാന്‍ പറ്റില്ല. ഫോണ്‍ കൈമാറുകയാണ്. ആത്മവിശ്വാസം കൈവിടാതിരിക്കുക. രാഷ്ട്രീയപ്രവര്‍ത്തനം പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കകം പുറത്തുവരാമെന്നാണു പ്രതീക്ഷിക്കുന്നത്' എന്നാണു സന്ദേശം.

Tags:    

Similar News